അയം തു സാക്ഷാദ്‌ ഭഗവാംസ്ത്ര്യധീശഃ കൂടസ്ഥ ആത്മാ കളയാവതീര്‍ണ്ണഃ
യസ്മിന്നവിദ്യാരചിതം നിരര്‍ത്ഥകം പശ്യന്തി നാനാത്വമപി പ്രതീതം (4-16-19)

രാജാവിന്റെ പ്രതിഷേധമൊന്നും വകവെക്കാതെ രാജഗായകര്‍ ഇങ്ങനെ പാടിഃ

ഞങ്ങള്‍ അങ്ങയുടെ മഹിമ എങ്ങനെ വര്‍ണ്ണിക്കട്ടെ? ഭഗവന്‍, അങ്ങ്‌ സ്വന്തം മായാശക്തിയാല്‍ ഈ ലോകത്തേക്ക്‌ ഇറങ്ങി വന്നിരിക്കുന്നു. അങ്ങയുടെ ഭൗതീകശരീരം, വേനനില്‍നിന്നും ഉണ്ടായതാണെങ്കിലും അങ്ങ്‌ ഭഗവാന്‍ വിഷ്ണു തന്നെ. തല്‍ക്കാലത്തേക്ക്‌ പൃഥുവെന്ന നാമം സ്വീകരിച്ചിരിക്കുകയാണ്‌. ഞങ്ങള്‍ അങ്ങയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നത്‌ അങ്ങേക്കു വേണ്ടിയല്ല, ഞങ്ങള്‍ക്കു വേണ്ടിത്തന്നെയാണ്‌. അവിടുത്തെ അപദാനങ്ങള്‍ പാടാന്‍ ഞങ്ങള്‍ അത്യുത്സുകരാണ്‌. അങ്ങ്‌ ഒരു രാജാവിനുണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍ക്ക്‌ ഉദാഹരണമത്രെ. ഞങ്ങളുടെ പ്രഭുവായ പൃഥുരാജന്‍ ധര്‍മ്മിഷ്ടന്മ‍ാരില്‍ അഗ്രഗണ്യനും മറ്റുളളവരില്‍ ധര്‍മ്മനിഷ്ട വളര്‍ത്തുന്നവനുമത്രേ. അദ്ദേഹത്തിന്റെ സംരക്ഷണയില്‍ ദേവതകള്‍ തങ്ങളുടെ കടമകള്‍ മാനവീകതയുടെ ഉന്നമനത്തിനായി ചെയ്യുന്നു. അദ്ദേഹം ജനങ്ങളില്‍നിന്നു്‌ ന്യായയുക്തവും ലഘുവുമായ കരം പിരിച്ച്‌ അവരുടെ ആവശ്യാനുസരണം സമ്പത്ത്‌ വിതരണം ചെയ്യുന്നു. തന്നോടു തെറ്റുചെയ്യുന്നുവനേപ്പോലും സംരക്ഷിച്ച്‌ എല്ലാവരോടും ക്ഷമയോടെ വര്‍ത്തിക്കുന്നു. ജനത്തോട്‌ അദ്ദേഹത്തിന്‌ അളവറ്റ പ്രേമമുളളതുപോലെ, ജനങ്ങള്‍ക്ക്‌ അവിടുത്തെ ദൃശ്യം ഹൃദയഹാരിയുമത്രെ. പൃഥുരാജന്റെ ആജ്ഞയില്‍ മേഘം മഴപെയ്യുന്നു. രാജാവിന്റെ ഒരു പുഞ്ചിരിയില്‍ ജനങ്ങളുടെ ആകാംക്ഷയെല്ലാം പോയിമറയുന്നു. അദ്ദേഹത്തിന്റെ മഹിമ ആര്‍ക്കും അളക്കാന്‍ കഴിയില്ലതന്നെ. അദ്ദേഹം തികച്ചും ശാന്തനും പരിപൂര്‍ണ്ണ സംതൃപ്തനുമാണ്‌.

അദ്ദേഹം സൂര്യനേപ്പോലെയാണ്‌. ഭൂമിയിലെ ജലം നീരാവിയാക്കി മഴ മേഘങ്ങളില്‍ സൂക്ഷിച്ച്‌ മഴയായി തിരിച്ചു നല്‍കുന്നുതുപോലെ, കരംപിരിച്ച്‌ അതുപിന്നീട്‌ ധനമായി ജനത്തിന്‌ തന്നെ തിരിച്ചു നല്‍കുന്നു. ഭൂമിയേപ്പോലെ ക്ഷമാശീലനും സംയമനശീലനുമാണദ്ദേഹം. ചന്ദ്രനേപ്പോലെ ജനഹൃദയങ്ങളെ അദ്ദേഹം സന്തുഷ്ടനാക്കുന്നു. സമുദ്രത്തെപ്പോലെ അളവറ്റതും, എല്ലാമടങ്ങിയതും, മാസ്മരീകതയാര്‍ന്നതുമത്രെ അവിടുത്തെ പ്രഭാവം. പരമാത്മാവിന്റെ കിരണമായ അവിടുന്ന് എല്ലാവര്‍ക്കും അഭിമതനും സമീപസ്ഥനുമത്രേ. എങ്കിലും ആര്‍ക്കും സ്വാധീനിക്കാനാവാത്തവിധം ദൂരസ്ഥനുമാണ്‌. ഏവരുടേയും ആത്മനിവാസി എന്ന നിലയില്‍ അദ്ദേഹത്തിന്‌ എല്ലാവരുടേയും അകവും പുറവും നന്നായറിയാം. അദ്ദേഹത്തിന്റെ നീതി ന്യായവ്യവസ്ഥ അചഞ്ചലവും, ഭയത്തിനും സ്വാധീനത്തിനും അതീതവുമത്രേ. സ്വന്തം പുത്രനായിരുന്നാല്‍ പോലും ശിക്ഷിക്കപ്പെടേണ്ടവരെ അദ്ദേഹം ശിക്ഷിക്കും. എങ്കിലും നിരപരാധികള്‍ക്ക്‌ അദ്ദേഹത്തിന്റെ സവിധത്തില്‍ എന്നും സംരക്ഷയുണ്ടായിരിക്കും.

പൃഥുരാജന്‍ എല്ലാ അര്‍ദ്ധത്തിലും രാജന്‍ തന്നെ (രാജതേഃ സന്തുഷ്ടനാക്കുന്നുവന്‍) സത്യത്തിന്റെ പാതയില്‍നിന്നു്‌ വ്യതിചലിക്കാതെ അദ്ദേഹം തന്റെ വാക്കുകള്‍ കൃത്യമായി പാലിക്കുന്നു. സകലജനങ്ങളുടേയും പ്രത്യേകിച്ച്‌ വൃദ്ധരുടേയും ദരിദ്രരുടേയും അഭിവൃദ്ധി ലാക്കാക്കി വര്‍ത്തിക്കുന്നു. അദ്ദേഹം പരമാത്മന്റെ ഒരു കിരണമായി മൂന്നുലോകത്തിന്‍റേയും നാഥനായി, ദൈവസാന്നിദ്ധ്യമായി കാണപ്പെടുന്നു. അദ്ദേഹം ഒരേയൊരു പരമാത്മസത്വമാണെങ്കിലും അജ്ഞാനികള്‍ വൈവിധ്യം കണ്ടെത്തുന്നു. ഞങ്ങളുടെ പ്രഭുവായ പൃഥുരാജന്‍ ലോകം മുഴുവന്‍ കീഴടക്കിവാഴും. അദ്ദേഹത്തിന്റെ ആജ്ഞയില്‍ ഭൂമിക്ക്‌ സമ്പൂര്‍ണ്ണഫലഭൂയിഷ്ടത കൈവരും. പര്‍വ്വതങ്ങള്‍ തകര്‍ത്ത്‌ സമനിരപ്പാക്കാനും അദ്ദേഹത്തിന്‌ കഴിയും. അങ്ങനെ ഭൂമി സകലജനങ്ങള്‍ക്കും വാസയോഗ്യമാക്കും. അദ്ദേഹത്തിന്‌ പ്രതിപക്ഷമെന്നൊന്ന് ഉണ്ടാവുകയുമില്ല.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF