ഡൗണ്‍ലോഡ്‌ MP3

ത്വം സിന്ധുജാവാപ്യ ഇതീവ മത്വാ
സംപ്രാപ്തവാന്‍ സിന്ധുജവാജിരൂപഃ || 1 ||

എല്ലാ പ്രവൃത്തികളിലും ഫലത്തോടുകൂടിയവനും ഭോജേശ്വരനായ കംസന്റെ ഉറ്റ ബന്ധുവുമായ ആ കേശി എന്ന അസുരന്‍ നിന്തിരുവടി മഹാലക്ഷ്മിയാ‍ല്‍ (കുതിരയാ‍ല്‍ എന്നും) പ്രാപിക്കത്തക്കവനാണ് എന്നു വിചാരിച്ചിട്ടൊ എന്നു തോന്നുമറു സിന്ധുദേശത്തില്‍ ജനിച്ച കുതിരയുടെ രുപത്തോടുകൂടിയവനായി അവിടെ വന്നുചേര്‍ന്നു.

ഗന്ധര്‍വ്വതാമേഷ ഗതോഽപി രൂക്ഷൈഃ
നാദൈഃസമുദ്വേജിത സര്‍വ്വലോകഃ
ഭവദ്വിലോകാവധി ഗോപവാടീം
പ്രമര്‍ദ്യ പാപഃ പുനാരാപതത് ത്വ‍ാം || 2 ||

ദുഷ്ടനായ ഇവന്‍ ഗന്ധര്‍വ്വന്റെ (കുതിരയുടെ) അവസ്ഥയെ പ്രാപിച്ചിട്ടും കഠോരങ്ങളായ ശബ്ദങ്ങളാല്‍ എല്ലാവരേയും ഭയപ്പെടുത്തുന്നവനായി അങ്ങയെ കണ്ടെത്തുന്നതുവരെ അമ്പാടിയെ തകര്‍ത്തുകൊണ്ട് പിന്നീട് നിന്തിരുവടിയെ പ്രാപിച്ചു.

താര്‍ക്ഷ്യാര്‍പ്പിത‍ാംഘ്രേസ്തവ താര്‍ക്ഷ്യ ഏഷഃ
ചിക്ഷേപ വക്ഷോഭുവി നാമ പാദം
ഭൃഗോഃ പദാഘാതകഥ‍ാം നിശമ്യ
സ്വേനാപി ശക്യം തദിതീവ മോഹാത് || 3 ||

ഈ കുതിര ഭൃഗുമഹര്‍ഷിയുടെ പാദപ്രഹരകഥയെ കേട്ടിട്ട് തന്നെകൊണ്ടും അത് കഴിയുമെന്ന് മോഹംകൊണ്ടാണോ എന്നു തോന്നുമാറ് ശ്രീ ഗരുഡനില്‍ അര്‍പ്പിക്കപ്പെട്ട പാദങ്ങളോടുകൂടിയ നിന്തിരുവടിയുടെ തിരുമാര്‍വ്വിടത്തില്‍ പിന്‍കാല്‍കൊണ്ടു ചവിട്ടി.

പ്രവഞ്ചയന്നസ്യ ഖുരാഞ്ചലം ദ്രാകമും
ച ചിക്ഷേപിഥ ദൂരദൂരം
സമ്മുര്‍ച്ഛിതോഽപി ഹൃതിമൂര്‍ച്ഛിതേന
ക്രോധോഷ്മണാ ഖാദിതുമാദ്രുതസ്ത്വ‍ാം || 4 ||

ഇവന്റെ കുളമ്പുകൊണ്ടുള്ള പ്രഹരത്തെ ഒഴിച്ചുമാറി ഉടന്‍തന്നെ ഇവനെ വളരെ ദൂരത്തിലേക്കു, നിന്തിരുവടി എടുത്തെറിയുകയും ചെയ്തു; അവന്‍ ബോധക്ഷയം ബാധിച്ചവനായിരുന്നിട്ടും കടുത്ത കോപത്തോടെ നിന്തിരുവടിയെ കടിക്കുന്നതിന്നു നേരിട്ടു പാഞ്ഞുവന്നു.

ത്വം വാഹദണ്ഡേ കൃതധീശ്ച വാഹാ
ദണ്ഡം ന്യധാസ്തസ്യ മുഖേ തദാനീം
തദ്വൃദ്ധിരുദ്ധശ്വസനോ ഗതാസുഃ
സപ്തീഭവന്നപ്യയമൈക്യകാഗാത് || 5 ||

നിന്തിരുവടി കുതിരയെ നിഗ്രഹിക്കുന്നതിന്നു മനസ്സിലുറപ്പിച്ചുകൊണ്ട് കടിപ്പാന്‍ വരുന്ന സമയം അതിന്റെ വായ്ക്കകത്ത് ബാഹുദണ്ഡത്തെ പ്രവേശിപ്പിച്ചു. ആ കൈയിന്റെ വര്‍ദ്ധനംകൊണ്ട് തടുക്കപ്പെട്ട ശ്വാസത്തൊടുകൂടിയവനായി പ്രാണ‍ന്‍ പോയ ഇവ‍ന്‍ അശ്വമായിത്തീര്‍ന്നവനെങ്കിലും (ഏഴായിത്തീര്‍ന്നവനെങ്കിലും എന്നും) അങ്ങയോടു ഐക്യം പ്രാപിച്ചു (ഒന്നായിച്ചേര്‍ന്നു എന്നും).

ആലംഭമാത്രേണ പശോഃ സുരാണ‍ാം
പ്രസാദകേ നുത്ന ഇവാശ്വമേധേ
കൃതേ ത്വയാ ഹര്‍ഷവശാത് സുരേന്ദ്രാഃ
ത്വ‍ാം തുഷ്ടുവുഃ കേശവനാമധേയം || 6 ||

യാഗപശുവിന്റെ വധംകൊണ്ടുമാത്രം ദേവന്മരെ പ്രസാദിപ്പിക്കുന്നതും പുതിയതുമായ അശ്വമേധം നിന്തിരുവടിയെ കേശവന്‍ എന്ന തിരുനാമത്തോടുകൂടിയവനായി സന്തോഷപാരവശ്യത്തോടെ സ്തുതിച്ചു.

കംസായ തേ ശൗരിസുതത്വമുക്ത്വാ
തം തദ്വധോത്കം പ്രതിരുദ്ധ്യ വാചാ
പ്രാപ്തേന കേശിക്ഷപണാവസാനേ
ശ്രീ നാരദേന ത്വമഭിഷ്ടുതോഽഭൂഃ || 7 ||

നിന്തിരുവടി വസുദേവന്റെ സുതനാണെന്ന വര്‍ത്തമാനത്തെ കംസനോട് പറഞ്ഞറിയിച്ചു അദ്ദേഹത്തെ വധിക്കുന്നതിന്നു ഉദ്യമിച്ച ആ കംസനെ നല്ലവാക്കു പറഞ്ഞ് തടഞ്ഞ് കേശിയുടെ വധത്തിന്നുശേഷം അവിടെ വന്നുചേര്‍ന്ന നാരദമഹര്‍ഷിയാല്‍ നിന്തിരുവടി സ്തുതിക്കപ്പെട്ടവനായി ഭവിച്ചു.

കദാപി ഗോപൈഃസഹ കാനനാന്തേ
നിലായനക്രീഡനലോലുപം ത്വ‍ാം
മയാത്മജഃ പ്രാപ ദുരന്തമായോ
വ്യോമാഭിധോ വ്യോമചരോപരോധീ || 8 ||

ഒരിക്കല്‍ യമുനാതീരവനപ്രദേശങ്ങളി‍ല്‍ ഗോപബാലന്മരൊന്നിച്ച് ഒളിഞ്ഞുകളിക്കുന്നതില്‍ ഉല്‍സുകനായിരുന്ന നിന്തിരുവടിയെ വലിയ മായാവിയും ദേവശത്രുവും മയാസുരന്റെ പുത്രനുമായ വ്യോമാസുര‍ന്‍ സമീപിച്ചു.

സ ചോരപാലയിതവല്ലവേഷു
ചോരായിതോ ഗോപശിശുന്‍ പശുംശ്ച
ഗുഹാസു കൃത്വാ പിദധേ ശിലാഭിഃ
ത്വയാ ച ബുദ്ധ്വാ പരിമര്‍ദ്ദിതോഽഭൂത്. || 9 ||

കള്ളന്മാരും രക്ഷകന്മാരുമായിക്കളിക്കുന്ന ഗോപന്മാര്‍ക്കിടയി‍ല്‍ കള്ളനായിത്തീര്‍ന്ന അവന്‍ ഗോപബാലന്മാരേയും പശുക്കളേയും ഗുഹകളി‌ല്‍ കൊണ്ടുപോയാക്കി കല്ലുകള്‍ക്കൊണ്ട് ഇട്ടടച്ചു; നിന്തിരുവടിയാല്‍ മനസ്സിലാക്കപ്പെട്ട് അടിച്ചു ചതക്കപ്പെടുകയും ചെയ്തു.

ഏവം വിധൈശ്ചാദ്‍ഭുതകേളിഭേദഃ
ആനന്ദമൂര്‍ച്ചാമതുല‍ാം വ്രജസ്യ
പദേ പദേ നൂതനയന്നസീമ‍ാം
പരാത്മരുപിന്‍ ! പവനേശ ! പായാഃ || 10 ||

പരമാത്മസ്വരുപിയായിരിക്കുന്ന ഗുരുവായൂരപ്പ ! ഇപ്രകാരമുള്ള ആശ്ചര്‍യ്യകരങ്ങളായ ലീലാവിലാസങ്ങളെക്കൊണ്ട് ഗോകുലനിവാസികള്‍ക്ക് നിസ്തുല്യവും അളവറ്റതുമായ ആനന്ദാശയത്തെ അടിക്കടി പുതുതാക്കി നല്‍കിക്കൊണ്ടിരിക്കുന്നവനായ നിന്തിരുവടി രക്ഷിക്കേണമേ.

കേശിവ്യോമവധക്രീഡാദിവര്‍ണ്ണനം എന്ന എഴുപത്തൊന്ന‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 728.
വൃത്തം ഉപജാതി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.