അമൃതാനന്ദമയി അമ്മ

‘അമ്മ ​എല്ലാവരേയും സ്നേഹിക്കുന്നുണ്ടല്ലോ? അതെങ്ങനെ സാധിക്കുന്നു?’ എന്ന് ഒരു മോന്‍ സംശയം ചോദിച്ചു. സ്നേഹത്തെക്കുറിച്ചുള്ള ആ മോന്റെ സംശയത്തിനുള്ള മറുപടി അമ്മ പറയാം.

അമ്മ അറിഞ്ഞുകൊണ്ട് ആരെയും പ്രത്യേകം സ്നേഹിക്കാറില്ല. സ്നേഹം എന്നത് സംഭവിക്കുകയാണ്. സ്വാഭാവികമായി അങ്ങനെ ആയിത്തീരുന്നതാണ്. അമ്മയ്ക്ക് ആരെയും വെറുക്കാന്‍ സാധിക്കില്ല. അമ്മയ്ക്ക് ഒരു ഭാഷ മാത്രമേ അറിയുകയുള്ളു. അത് സ്നേഹത്തിന്റെ ഭാഷയാണ്. സകലര്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. മനുഷ്യര്‍ക്കുമാത്രമല്ല, പക്ഷി മൃഗാദികള്‍കും സസ്യജാലങ്ങള്‍ക്കും ആ ഭാഷ മനസ്സിലാകും.

ഇന്ന് ലോകം അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം പണത്തിനോ ആഭരണങ്ങള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല. സ്വാര്‍ഥതയില്ലാത്ത സ്നേഹത്തിന് വലിയ ദാരിദ്ര്യമാണ് എന്ന് മക്കള്‍ക്ക് തോന്നിയിട്ടില്ലേ? എന്തുകൊണ്ടാണ് അതെന്ന് മക്കള്‍ ആലോചിച്ച് നോക്കിയിട്ടുണ്ടോ?

സകലരും സ്നേഹത്തെക്കുറിച്ച് സംസ്സാരിക്കാറുണ്ട്. പരസ്പരം സ്നേഹിക്കുന്നതായി പറയാറുണ്ട്. ഭാര്യ, ഭര്‍ത്താവിനെ സ്നേഹിക്കുന്നു എന്നു പറയുന്നു. ഭര്‍ത്താവ് ഭാര്യയേയും മക്കളെയും സ്നേഹിക്കുന്നു എന്ന് പറയുന്നു. ഈ പറച്ചില്‍ യഥാര്‍ഥ സ്നേഹമാണ് എന്നു പറയാന്‍ സാധിക്കുമോ? ഇന്ന് നമ്മള്‍ സ്നേഹമാണെന്ന് വിചാരിക്കുന്നത് സ്വാര്‍ഥതയുടെ മാലിന്യം കലര്‍ന്നതാണ്. ​സ്വര്‍ണം പൂശിയ ആഭണം പോലെയാണത്. അണിയാന്‍ കൊള്ളം, എന്നാല്‍ ​മാറ്റില്ല, വിലയില്ല. കൂടുതല്‍ കാലം നിലനില്‍ക്കുകയില്ല. അതിന്റെ നിറം മങ്ങും.

ആസ്പത്രിയില്‍ നിന്ന് രോഗം മാറി തിരിച്ചു പോരാറായപ്പോള്‍ കുട്ടി അച്ഛനോട് പറഞ്ഞു.’അച്ഛാ ഇവിടെ ​എല്ലാവര്‍ക്കും എന്നോട് ഭയങ്കര ഇഷ്ടമാണ്. അച്ഛന് അവരുടെ അത്രയും സ്നേഹമുണ്ടോ? ഈവിടുത്തെ ഡോക്ടര്‍ക്കും നഴ്സിനും അറ്റന്‍ഡര്‍മാര്‍ക്കും വാച്ചുമാനും ഒക്കെ എന്തൊരു സ്നേഹമാണ്! എന്നോട് വിശേഷങ്ങള്‍ ചോദിക്കും. എന്റെ എല്ലാകാര്യങ്ങളും ശ്രദ്ധിക്കും. ആഹാരം സമയത്തിന് തരും. വഴക്കൊന്നും പറയില്ല. വീട്ടില്‍ അച്ഛനും അമ്മയും എത്രമാത്രം വഴക്കു പറയുന്നു. പഠിക്കാത്തതിന് അടിക്കുന്നു.’ഈ സമയം ആശുപത്രിയിലെ നഴ്സ് ഒരു പേപ്പര്‍ കൊണ്ടുവന്ന് അച്ഛനെ ഏല്‍പ്പിച്ചു. ഇതുകണ്ട് മകന്‍ അതെന്താണെന്ന് ചോദിച്ചു അച്ഛന്‍ പറഞ്ഞു. ‘അത് നീ ഇപ്പോള്‍ പറഞ്ഞില്ലേ അവരുടെ സ്നേഹത്തെക്കുറിച്ച്. ആ സ്നേഹത്തിനുള്ള ബില്ലാണത്. ഇത് അടച്ചാലേ നമുക്ക് ഡിസ്ചാര്‍ജ് ലഭിക്കുകയുള്ളു.’

മക്കളെ ഇതുപോലെയാണ്, ഇന്നുലോകത്ത് കാണുന്ന പല സ്നേഹ പ്രകടനങ്ങളും. അതിന്റെ പിന്നില്‍ ഒരു സ്വാര്‍ഥത ഉണ്ടാവും. കമ്പോളത്തിലെ കച്ചവടമനോഭാവം വ്യക്തിബന്ധങ്ങളിലും കടന്നുകൂടികഴിഞ്ഞു. ആരെ കാണുമ്പോഴും നമ്മുടെ ആദ്യ ചിന്ത അവരില്‍ നിന്ന് എന്തു നേട്ടമുണ്ടാകുമെന്നാണ്. ഒന്നും നേടാനില്ലെങ്കില്‍ അവിടെ ബന്ധം സ്ഥാപിക്കപ്പെടുന്നില്ല. നേട്ടത്തിന് കോട്ടം തട്ടുമ്പോള്‍ ബന്ധവും മുറിയുന്നു. അത്ര മാത്രം സ്വാര്‍ഥത മനുഷ്യമനസ്സില്‍ നിറഞ്ഞുകഴിഞ്ഞു. ഇതിന്റെ ഭവിഷത്താണ് ഇന്ന് മനുഷ്യസമൂഹം അനുഭവിക്കുന്നത്.

അച്ഛനും അമ്മയും ഒരുകുട്ടിയുമുള്ള വീട്ടിലെ കാര്യം എടുക്കുക. പലപ്പോഴും ഇവര്‍ മൂന്നുപേരും മൂന്നു ദ്വീപില്‍ കഴിയുന്നവരെപ്പോലെ പെരുമാറും.

യഥാര്‍ഥ ശാന്തിയും സമാധാനവും എന്തെന്നു കൂടി അറിയാന്‍ പാടില്ലാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്നു ലോകം. ഇതു മാറണം. സ്വാര്‍ഥതയുടെ സ്ഥാനത്ത് നിസ്വാര്‍ഥത വളരണം. പരസ്പരം ബന്ധത്തിന്റെ പേരില്‍ വിലപേശുന്നത് അവസാനിപ്പക്കണം.’സ്നേഹം ബന്ധപാശമാക്കരുത്. ജീവശ്വാസമാക്കണം-‘ഇതാണ് അമ്മയുടെ ആഗ്രഹം. ഞാന്‍ സ്നേഹമാണ്. സ്നേഹസ്വരൂപമാണ്. ഈ ഒരു ഭാവം വരുത്താന്‍ മക്കള്‍ ശ്രമിച്ചു നോക്കണം. ഇതിന് ആദ്യമൊക്കെകുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും. എന്നാല്‍ മക്കള്‍ സ്വന്തം മനസ്സിനോട് ആവര്‍ത്തിച്ച് ഇത് തന്നെ പറയണം. ഈ ഒരു ഭാവം നമുക്ക് വന്നുകഴിഞ്ഞാല്‍ പിന്നെ ശാന്തി തേടി ​എവിടെയും അലയേണ്ടതില്ല. അപ്പോള്‍ മനഃസമാധാനവും ശാന്തിയും നമ്മളെ തേടി എത്തും. മനസ്സിന്റെ ഈ വിശാലതയില്‍ സര്‍വ്വ വൈരുദ്ധ്യങ്ങളും അലിഞ്ഞില്ലാതാകും. സൂര്യോദയത്തില്‍ മഞ്ഞ് ഉരുകുന്നപോലെ. സ്നേഹത്തേക്കുറിച്ച് ഒരു രഹസ്യവും കൂടി അമ്മപറഞ്ഞു തരാം. നമ്മുടെ കൈയ്യിലുള്ള നൂറുരൂപയില്‍ നിന്നും ആര്‍ക്കെങ്കിലും പത്തുരൂപ കൊടുത്താല്‍ പിന്നെ തൊണ്ണൂറ് രൂപമാത്രമേ അവശേഷിക്കുന്നുള്ളൂ. എന്നാല്‍ സ്നേഹം ഇതുപോലെയല്ല. എത്രകൊടുത്താലും തീരില്ല കൊടുക്കുംതോറും അതേറിക്കോണ്ടിരിക്കും. ഉറവയുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരും തോറും വീണ്ടും വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടില്ലേ? ഇതുപോലെയാണ് സ്നേഹവും. സ്നേഹം നല്‍കിക്കൊണ്ടേ ഇരിക്കുക. സ്നേഹത്തിന് വേണ്ടിയാണ് മനുഷ്യന്‍ ജനിച്ചത്. അതിനുവേണ്ടിയാണ് ജീവിക്കുന്നത്. ​എന്നാല്‍ ഇന്ന് കിട്ടാന്‍ ഇല്ലാത്തതും സ്നേഹമാണ്.

നമ്മള്‍ മറ്റുള്ളവര്‍ക്ക് സ്നേഹം കൊടുക്കുന്നവരാവണം അങ്ങനെ നമ്മുടെ ജീവിതം സ്നേഹസന്ദേശമായിത്തീരുന്നു. ഇന്നു മുതല്‍, ഈനിമിഷം മുതല്‍ സ്നേഹസന്ദേശവാഹകരാവാന്‍ മകള്‍ ശ്രമിക്കണം. തീര്‍ച്ചയായും മക്കള്‍ക്ക് സാധിക്കും.

കടപ്പാട്: മാതൃഭുമി