വിശ്വം വൈ ബ്രഹ്മതന്മ‍ാത്രം സംസ്ഥിതം വിഷ്ണുമായയാ
ഈശ്വരേണ പരിച്ഛിന്നം കാലേനാവ്യക്തമൂര്‍ത്തിനാ (3-10-12)

വിദുരരുടെ അഭ്യര്‍ത്ഥനയനുസരിച്ച്‌ മൈത്രേയന്‍ സൃഷ്ടിയെക്കുറിച്ചിങ്ങനെ വിവരിച്ചു:

ഭഗവാന്‍ പ്രത്യക്ഷനായിക്കഴിഞ്ഞ്‌ വീണ്ടും നൂറു ദേവവര്‍ഷങ്ങള്‍ ബ്രഹ്മദേവന്‍ തപസ്സനുഷ്ഠിച്ചു. പിന്നീട് താന്‍ നിലകൊളളുന്ന താമരയും ചുറ്റുമുളള പ്രളയജലവും കാറ്റിലാടിയുലയുന്നതായി ബ്രഹ്മാവിനു തോന്നി. വിശ്വത്തിനെ പ്രകടിതാവസ്ഥയിലേക്കു നയിക്കാന്‍ ഈ താമരയെത്തന്നെ ആശ്രയിക്കാന്‍ നിശ്ചയിച്ച ബ്രഹ്മദേവന്‍ അതിലേക്കിറങ്ങിച്ചെന്ന് താമരയെ മൂന്നായിപ്പിളര്‍ന്നു. ഇങ്ങനെയുണ്ടായ മൂന്നുലോകങ്ങളാല്‍ കര്‍മ്മബന്ധിതനായ ജീവന്‍ കര്‍മ്മപ്രാരാബ്ധങ്ങളെ അനുഭവിച്ചു തീര്‍ക്കുന്നു. മറ്റുയര്‍ന്ന തലങ്ങളുലുള്ള ലോകങ്ങള്‍ നിസ്വാര്‍ത്ഥരും ദിവ്യരുമായിട്ടുളളവര്‍ക്കു വേണ്ടിയത്രെ. ഭഗവാന്‍ മാത്രമായിരുന്ന വിശ്വത്തില്‍ കാലത്തിന്റെ പ്രത്യക്ഷാവസ്ഥയിലൂടെ പഞ്ചഭൂതങ്ങളില്‍ മാറ്റങ്ങളുണ്ടായി. സ്വയം അനാദിയും അനന്തവുമാണ്‌ ഭഗവാനെങ്കിലും പ്രകടിതവും അല്ലാത്തതുമായ എല്ല‍ാം ഭഗവല്‍പ്രഭാവങ്ങള്‍ മാത്രമത്രേ.

ഒന്‍പതുവിധത്തിലാണ്‌ സൃഷ്ടികള്‍ . പത്താമത്തേത്‌ ഭഗവല്‍പ്രകൃതിയും സൃഷ്ടികര്‍ത്താവിന്റെ സ്വയം മാറ്റവുമാണ്. ആദ്യത്തെ ആറെണ്ണം ഭഗവല്‍പ്രകൃതിയില്‍ നിന്നും ഉല്‍ല്‍ഭവിക്കുന്നു. മറ്റു മൂന്നെണ്ണം ബ്രഹ്മാവിന്റെ സൃഷ്ടികളാണ്‌. അവയും അന്തിമവിശകലനത്തില്‍ ഭഗവല്‍ലീലതന്നെയാണെന്നുകാണ‍ാം.

  1. മഹത്: വിശ്വബോധവും ബുദ്ധിശക്തിയും ചേര്‍ന്ന ഊര്‍ജ്ജസ്രോതസ്സ്‌.
  2. അഹങ്കാരം: അഹം
  3. സ്ഥൂലരൂപങ്ങള്‍ക്ക്‌ കാരണമായ സൂക്ഷ്മങ്ങളായ പഞ്ചഭൂതങ്ങള്‍
  4. ഇന്ദ്രിയങ്ങള്‍ : കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും
  5. സാത്വീക അഹം: ഇന്ദ്രിയങ്ങളുടെ അധിദേവതകള്‍ .
  6. തമസ്സ് : അജ്ഞാനം, സത്യത്തെ മൂടുന്ന മായാമൂടുപടം
  7. ആറുതരത്തിലുളള അചരസൃഷ്ടികള്‍ : പൂക്കാതെ തന്നെ കായ്കനികള്‍ തരുന്ന വൃക്ഷങ്ങള്‍ . വര്‍ഷാവര്‍ഷങ്ങളും പൂത്തുകാച്ച് മരിക്കുന്ന ചെടികള്‍ . കട്ടിയുളള തോലോടുകൂടിയ വൃക്ഷങ്ങളും പടര്‍ന്നുകയറുന്ന വളളിച്ചെടികളും. വൃക്ഷങ്ങളും പടര്‍ന്നുകയറാത്ത ചെടികളും പൂത്തുകായ്ച്ചു ഫലംതരുന്ന വൃക്ഷങ്ങളും. മണ്ണിനടിയില്‍നിന്ന് പോഷകം വലിച്ചെടുത്തു ജീവിക്കുന്നുവകള്‍ . ജീവന്റെ അംശം തുലോം അപ്രത്യക്ഷമായിരിക്കുന്ന അചരങ്ങള്‍ .
  8. മൃഗങ്ങള്‍ : ഭൂമിക്കു സമാന്തരമായിനിന്ന് സമയബോധമോ യുക്തിബോധമോ ഇല്ലാതെ സഹജവാസനകള്‍ക്കനുസൃതമായി ജീവിക്കുന്ന മൃഗങ്ങള്‍ക്ക്‌ ഇന്ദ്രിയങ്ങളാണ്‌ പ്രധാനം. ഇവയുടെ കൂട്ടത്തില്‍ 28 ഇനങ്ങളുണ്ട്‌. ഒറ്റക്കുളമ്പുളളവ, ഇരട്ടക്കുളമ്പുളളവ, അഞ്ചുനഖങ്ങളുളളവ. ആകാശത്തിലെ പക്ഷികള്‍ എല്ല‍ാം ഇക്കൂട്ടത്തില്‍ പ്പെടുന്നു.
  9. മനുഷ്യജീവികള്‍ : വിശ്രമമില്ലാത്തവരും,അനന്തമായ പരിശ്രമശീലം കയ്യിലുളളവരും, ദുഃഖഃജന്യവും വേദനാധിഷ്ഠിതവുമായ ഇന്ദ്രിയസുഖഭോഗങ്ങള്‍ക്കടിമകളുമാണ്‌ മനുഷ്യര്‍ .
  10. മുനിമാര്‍ , സനകാദികള്‍ തുടങ്ങിയവര്‍ : ഭഗവല്‍പ്രകൃതിയും ബ്രഹ്മാവും ചേര്‍ന്ന് സൃഷ്ടിച്ചവരത്രേ ഇവര്‍ . ഇവരെക്കൂടാതെ ഭഗവത് സൃഷ്ടിയില്‍പ്പെട്ടവര്‍ വേരറയുമുണ്ട്‌. ദേവതകള്‍ , പിതൃക്കള്‍ , രാക്ഷസന്മ‍ാര്‍ ,ദേവഗായകര്‍ , അപ്സരസ്സുകള്‍ , യക്ഷന്മ‍ാര്‍ , സിദ്ധപുരുഷന്മ‍ാര്‍ , അതിഭൗതികശക്തിയുളളവര്‍ , ദേവകവികള്‍ , വിദ്യാധരന്മ‍ാര്‍ , ഭൂതപ്രേതാദികള്‍ , പിശാചുക്കള്‍ , കിന്നരന്മ‍ാര്‍ , കിമ്പുരുഷന്മ‍ാര്‍ , അശ്വമുഖന്മ‍ാര്‍ എന്നിവരെല്ല‍ാം ഇതില്‍പ്പെടുന്നു.

എങ്കിലും വിദുരരേ, ഈ ജീവജാലങ്ങളിലെല്ല‍ാം സ്വയംപ്രകടമായി നിലകൊളളുന്നത്‌ ആ ഭഗവാന്‍തന്നെയെന്നറിഞ്ഞാലും.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF