ഹേ!രാമചന്ദ്രാ! പണ്ടൊരുകാലത്തു കൈലാസനാഥനും, ചന്ദ്രകലാലങ്കാരഭൂതനുമായ ഭഗവാന്‍ ശ്രീ പരമേശ്വരന്‍ സുമേരുപര്‍വ്വതത്തിന്റെ ഉദ്ദീപ്തമായ ഒരുകൊടുമുടിയില്‍ തന്റെ ഭൂതഗണങ്ങളുമൊത്തു താമസിച്ചുകൊണ്ടിരിക്കെ ഒരു ദിവസം വിശ്രാന്തവേളയില്‍ ഭൂതശ്രേഷ്ടനായ ഭൃംഗീശ്വരന്‍ ഭഗവാനെ വന്നുവണങ്ങി ഇപ്രകാരം ചോദിച്ചു. സമുദ്രത്തിലെ തിരമാലകളെന്നപോലെ ചഞ്ചലമായ സംസാരാനുഭവങ്ങളില്‍ നിന്നു് തത്വവിശ്രാന്തിയില്ലാത്ത ഞാനെങ്ങനെയാണു് രക്ഷപ്പെട്ടു സുഖിയായിത്തീരുന്നതെന്നു ചോദിച്ചു. ഭഗവാന്‍ മറുപടി പറയാന്‍ തുടങ്ങി. നല്ലവനായ ഭൃഗീശാ! നിന്റെ സംശയം യുക്തിതന്നെ. ആദ്യംതന്നെ തത്വത്തെ അറിഞ്ഞു ചിത്തത്തെ വിശ്രാന്തമാക്കണം. അങ്ങിനെ തത്വവിശ്രാന്തി വന്നവരുടെ നിഷ്ഠകള്‍ പലതാണു്. അതില്‍ ഏതെങ്കിലും ഒരു നിഷ്ഠയെ വരിച്ചു കഴിഞ്ഞുകൂടുന്നപക്ഷം ദുഃഖത്തിന്റെ യാതൊരു ബാധയും നിനക്കേല്‍ക്കേണ്ടിവരില്ല. മഹാകര്‍ത്താവും മഹാഭോക്താവും മഹാത്യാഗിയുമായി കഴിയുന്നുവെങ്കില്‍ നീ എപ്പോഴും സുഖിയും സംതൃപ്തനുമായിരിക്കും. എന്നിങ്ങനെ പറഞ്ഞപ്പോള്‍ എന്താണവ മൂന്നുമെന്ന സംശയത്തെ പ്രകടിപ്പിച്ച ഭൃംഗീശനോടു വീണ്ടും പറയാന്‍ തുടങ്ങി ഭഗവാന്‍.

നല്ലതെന്നോ, ചീത്തയെന്നോ, ധര്‍മ്മമെന്നോ, അധര്‍മ്മമെന്നോ, കര്‍ത്തവ്യമെന്നോ, അകര്‍ത്തവ്യമെന്നോ ഉള്ള യാതൊരു ചിന്തയും കൂടാതെ രാഗദ്വേഷങ്ങളോ, മദമത്സരങ്ങളോ കൂടാതെ സുഖദുഃഖങ്ങളേയോ, പുണ്യപാപങ്ങളെയോ അറിയാതെ അപ്പഴപ്പോള്‍ വന്നുചേരുന്നതിനെ ചെയ്യുന്നതാണു് മഹാകര്‍ത്തൃത്വം. ഒന്നിനെയും അന്വേഷിച്ചുപോവാതെയും വന്നു ചേര്‍ന്ന ഒന്നിനെയും അകറ്റികളയാതെയും, ഒന്നിലും ചിന്തയോ ഉദ്വേഗമോ, സുഖഭാവമോ കൂടാതെയും ആര്‍ വന്നുചേര്‍ന്നതിനെ മാത്രം അപ്പഴപ്പോള്‍ ചെയ്തുതീര്‍ക്കുന്നുവോ, അവന്‍ മഹാകര്‍ത്താവാണു്, അതുപോലെ ഗുണദോഷചിന്തകൂടാതെയും, സുഖദുഃഖങ്ങളില്ലാതെയും, സ്വതവേയുള്ള തൃപ്തിക്കു ഭംഗംവരാതെയും ആര്‍ വന്നു ചേര്‍ന്നതിനെമാത്രം അനുഭവിക്കുന്നുവോ, അവന്‍ മഹാഭോക്താവുമാണു്. സുഖത്തെ അന്വേഷിക്കാതെയും, ദുഃഖത്തെ അകറ്റാതെയും ദൈവഗത്യാ വന്നുചേരുന്നതിനെമാത്രം അനുഭവിച്ചു തൃപ്തിപ്പെടലാണു് മഹാഭോക്താവിന്റെ ലക്ഷണം. അതുപോലെ ഒന്നിനെയും താന്‍ ഇഷ്ടപ്പടുകയോ, വെറുക്കുകയോ, സ്വീകരിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുന്നതു മഹാത്യാഗത്തിന്റെയും ലക്ഷണമാണു്. ഇങ്ങനെ നീ മഹാകര്‍ത്താവും, മഹാഭോക്താവും, മഹാത്യാഗിയുമായികഴിയുന്നുവെങ്കില്‍ സംസാരത്തിന്റെ യാതൊരു ബാധയുമേല്ക്കാതെതന്നെ സംതൃപ്തനും സുഖിയുമായികഴിയ‍ാം എന്നുപദേശിക്കപ്പെട്ട ഭൃംഗീശന്‍ ഏറ്റവും കൃതാര്‍ത്ഥനായി. ഹേ രാമചന്ദ്ര! നീയും അതുപോലെ പറയപ്പെട്ട മൂന്നുസംസ്കാരങ്ങളെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ കൃതകൃത്യനായിത്തീരും.

എന്നിങ്ങനെ പറഞ്ഞവസാനിപ്പിച്ച ഗുരുവരനോടു ശ്രീ രാമചന്ദ്രന്‍ ചോദിക്കയാണ് : ഭഗവാനേ! വാസ്തവത്തില്‍ അഹങ്കാരവും ചിത്തവും രണ്ടല്ല. ചിത്തമില്ലാത്തവന് അഹങ്കാരമോ അഹങ്കാരമില്ലാത്തവനു ചിത്തമോ ഉണ്ടെന്നു പറയാന്‍ വയ്യ. അപ്പോള്‍ അഹങ്കാരം നശിച്ചവനു ചിത്തവും നശിച്ചിട്ടുണ്ടാവണം. എന്നാല്‍ ഭാവങ്ങളെല്ല‍ാം ചിത്തജങ്ങളായതുകൊണ്ടു ചിത്തം നശിച്ചൊരാള്‍ക്കു് എന്തു ഭാവമുണ്ടാവുമെന്നാണു് പറയേണ്ടതു്? ഒരു ഭാവവുമുണ്ടാവുമെന്നു പറയാന്‍ വയ്യ. അപ്പോള്‍ എന്തു ലക്ഷണംകൊണ്ട് അദ്ദേഹത്തെ തിരിച്ചറിയും? വസിഷ്ഠാചാര്യന്‍ മറുപടി പറയാന്‍ തുടങ്ങി: രാമചന്ദ്ര! ശ്രദ്ധവെച്ചു കേള്‍ക്കൂ. ചിത്തമടങ്ങിയ ഒരാളുടെ കാമം, ലോഭം, വ്യസനം, ക്രോധം തുടങ്ങിയ വികാരങ്ങളൊക്കെ കേവലം ഇല്ലാതായിത്തീരും. സമത, തുഷ്ടി, മൈത്രി തുടങ്ങിയ ശാന്തങ്ങളും, ശീതളങ്ങളുമായ ഭാവങ്ങള്‍മാത്രം അയാള്‍ വിടാതെ സ്ഫുരിച്ചുകൊണ്ടിരിക്കും. സുഖദുഃങ്ങളുടെ ചിന്തതന്നെ അദ്ദേഹത്തിലുണ്ടാവില്ലെന്നതിനാല്‍ ലോകത്തിലെ ഏതൊരനുഭവത്തെയും നന്ദിക്കുകയോ, നിന്ദിക്കുകയോ രണ്ടും ചെയ്യില്ല. ശീതളയായ ചന്ദ്രികയില്‍ എത്രമാത്രം ആഹ്ലാദിക്കുമോ; അതുപോലെ അദ്ദേഹം എല്ലാവര്‍ക്കും സ്വയം ആഹ്ലാദകാരിയായിരിക്കും. അങ്ങനെയുള്ള ലക്ഷണങ്ങളെകൊണ്ടദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിയും.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.