അഥാസ്മിന്‍ ഭഗവാന്‍ വൈന്യഃ പ്രജാനാം വൃത്തിദഃ പിതാ
നിവാസാന്‍ കല്‍പ്പയാഞ്ചക്രേ തത്ര തത്ര യഥാര്‍ഹതഃ (4-18-30)
ഗ്രാമാന്‍ പുരഃ പത്തനാനി ദുര്‍ഗ്ഗാണി വിവിധാനി ച
ഘോഷാന്‍ വ്രജാന്‍ സശിബിരാനാകരാന്‍ ഖേടഖര്‍വ്വടാന്‍ (4-18-31)
പ്രാക്പൃഥോരിഹ നൈവൈഷാ പുരഗ്രാമാദികല്‍പ്പനാ
യഥാസുഖം വസന്തി സ്മ തത്ര കുതോഭയാഃ (4-18-32)

മൈത്രേയന്‍ തുടര്‍ന്നുഃ

പൃഥുവിനെ പുകഴ്ത്തിയ ശേഷം, തന്റെ രഹസ്യം രാജാവിനോട്‌ പറയാന്‍ സമയമായി എന്ന്‌ ഭൂമിദേവി മനസിലാക്കി. തന്റെ സ്വത്തുക്കളെല്ലാം രാജാവിന്‌ സമര്‍പ്പിച്ച്‌ ദേവി ഇങ്ങനെ പറഞ്ഞുഃ “മാമുനിമാര്‍ കണ്ടെത്തി പ്രഖ്യാപിച്ച സ‍ന്മാര്‍ഗ്ഗങ്ങളിലൂടെ വേണ്ടരീതിയില്‍ അദ്ധ്വാനിച്ചാണ്‌ മനുഷ്യന്‍ തനിക്കു വേണ്ട വസ്തുവകകള്‍ നേടുന്നത്‌. പ്രകൃതിനിയമങ്ങള്‍ അനുസരിച്ച്‌ വര്‍ത്തിക്കുന്നുവന്‍ വമ്പിച്ച വിളവെടുക്കുകയും ചെയ്യും. വിഡ്ഢികളാകട്ടെ, സ്വാര്‍ത്ഥപരമായി അക്രമവാസനയോടെ ശ്രമിക്കുമ്പോള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയില്ല. അങ്ങേയ്ക്കു മുന്‍പ്‌ രാജസിംഹാസനത്തിലിരുന്നവര്‍ ധര്‍മ്മിഷ്ഠരായിരുന്നില്ല. അതുകൊണ്ട്‌ ഭൂമിയിലെ ധനധാന്യങ്ങള്‍ ഞാന്‍ അവരില്‍നിന്നു്‌ സംരക്ഷിച്ച്‌ ഒളിപ്പിച്ച്‌ വെച്ചു. ദുഷ്ടരെ പരിരക്ഷിക്കാനും വളര്‍ത്താനും ഈ ധനം ഉപയോഗിച്ചുകൂടാ. തീര്‍ച്ചയായും അങ്ങേയ്ക്ക്‌ എന്റെ അഗാധതകളില്‍നിന്നു്‌ പോലും എല്ലാ ധനവും കറന്നെടുക്കാം.”

ഭൂമിയുടെ അഭിപ്രായം സ്വീകരിച്ച്‌ രാജാവ്‌ ഭൂമിയെ കറന്നെടുക്കാന്‍ തുടങ്ങി, ഭൂമി കാമധേനുവാണല്ലോ. എല്ലാ വര്‍ഗ്ഗവിഭാഗങ്ങളും, തങ്ങളില്‍ ശ്രേഷ്ടരായവരെ, പശുവിനെ കറക്കുവാന്‍ മുന്‍പേവിടുന്ന പശുക്കുട്ടിയാക്കി നിര്‍ത്തി. എന്നിട്ട്‌ ധനമെല്ലാം സൗകര്യപ്രദമായ പാത്രങ്ങളിലാക്കി സൂക്ഷിച്ചു. സ്വയംഭുവമനുവിനെ പശുക്കുട്ടിയാക്കി രാജാവ്‌ സ്വയം എല്ലാ സസ്യജാലങ്ങളെയും പച്ചമരുന്നുചെടികളെയും ഭൂമിയില്‍നിന്നു്‌ പുറത്തെടുത്തു. മാമുനിമാര്‍ തങ്ങളുടെ സൃഷ്ടാവിനെ പശുക്കുട്ടിയാക്കി ദിവ്യജ്ഞാനം തങ്ങളുടെ ഇന്ദ്രിയങ്ങളായ ചെവി, വാക്ക്, മനസ്‌ എന്നിവിടങ്ങളിലും സൂക്ഷിച്ചുവെച്ചു. ഇന്ദ്രനെ പശുക്കുട്ടിയാക്കി ദേവതകള്‍ അമൃതു കറന്നെടുത്തു. അക്രമവാസനയുളളവര്‍ ലഹരികളും കറന്നു. ദേവഗായകര്‍ സംഗീതവും സൗന്ദര്യവും കറന്നു. പിതൃക്കള്‍ കാവ്യവും, സിദ്ധന്മ‍ാര്‍ അത്യത്ഭുതശക്തികളും എടുത്തു. ഭൂതപ്രേതങ്ങള്‍ തലയോട്ടി നിറയെ രക്തമെടുത്തു. പാമ്പുകള്‍ക്ക്‌ വിഷമുണ്ടായി. സസ്യഭുക്കുകളായ മൃഗങ്ങള്‍ക്കുവേണ്ടി പുല്ല്, മാംസഭുക്കുകള്‍ക്ക്‌ ഇറച്ചി, മരങ്ങള്‍ക്ക്‌ മരനീര്‍, മലകള്‍ക്ക്‌ ധാതുക്കള്‍ എന്നിവ ലഭിച്ചു. അങ്ങനെ എല്ലാത്തരത്തിലുളള ജീവജാലങ്ങള്‍ക്കും ഭൂമീദേവിയില്‍നിന്നും എല്ലാം വേണ്ടപോലെ ലഭിച്ചു. ഇതുകണ്ടു സന്തുഷ്ടനായ രാജാവ്‌ ഭൂമിയെ സ്വന്തം പുത്രിയായി ദത്തെടുത്തു.

രാജാവ്‌ ഭൂമിയെ കറന്നെടുക്കല്‍ അവസാനിപ്പിച്ചിരുന്നില്ല. രാജാവ്‌ മനുഷ്യരെ സംഘടിപ്പിച്ച് പട്ടണങ്ങളും ഗ്രാമങ്ങളും, നഗരങ്ങളും, കോട്ടകൊത്തളങ്ങളും, പശുതൊഴുത്തുകളും ഉണ്ടാക്കി. ഭൂമിയില്‍നിന്നും വിലപിടിച്ച ലോഹങ്ങള്‍ എടുക്കാന്‍ ഖനനവും തുടങ്ങിവെച്ചു. കര്‍ഷകര്‍ക്കായി ഭവനങ്ങളുണ്ടാക്കി അവരുടെ നിലങ്ങള്‍ കൃഷിയോഗ്യമാക്കി. ഇതാണ്‌ ലോകത്തിലെ ആദ്യത്തെ സാമൂഹ്യ പ്രവര്‍ത്തനവും സമാജസംഘടനാശ്രമവും. ഇതിന്റെയെല്ലാം ഫലമായി ജനം സമാധാനത്തോടെ സുരക്ഷാബോധത്തോടെ വര്‍ത്തിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF