ഓം നമോ ഭഗവതേ ധര്‍മ്മായാത്മവിശോധനായ നമ ഇതി (5-18-2)
ഓം നമോ ഭഗവതേ നരസിംഹായ നമസ്തേജസ്തേജസേ
ആവിരാവിര്‍ഭവ വജ്രനഖ വജ്രദംഷ്ട്ര കര്‍മ്മാശയാന്‍
രന്ദയ രന്ദയ തമോ ഗ്രസ ഗ്രസ ഓം സ്വാഹാ
അഭയമഭയമാത്മന‍ി ഭൂയിഷ്ഠാ ഓം ക്ഷ്‌റൗം (5-18-8‍)
ഓം ഹ്രാം ഹ്രീം ഹ്രും ഓം നമോ ഭഗവതേ ഋഷീകേശായ സര്‍വ്വ
ഗുണവിശേഷൈര്‍വ്വിലക്ഷിതാത്മനേ ആകൂതീനാം ചിത്തീനാം
ചേതസാം വിശേഷണാം ചാധിപതയേ ഷോഡശകലായച്
ഛന്ദോമയായന്നമയായാമൃതമയായ സര്‍വ്വമയായ സഹസേ ഓജസേ
ബലായ കാന്തായ കാമായ നമസ്തേ ഉഭയത്ര ഭൂയാത്‌ (5-18-18)

ശുകമുനി തുടര്‍ന്നുഃ

ഭദ്രാശ്വം എന്ന ഭൂഖണ്ഡത്തില്‍ ഭദ്രാശ്രവന്‍ തന്റെ പ്രജകളോടൊത്ത്‌ ഭഗവാന്‍ വാസുദേവനെ ഹയഗ്രീവനെ, അവതാരരൂപത്തില്‍ ഇങ്ങനെ ആരാധിച്ചു വാഴ്ത്തുന്നു.”ധര്‍മ്മദേവതയായ അവിടുന്ന് ആത്മശുദ്ധിയേകുന്നവനാണ്‌. അങ്ങേയ്ക്ക്‌ നമസ്കാരം. ബുദ്ധിയും ചിന്താശക്തിയുമുളളവര്‍ പോലും മരണം ഏതുനേരവും തങ്ങളെ കീഴ്പ്പെടുത്തുമെന്ന ബോധമില്ലാതെ ലൗകീകസുഖങ്ങളില്‍ ആസക്തരായി കഴിയുന്നു. സ്വന്തം പിതാവിനേയോ മകനേപ്പോലുമോ ചിതയില്‍ ദഹിപ്പിച്ചയുടനെ തന്നെ അവര്‍ വിഷയസുഖങ്ങളില്‍ വ്യാപരിക്കുന്നു. അങ്ങ്‌ മായാതീതനും കര്‍മ്മങ്ങള്‍ ബാധിക്കാത്തവനുമാണ്‌. എങ്കിലും ഒന്നിന്‍റേയും നിയമങ്ങള്‍ക്ക്‌ വിധേയമാവാതെ തന്നെ എല്ലാത്തിന്‍റേയും അധിപനുമാണ്‌. ബഹയഗ്രീവന്‌ നമോവാകം.”

ഹരിവര്‍ഷം എന്ന ഭൂഖണ്ഡത്തില്‍ ദേവതകളും മനുഷ്യരും രാക്ഷസരും ഭഗവാനെ നരസിംഹരൂപത്തിലാരാധിച്ചു വാഴ്ത്തുന്നു.”നരസിംഹഭഗവാന് നമോവാകം. വെളിച്ചത്തിന്റെ വെളിച്ചമാണങ്ങ്‌. അങ്ങേക്ക്‌ അതിശക്തമായ ദംഷ്ട്രങ്ങളും നഖങ്ങളുമുണ്ട്‌. ഞങ്ങള്‍ക്ക്‌ വേണ്ടി അങ്ങയുടെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തി ഞങ്ങളെ കര്‍മ്മഫലങ്ങളില്‍നിന്നും മോചിപ്പിച്ചാലും. ഞങ്ങളുടെ അജ്ഞാനമാകുന്ന ഇരുട്ടിനെ വിഴുങ്ങിയാലും. ഓം സ്വാഹാഃ ഞങ്ങള്‍ക്ക്‌ അഭയം നല്‍കിയാലും. ഓം ക്ഷരൗം. എല്ലാ ജനങ്ങളും സന്തുഷ്ടരും ദുഷ്ടന്മ‍ാര്‍ നന്മ നിറഞ്ഞവരുമായിത്തീരട്ടെ. അവര്‍ പരസ്പരം സ്നേഹിക്കാനിടവരട്ടെ. പാവപ്പെട്ട ഭക്തജനങ്ങള്‍ക്കു സുഹൃത്തും ഏകസമ്പാദ്യവുമായ അവിടുന്ന് ഞങ്ങള്‍ക്ക്‌ ഏകാഗ്രത നല്‍കിയാലും. നന്മയുടേയും ജ്ഞാനത്തിന്‍റേയും പാതയില്‍നിന്നുമകറ്റുന്ന, ഇന്ദ്രിയസുഖലോലുപത്വം ഞങ്ങളിലുണ്ടാകാതിരിക്കട്ടെ. അവിടുത്തെ താമരപ്പാദങ്ങളെ മറന്നുളള ജിവിതം, ഞങ്ങളുടെ ജീവന്റെ നിദാനമായ അവിടുത്തെ മറന്നുകൊണ്ട്‌ കഴിയുകമൂലം ഞങ്ങള്‍ക്ക്‌ ബന്ധനവും ദുരിതവും അനുഭവിക്കേണ്ടിവരുന്നു. ഇതിനെയെല്ലാം ഉപേക്ഷിച്ച്‌ നരസിംഹദേവനെ ആരാധിക്കുന്നുതുമൂലം ഒരുവന്‍ എല്ലാ ഭയങ്ങളില്‍നിന്നും മോചിതനാവുന്നു.”

കേതുമാലം എന്ന ഭൂഖണ്ഡത്തില്‍ ഭഗവാന്‍ സ്നേഹസ്വരൂപനായി ലക്ഷ്മീദേവിയുടെ ഹൃദയ വാസനായി സംവത്സരത്തിന്റെ മക്കള്‍ക്കും നാഥനായി പ്രദ്യുമ്നന്‍ എന്ന പേരില്‍ ആരാധിക്കപ്പെടുന്നു. ലക്ഷ്മീദേവി, ഈ മക്കളോടൊത്ത്‌ ഭഗവാനെ ഇങ്ങനെ പ്രകീര്‍ത്തിക്കുന്നു. “ഓം ഹ്രം ഹ്രീം ഹ്രും. ഇന്ദ്രിയങ്ങളുടെ ദേവനായ അവിടേയ്ക്ക്‌ നമോവാകം. മറ്റെല്ലാ പ്രകൃതിസ്വഭാവങ്ങളില്‍ നിന്നും ഭിന്നനും, ഇന്ദ്രിയമനോബുദ്ധികളുടേയും അറിവിന്‍റേയും നിയന്താവും, പതിനാറുകലകളും സമ്പൂര്‍ണ്ണമായി ഒത്തുചേര്‍ന്നവനും, വേദങ്ങള്‍ മൂര്‍ത്തീകരിച്ചപോലെയുളളവനും, അമര്‍ത്ത്യതയും, ആഹാരവും, എല്ലാമെല്ലാമായ അങ്ങേയ്ക്കു നമോവാകം. കാന്തശക്തിയും, ബലവും, അധികാരവും എല്ലാം അങ്ങുതന്നെ. അങ്ങേയ്ക്ക്‌ നമസ്കാരം. അങ്ങയെ പൂജിക്കുന്നുവര്‍ അവിടുന്ന് തങ്ങളുടെ ഏകാവലംബമാവുക എന്ന വരം ചോദിക്കുന്നുതിനു പകരം മറ്റുവിലകറഞ്ഞ കാര്യങ്ങള്‍ വരമായി ചോദിക്കുന്നുത്‌ എത്ര പരിതാപകരം! കരുണയോടെ അവിടുത്തെ താമരക്കൈകള്‍ ഞങ്ങളുടെ ശിരസില്‍വച്ച്‌ അനുഗ്രഹം നല്‍കിയാലും. “

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF