പരോരജഃ സവിതുര്‍ജ്ജാതവേദോ ദേവസ്യ ഭര്‍ഗ്ഗോ മനസേദം ജജാന
സുരേതസാദഃ പുനരാവിശ്യ ചഷ്ടേ ഹംസം ഗൃധ്രാണാം നൃഷദ്രിംഗിരാമിമഃ (5-7-14)

ശുകമുനി പറഞ്ഞു:
തനിക്കു പിന്‍ഗാമിയായി ഭരതന്‍ രാജ്യഭാരമേല്‍ക്കണമെന്ന ഋഷഭദേവന്റെ ആഗ്രഹപ്രകാരം ഭരതന്‍ രാജാവായി. അദ്ദേഹത്തിന്റെ ഭരണമഹിമകൊണ്ട്‌ ഭാരതം അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്നു.

ഭരതന്‍ വിശ്വരൂപന്റെ മകളായ പഞ്ചജാനിയെ വിവാഹം കഴിച്ചു. അവര്‍ക്ക്‌ സുമതി, രാഷ്ട്രഭൃത്, സുദര്‍ശനന്‍, ആവരണ, ധൂമകേതു എന്നിങ്ങനെ അഞ്ചു പുത്രന്മ‍ാര്‍ ഉണ്ടായി.

ഭരതന്‍ തന്റെ മുത്തചഛനെപ്പോലെയും അഛനേപ്പോലെയും ഉന്നതനായ ഭരണനിപുണനായിരുന്നു. രാജധര്‍മ്മത്തെപ്പറ്റി ഏറ്റവും ശ്രദ്ധാലുവായിരുന്നു ഭരതന്‍. വേദപുരാണങ്ങളും അതിലെ സംഹിതകളും രാജാവിന്‌ നല്ല അറിവുണ്ടായിരുന്നു. വേദാനുസാരിയായ പൂജകളും യാഗങ്ങളും ആചാരക്രമങ്ങളും ദിവ്യകര്‍മ്മങ്ങളും അദ്ദേഹം കൃത്യമായി ചെയ്തുപോന്നു. പൂജാരികള്‍ വേദമന്ത്രങ്ങളുച്ചരിച്ചുകൊണ്ട്‌ യാഗം നടത്തുമ്പോള്‍ അഗ്നിയെ ഭഗവാന്‍ തന്നെ എന്ന്‌ ഭരതന്‍ മനസാ ദൃശ്യവല്‍ക്കരിച്ചു. യാഗാഗ്നിയും യാഗഹവിസ്സും പൂജാദികളും പൂജാരിയും എല്ലാം ഭഗവാന്‍ തന്നെ എന്ന്‌ അദ്ദേഹം കണ്ടു. പലേവിധ വൈദീകമന്ത്രങ്ങളാല്‍ വിവിധ ദേവതകളെ ആവാഹിക്കുമ്പോഴും ഭരതന്‌ തന്റെ സഹജാവബോധത്താല്‍ എല്ലാ ദേവതകളും ആ വിശ്വരൂപത്തിന്റെ അംഗങ്ങള്‍ മാത്രമെന്ന ജ്ഞാനം ഉണ്ടായിരുന്നു. ഇതിനുപുറമേ, ഈ യാഗങ്ങളില്‍ നിന്നും ഭൗതീകമോ സ്വര്‍ഗ്ഗീയമോ ആയ യാതൊരുവിധ ഫലേച്ഛയും ഇല്ലാതിരുന്നതിനാല്‍ ഭരതന്റെ ഹൃദയം അനുദിനം പരിപാവനവും പരിശുദ്ധവുമായിത്തീര്‍ന്നു.

പരിശുദ്ധമായ ആ മനസില്‍ ഭഗവല്‍ഭക്തി ഉദിച്ചുയര്‍ന്നു. ഏറേക്കാലം രാജ്യഭാരം വഹിച്ചശേഷം ഒരുദിനം തനിക്ക്‌ സന്യാസത്തിനു കാലമായി എന്നറിഞ്ഞ ഭരതന്‍ ഗംഗാനദിയുടെ തീരത്തുളള പുലഹന്റെ ആശ്രമത്തില്‍ ചെന്നു. ഭഗവാന്‍ വിഷ്ണുവിന്റെ ചിഹ്നങ്ങളുളള സാളഗ്രാമങ്ങള്‍ ലഭിക്കുന്ന നദിയത്രേ ഗന്ധകി.

പുലഹന്റെ ആശ്രമത്തില്‍ ഭരതന്‍ നിരന്തരം ഭഗവാന്‍ വാസുദേവനെ പൂജിച്ചു കഴിഞ്ഞുവന്നു. ഭഗവല്‍നാമങ്ങളുച്ചരിക്കവേ, അദ്ദേഹം രോമാഞ്ചം കൊണ്ടു. കണ്ണീരൊഴുക്കുകയും പുറംലോകത്തെ ക്കുറിച്ചുളള ബോധം ഇല്ലാതാവുകയും ചെയ്തു. ആ അവസ്ഥയില്‍ താന്‍ തുടങ്ങിവെച്ച പൂജാവിധികള്‍ പൂര്‍ത്തിയാക്കുകപോലും അസാദ്ധ്യമായിത്തീര്‍ന്നു. ആ പരമാര്‍ത്ഥബോധത്തില്‍ ഭഗവല്‍സാന്നിദ്ധ്യം സദാ ഹൃദയത്തില്‍ നിറച്ചുകൊണ്ട്‌ ഭരതന്‍ ഏറേക്കാലം കഴിഞ്ഞു.

ഒരു മാന്‍തോലുടുത്ത്, ആവര്‍ത്തിച്ചുളള സ്നാനത്താല്‍ നനഞ്ഞജടയുമായി ഭരതന്‍ നാരായണനെ ധ്യാനിച്ചു നിലകൊണ്ടു. സൂര്യഗോളത്തെ ഭഗവാന്റെ പ്രത്യക്ഷരൂപമായി ധ്യാനിച്ച്‌ അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു. അജ്ഞാനാന്ധകാരത്തിനും ഭൗതീകതയുടെ കളങ്കത്തിനും അതീതമായ ഈ സൂര്യപ്രകാശം നമ്മുടെ കര്‍മ്മഫലങ്ങളുടെ വിധാതാവുതന്നെയാണ്‌. എല്ലാം ആ മനസിന്റെ സൃഷ്ടിയത്രേ. ഇവകളിലെല്ലാം സ്വയം പ്രവേശിച്ച്‌ ജീവനെ പരിരക്ഷിക്കുന്നത്‌ ബോധത്തിന്റെ ശക്തിയാലത്രെ. ഞങ്ങളുടെ ബുദ്ധിയെ പ്രദ്യോദിപ്പിക്കുന്ന ആ പ്രകാശത്തില്‍ ഞാന്‍ അഭയം തേടുന്നു.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF