മഹാനായ കഥാകാരന്‍ ഈസോപ്പിന്റെ ജീവിതത്തിലെ രസകരമായ ഒരു കൊച്ചുകഥ.

ഒരു ദിവസം ഈസോപ്പ് കൊച്ചു കുഞ്ഞുങ്ങളുമായി സര്‍വ്വതും മറന്ന് ഓടിച്ചാടി കളിക്കുന്നസമയം. മുതിര്‍ന്ന ഒരു ഏതന്‍സുകാരന് ഇത് കണ്ട് അലോസരം തോന്നി. അയാള്‍ നീരസത്തോടെ ചോദിച്ചു, “നിങ്ങളെ പോലെ മുതിര്‍ന്ന ഒരാള്‍ ഇങ്ങനെ കൊച്ചു കുട്ടികളുമായി ഗോഷ്ടികളിലേര്‍പ്പെട്ട് സമയം പഴാക്കുന്നത് ശരിയോ?”

ഈ സോപ്പ് മറുപടിയായി അടുത്തു കിടന്നിരുന്ന, വലിച്ചു കെട്ടിയിരുന്ന വില്ലിന്റെ ചരട് അഴിച്ചു വച്ചു. അതോടെ വില്ല് നിവര്‍ന്നു. വഴിയാത്രക്കാരന് ഒന്നും മനസ്സിലായില്ല. അയാള്‍ അതിന്റെ വിശദീകരണം ആവശ്യപ്പെട്ടു.

ഈസോപ്പു പറഞ്ഞു, സുഹൃത്തേ, വില്ല് സദാ വലിച്ചു മുറുക്കി വളച്ചു വച്ചിരുന്നാല്‍ കുറച്ചു കഴിയുമ്പോള്‍ അതിന്റെ വലിവ് കുറഞ്ഞുപോകും, പിന്നെ അത് ഉപയോഗശൂന്യമാകും ആവശ്യസമയത്ത് മാത്രം ഞാണ്‍ വലിച്ചു മുറുക്കിയാല്‍ വില്ല് എപ്പോഴും ഒന്നാന്തരം ആയുധമായിരിക്കും.

“അതുപോലെ മനസ്സ് സദാ പിരിമുറുക്കത്തിലും ജോലിത്തിരക്കിലും മുഴുകിയിരുന്നാല്‍ അതിന്റെ ഊര്‍ജ്ജസ്വലത കുറയും. കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ മനസ് അഴിയും, ശാന്തമാകും പിന്നീട് നന്നായി ഉപയോഗിക്കാനുള്ള ഊര്‍ജ്ജം അതില്‍ നിറയും.”

നിഷ്കളങ്കരായ കുട്ടികളില്‍ ഈശ്വരസാന്നിധ്യം നിറഞ്ഞിരിക്കുന്നു. അവരുമായി ഇടപഴകുന്നത് നമ്മുടെ മനസിനെ ലാഘവപ്പെടുത്താനും നന്നാക്കാനും സഹായിക്കും. തന്റെ സമീപത്തേക്ക് വരാന്‍ തുടങ്ങിയ കുഞ്ഞിങ്ങളെ തടഞ്ഞവരെ യേശുദേവന്‍ വലക്കിയത് ഓര്‍ക്കൂ. പരമഹംസന്മാര്‍ കുട്ടികളുടെ സമീപ്യം വളരെ ആഗ്രഹിക്കുന്നുവെന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ അരുളിയതും ഓര്‍ക്കുക.

കടപ്പാട്: നാം മുന്നോട്ട്