പ്രഭാഷണം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റപ്പോള്‍ കൈക്കുഞ്ഞുമായി ഒരമ്മ എത്തി. സാധു സ്ത്രീ. ദുഖത്താല്‍ ഇരുണ്ട മുഖം അവര്‍ പറഞ്ഞു, “ദൈവകൃപ, പ്രകാശം, ഭാവി എന്നൊക്കെ പറയാന്‍ രസമാണ്. പക്ഷേ ഞാനനുഭവിക്കുന്ന ദാരിദ്യ ദുഃഖത്തില്‍, ദുരിതങ്ങളില്‍ ഇതൊന്നും ഏശുകയില്ല.”

വൃദ്ധനായ അദ്ദേഹം വളരെ ശാന്തമായി ചോദിച്ചു, “കുട്ടീ, നിന്റെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിനെ താഴെയിടാമെങ്കില്‍ നിന്നക്ക് ഞാന്‍ പതിനായിരം രൂപതരാം.”

“നിങ്ങള്‍ എന്താണീ പറയുന്നത്? ക്രൂരന്‍.” അവള്‍ ക്ഷുഭിതയായി.

“ശരി ഞാനൊരു വലിയ സ്വര്‍ണ്ണമാല നല്കാം ആ കുട്ടിയെ താഴെയിടൂ.’ അദ്ദേഹം വീണ്ടും പറഞ്ഞു.

“നിങ്ങള്‍ മനുഷ്യനോ, അതോ മൃഗമോ?” സ്ത്രീ ആക്രോശിച്ചു.

“നോക്കൂ. ഇത്ര വലിയേറിയ കുഞ്ഞ് സ്വന്തമായുള്ളപ്പോള്‍, നീ ദരിദ്രയെന്നു സ്വയം കരുതല്ലേ. നമുക്ക് നിന്റെ ക്ലേശം പരിഹരിക്കാം, ശാന്തയാകൂ. ഈശ്വരന്‍ കൃപാസാഗരമാണ്. ഇവനെ നമുക്ക് മിടുക്കനായി വളര്‍ത്താം,” അദ്ദേഹം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ പൊട്ടിക്കരഞ്ഞുപോയി. “ഈശ്വരന്‍ കരുണാനിധിയെങ്കില്‍ എനിക്കെന്തിനീ കൊടിയ ദാരിദ്ര്യം തന്നു.”

“അങ്ങനെ പറയരുതേ. ഈ കുഞ്ഞിന് പനി വന്നാല്‍ കയ്പുള്ള മരുന്ന്, കുഞ്ഞിന്റെ കരച്ചില്‍ വക വയ്ക്കാതെ നീ കൊടുക്കില്ലേ, എന്തിനാണത്? കുട്ടിയെ രക്ഷിക്കാന്‍. അതു പോലെ നമ്മുടെ ‘ആത്മവിന്റെ’ ഇന്നത്തെ രോഗമകറ്റാന്‍ ഈശ്വരന്‍ തന്നിരിക്കുന്ന കയ്പുളള മരുന്നാണിന്നത്തെ ക്ലേശങ്ങള്‍. ഇതു മാറും. ധൈര്യമായി ഈ രോഗത്തെ നേരിടൂ. ഈശ്വരന്‍’ഈ രോഗത്തെ’ ചെറുക്കാന്‍ നിന്നെ സഹായിക്കും. നീ പ്രതീക്ഷയോടെ അവിടുത്തെ ആശ്രയിച്ചാല്‍ മാത്രം മതി.” മറ്റുള്ളവരോടായി അദ്ദേഹം പറഞ്ഞു, “വീട്ടിലൊരാള്‍ കിടപ്പിലായാല്‍ അയാളെ പരിചരിക്കുന്നതും, ആഹാരം തയ്യാറാക്കി കൊടുക്കുന്നതും മറ്റംഗങ്ങളാണ്. നമ്മുടെ കുടുംബാഗമായ ഇവള്‍ക്ക് ദാരിദ്ര്യരോഗം പിടിപെട്ടിരിക്കുകയാണ്. ഈ രോഗം മാറും വരെ പരിചരിക്കേണ്ടത് നമ്മുടെ കടമയാണ്. ഔദാര്യമല്ല.”

ഈ രണ്ട് വശവും നാം ഗ്രഹിക്കണം എങ്കില്‍ ദാരിദ്ര്യരോഗം മാറും.

കടപ്പാട്: നാം മുന്നോട്ട്