അമൃതാനന്ദമയി അമ്മ

ഒരുവന്‍ ജയിച്ചു, മറ്റൊരാള്‍ തോറ്റു എന്നൊക്കെ പറഞ്ഞു കേള്‍ക്കാറില്ലേ? ജയപരാജയങ്ങളെപ്പറ്റി ലോകരുടെ അഭിപ്രായം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കഴിവുള്ള എല്ലാവര്‍ക്കും വിജയം ഉണ്ടാകുന്നില്ലല്ലോ? കഴിവിനോടൊപ്പം ചെയ്യുന്ന കര്‍മ്മത്തെക്കുറിച്ച് ശരിയായ ജ്ഞാനവും വേണം വിജയം നേടാന്‍. ഒന്നാമതായി വേണ്ടത് ഇതാണ്. ഇതില്ലെങ്കില്‍ നമ്മുടെ കഴിവുകള്‍ നമ്മെ തോല്‍വിയിലേക്കു നയിക്കും.

തോല്‍വിയെക്കുറിച്ചുള്ള ഭയത്തെ അതിജീവിക്കാന്‍ കഴിയുന്നത് തന്നെ വലിയൊരു വിജയമാണ്. അപ്പോള്‍ പിന്നെ പരാജയത്തിന്റെ ഇരുട്ടിലും വിജയത്തിന്റെ വെളിച്ചം നമുക്ക് കാണുവാന്‍ കഴിയും.

സമൂഹത്തിന്റെ ദൃഷ്ടിയില്‍ വിജയി എന്നു തോന്നുന്നവന്‍ യഥാര്‍ഥത്തില്‍ പരാജിതനായിരിക്കാം. വിജയം നേടാന്‍ കഴിവുമാത്രം പോര. ക്ഷമയും വേണം. വിതയ്ക്കാനായി വിത്തു നട്ട കുട്ടിയുടെ കഥ എല്ലാവര്‍ക്കും അറിയാമല്ലോ? വലിയ മരമാകാന്‍ വേണ്ടിയായിരുന്നു കുട്ടി വിത്ത് മണ്ണിനടിയില്‍ കുഴിച്ചിട്ടത്. ദിവസവും രാവിലെ മുളച്ചുവോ എന്നറിയാന്‍ അവന്‍ അത് പുറത്തെടുത്ത് നോക്കും. എന്താവും ഫലം എന്നു മക്കള്‍ക്ക് അറിയാമല്ലോ? ആ വിത്ത് ഒരിക്കലും മുളക്കുവാന്‍ പോകുന്നില്ല. വിത്ത് കുഴിച്ചിട്ടശേഷം ദിവസവും അത് മുളച്ചുവോ എന്നറിയാന്‍ പുറത്തെടുത്ത് പരിശോധിക്കുന്നവരാകരുത് നമ്മള്‍. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഉടന്‍ ഫലം കണ്ടില്ലന്ന് വരാം.തുടക്കത്തില്‍ ഫലം കണ്ടില്ലെങ്കിലും ക്ഷമയോടെ മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. നമ്മുടെ ജീവിത വൃക്ഷം തളിരിടുകയും ചെയ്യും.

ഇന്ന് നമുക്ക് ചുറ്റും എന്താണ് നടക്കുന്നത്? അതിവേഗ ജീവിതമാണത്. സംഗീതത്തിലെ ദ്രുതഗതി മുതല്‍ ഫാസ്റ്റ്ഫു‍ഡ് വരെ നാടെമ്പാടും എത്തിയിരിക്കുന്നു. ഈ ‘അതിവേഗ ജീവിതത്തിന്റെ’ പിന്നില്‍ അക്ഷമയാണ് എല്ലായിടത്തും കാണുന്നത്.

മറ്റുള്ളവരുടെ പരിഹാസങ്ങള്‍ നമ്മെ തളര്‍ത്തരുത്ത്. പരിമിതികള്‍ മറന്നുചെയ്യാനുള്ള കാര്യങ്ങള്‍ ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ ചെയ്യാന്‍ ശ്രമിക്കണം. അക്ഷമയുടെയും ധൃതിയുടെയും ആവശ്യം ഇക്കാര്യത്തില്‍ ഇല്ല.

ജീവിതത്തില്‍ ഉണ്ടാകുന്ന വലിയ കാര്യങ്ങളാണ് നമ്മുടെ വിജയങ്ങള്‍ എന്നു നമുക്ക് പലപ്പോഴും തോന്നാറുണ്ട്. നമ്മള്‍ ഒരു മത്സര പരീക്ഷയില്‍ വിജയിക്കുമ്പോള്‍ ഇതൊക്കെ ജീവിതത്തില്‍ ഏറ്റവും വലിയ വിജയമായി നമ്മള്‍ കാണരുത്. സ്പൂണില്‍ നാരങ്ങയുമായി മത്സര ഓട്ടത്തില്‍ ജയിക്കുന്ന ഒന്നാം ക്ലസ്സുകാരന്റെ ​ഏറ്റവും വലിയ ജീവിതവിജയം ആ ഓട്ടപ്പന്തയമാണ്. ഇതാണോ ജീവിത വിജയം? നമ്മള്‍ കരുതുന്ന വിജയങ്ങള്‍ക്ക് ഉപരിയായി വേറെയും വിജയങ്ങളുണ്ട്.

നാം ദുഃഖിക്കുന്ന ഒരാളിനെ ആശ്വസിപ്പിച്ചു, കരയുന്ന ഒരാളുടെ കണ്ണീര്‍ തുടച്ചു, വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുത്തു, താഴെ വീണ ഒരാളിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ഈ കൃതികളെ നിസ്സാരമായോ ലോകം കാണുകയുള്ളു. പക്ഷേ ഇത്തരം പ്രവര്‍ത്തികളാണ് നമ്മള്‍ നേടിയ ഏറ്റവും വലിയ വിജയങ്ങള്‍ എന്നാണ് അമ്മയ്ക്ക് തോന്നുന്നത്.

അതുകൊണ്ട് സേവനമാണ് യഥാര്‍ഥ വിജയം. ചെറിയ ചെറിയ സേവനങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുമ്പോഴാണ് നമ്മള്‍ യഥാര്‍ത്തത്തില്‍ വിജയിക്കുന്നത്. ഈ സേവനമാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ശക്തി. മനുഷ്യന്‍ പ്രകൃതിയെ രക്ഷിക്കുമ്പോള്‍ പ്രകൃതി മനുഷ്യനെ രക്ഷിക്കും. മനുഷ്യന്‍ മൃഗങ്ങളെയും സസ്യങ്ങളെയും സേവിക്കുമ്പോള്‍ അവ നമ്മേയും തിരിച്ചു സ്നേഹിക്കും. വളര്‍ത്തു മൃഗങ്ങള്‍ക്ക് നമ്മളോട് കൂറുണ്ടാകുന്നത് നമ്മള്‍ അവയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോഴാണ്. ഇതുതന്നെയാണ് പ്രകൃതിയുടെ നിയമം. ഇതേ മനോഭാവമായിരിക്കണം കുടുംബങ്ങളിലും നമുക്ക് ഉണ്ടാകേണ്ടത്. വിജയങ്ങളുടെ പിന്നാലെ പരക്കം പായുമ്പോള്‍ സേവനത്തിന് കൂടി മുന്‍ തൂക്കം നല്‍‍കണം. ഓരോസംഘടനയിലെ അംഗങ്ങള്‍ തമ്മിലും ഈ സേവന മനോഭാവം ഉണ്ടാകണം. പരസ്പരം അറിഞ്ഞുള്ള സേവനം, സ്നേഹം, വിശ്വാസം എന്നിവ ഉണ്ടാകണം. എങ്കില്‍ മാത്രമേ മക്കളുടെ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകൂ.

കടപ്പാട്: മാതൃഭൂമി