അമൃതാനന്ദമയി അമ്മ

മക്കളേ, ‘സ്ത്രീ ദുര്‍ബലയാണ്’ എന്ന് നമ്മള്‍ വളരെക്കാലമായി കേള്‍ക്കുന്നു. ഇതില്‍ വല്ല അര്‍ഥവുമുണ്ടോ? പണ്ടുമുതല്‍ മറ്റൊരു സങ്കല്പം കൂടിയുണ്ട്. ദുര്‍ബലയായ സ്ത്രീക്ക് ഒരു രക്ഷകന്‍ വേണം. ആ രക്ഷകന്റെ സ്ഥാനമാണ് തലമുറകളായി സമൂഹം പുരുഷനു നല്‍കിയിരുന്നത്. എന്നാല്‍ എക്കാലത്തും നിലവിലുണ്ടായിരുന്ന ചട്ടക്കൂടുകളെ തകര്‍ത്ത് വിപ്ലവം സൃഷ്ടിച്ച വനിതകള്‍ ഉണ്ടായിരുന്നു. ഭാരതത്തില്‍ തന്നെ ധാരാളം ധീരവനിതകള്‍ ജീവിച്ചിരുന്നു. റാണിപത്മിനി, ഹാലിറാണി, ത്സാന്‍സിറാണി എന്നിവരൊന്നും ദുര്‍ബലകളായിരുന്നില്ല. ഈ രജപുത്ര വനിതകള്‍ ധീരതയുടെയും പരിശുദ്ധിയുടെയും പ്രതീകങ്ങളായിരുന്നു.

ഇതുപോലെയുള്ള വനിതാരത്നനങ്ങള്‍ വിദേശരാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. ജോണ്‍ ഓഫ് ആര്‍ക്ക് മാഡം മേരി ക്യൂറി, ഫ്ളോറന്‍സ് നൈറ്റിങ് ഗേല്‍, ഹെരിയറ്റ് റുബ്മെന്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.

പുരുഷന്‍ സ്ത്രീയുടെ രക്ഷകനും ശിക്ഷകനുമായല്ല നിലകൊള്ളേണ്ടത്. അവളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കടത്തിവിടാന്‍ സന്നദ്ധതയും സന്മനസ്സുമുള്ള സഹാനുവര്‍ത്തികളായി വേണം പുരുഷന്മാര്‍ പെരുമാറേണ്ടത്.

പല ആളുകളും ചോദിക്കാറുണ്ട്, എങ്ങിനെയാണ് പുരുഷന്മാര്‍ക്ക് അഹന്ത വന്നത്? വേദാന്തപ്രകാരം മായയാവാം ആത്യന്തിക കാരണം. പക്ഷേ, ഏറ്റവും അടിസ്ഥാനമായിട്ട് മറ്റൊരു സ്രോതസ്സുണ്ടാകാം. പണ്ട്, മനുഷ്യന്‍ കാടുകളിലും ഗുഹകളിലും മരങ്ങള്‍കൊണ്ടുണ്ടാക്കിയ വീടുകളിലുമായിരുന്നു താമസിച്ചിരുന്നത്. സ്ത്രീകളേക്കാള്‍ അധികം കായികശക്തി പുരുഷന്മാര്‍ക്ക് ആയിരുന്നതിനാല്‍ അവരാണ് വേട്ടയാടുകയും വന്യമൃഗങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളെ രക്ഷിക്കുകയും ചെയ്തിരുന്നത്. സ്ത്രീകള്‍ പ്രധാനമായും വീടുകളില്‍ താമസിച്ചുകൊണ്ട് കുട്ടികളെ സംരക്ഷിക്കുകയും ചെയ്തുപോന്നു. ആഹാരവും വസ്ത്രത്തിനുള്ള തോലുകളും വീടുകളില്‍ എത്തിച്ചിരുന്നത് പുരുഷന്മാരായിരുന്നു. ഇതൊക്കെക്കൊണ്ട് സ്ത്രീകള്‍ നിലനില്‍പിന് തങ്ങളെ ആശ്രയിക്കണം എന്ന തോന്നല്‍ പുരുഷന്മാരില്‍ ഉണ്ടായതായിരിക്കാം. തങ്ങള്‍ നാഥന്മാരും സ്ത്രീകള്‍ തങ്ങളെ അനുസരിക്കേണ്ടവരും എന്ന തോന്നല്‍. അങ്ങനെ, സ്ത്രീകള്‍ തങ്ങളുടെ രക്ഷകന്‍ന്മാരായി പുരുഷന്‍ന്മാരെ കണ്ടിരിക്കാം ഇതൊക്കെകൊണ്ടാവാം പുരുഷന് മേധാവിത്വമുള്ള സാഹചര്യം ഉണ്ടായത്.

സ്ത്രീ ഒരിക്കലും ദുര്‍ബലയല്ല. സ്വതസിദ്ധമായ അവളുടെ കാരുണ്യത്തെയും സഹാനുഭൂതിയെയും ദൗര്‍ബല്യങ്ങളായി വ്യാഖ്യാനിച്ചതാണ്. സ്ത്രീ അവളിലേക്ക് തിരിഞ്ഞാല്‍ അവള്‍ പുരുഷനേക്കാള്‍ ശക്തയാണ്. അവളില്‍ അന്തര്‍ലീനമായിരിക്കുന്ന മഹാശക്തിയെ അറിയാനും അഗീകരിക്കാനും പുരുഷസമൂഹം ആത്മാര്‍ത്ഥമായി ശ്രമിക്കണം. ആ ശക്തിയുമായി ചോര്‍ന്നു നീങ്ങിയാല്‍, ഈ ലോകം സ്വര്‍ഗമാക്കാം. യുദ്ധവും സങ്കര്‍ഷവും ഭീകരവാതവുമൊക്കെ താനേ ഇല്ലാതാകും. ആരും പറയാതെ സ്നേഹവും കാരുണ്യവും ജനജീവിതത്തിന്റെ ഭാഗമാകും.

ആഫ്രിക്കയില്‍ ഒരു രാജ്യത്ത് ഒരിക്കല്‍ യുദ്ധമുണ്ടായി. എണ്ണമറ്റ പുരുഷന്മാര്‍ യുദ്ധത്തില്‍ മരിച്ചു. ജനസംഖ്യയില്‍ എഴുപതു ശതമാനം സ്ത്രീകളായി. പക്ഷേ, അവര്‍ ധൈര്യം കൈവിട്ടില്ല. സ്ത്രീകള്‍ ഒരുമിച്ചു. അവര്‍ ഒറ്റയ്ക്കും കൂട്ടാമയും ചെറിയതോതില്‍ കച്ചവടവും ആരംഭിച്ചു. സ്വന്തം കുഞ്ഞുങ്ങളെയും അനാഥക്കുട്ടികളെയും ഒന്നിച്ചു വളര്‍ത്തി. താമസിയാതെ അവിടെ സ്ത്രീകളുടെ ഒരു വലിയ മുന്നേറ്റം ഉണ്ടായി. നാശത്തില്‍ നിന്ന് പുനര്‍ജനിക്കാനും ഒരു വന്‍ ശക്തിയായി മാറാനും വേണമെങ്കില്‍ സ്ത്രീക്ക് കഴിയും എന്നതിന് ഇത് ഉത്തമ ഉദാഹരണമാണ്.

അതുകണ്ട് ലോകം അഭിപ്രായപ്പെട്ടു-‘സ്ത്രീയാണ് ഭരണത്തിലിരിക്കുന്നതെങ്കില്‍ പല യുദ്ധവും കലാപവും ഒഴിവാക്കും. കാരണം, സ്ത്രീ വളരെ ചിന്തിച്ചിട്ടേ തന്റെ മക്കളെ കൊലക്കളത്തിലേക്കു വിടൂ. കുഞ്ഞുനഷ്ടപ്പെട്ട ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്കേ മനസ്സിലാകൂ.’

സ്ത്രീകള്‍ ഒന്നിച്ചാല്‍, ഒറ്റക്കെട്ടായി നിന്നാല്‍‌,സമൂഹത്തിന് നന്മവരുന്ന പലമാറ്റങ്ങളും വരുത്താന്‍ കഴിയും. അങ്ങനെ സ്ത്രീകള്‍ സംഘടിക്കാന്‍ പുരുഷന്മാരും അവരെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍, ഇന്നത്തെ സ്ഥിതി എന്താണ്? നിറയെ ലോഡുകയറ്റിയ രണ്ടു വണ്ടികള്‍ ഇരുവശങ്ങളില്‍ നിന്നും സൈഡ് കൊടുക്കാന്‍ കൂട്ടാക്കാതെ ചീറിപ്പാഞ്ഞു വരുന്നതുപോലെയാണ്. വലിയ അപകടങ്ങളില്‍നിന്ന് സമൂഹത്തെയും വരുംതലമുറയെയും രക്ഷിക്കാന്‍ സ്ത്രീപുരുഷന്‍ന്മാര്‍ കൈകോര്‍ക്കണം എന്നാണ് അമ്മയ്ക്ക് പറയുവാനുള്ളത്. അങ്ങനെ കൈകോര്‍ത്താല്‍ സമൂഹത്തിനും ലോകത്തിനും ഉയര്‍ച്ചയുണ്ടാവും എന്നതിന് യാതൊരു സംശയവുമില്ല. അതിനായി മക്കല്‍ പരിശ്രമിക്കണം.

കടപ്പാട്: മാതൃഭുമി