പ്രത്നസ്യ വിഷ്ണോ രൂപം യത്സത്യസ്യര്‍ത്തസ്യ ബ്രഹ്മണഃ
അമൃതസ്യ ച മൃത്യോശ്ച സൂര്യമാത്മാനമീമഹീതി (5-20-5)
സ്വഗോഭിഃ പിതൃദേവേഭ്യോ വിഭജന്‍ കൃഷ്ണശുക്ലയോഃ
പ്രജാനാം സര്‍വാസാം രാജാ ന്ധഃ സോമോ ന ആസ്ത്വിതി (5-20-12)
പരസ്യ ബ്രഹ്മണഃ സാക്ഷാജ്ജാതവേദോഽസി ഹവ്യവാട്‌
ദേവാനാം പുരുഷാംഗാനാം യജ്ഞേന പുരുഷം യജേതി (5-20-17)
ആപഃ പുരുഷവീര്യാഃ സ്ഥ പുനന്തീര്‍ഭൂര്‍ഭുവഃ സുവഃ
താ നഃ പുനീതാമീവഘ്നീഃ സ്പൃശതാമാത്മനാ ഭുവ ഇതി (5-20-23)

ശുകമുനി തുടര്‍ന്നുഃ

ജംബുദ്വീപ്‌ ഉപ്പുവെളളം നിറഞ്ഞ കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. പ്ലക്ഷദ്വീപ്‌ അതിനുമപ്പുറത്താണ്‌. അതില്‍ ഏഴു നാവുകളോടുകൂടി അഗ്നിദേവന്‍ വിഹരിക്കുന്നു. പ്രിയവ്രതന്റെ പുത്രനായ ഇധ്മജിഹ്വന്‍, ഈ ദ്വീപിനെ ശിവം, യവശം, സുഭദ്രം, ശാന്തം, ക്ഷേമം, അമൃതം, അഭയം എന്നിങ്ങനെ ഏഴായി തരം തിരിച്ചു. ഈ ദ്വീപില്‍ ഏഴുനദികളും ഏഴുമലകളും ഉണ്ട്‌. ആയിരം വര്‍ഷത്തോളം ദീര്‍ഘായുസ്സുളള നാലുതരം മനുഷ്യരാണവിടെ വസിക്കുന്നുത്‌. ഹംസന്മ‍ാര്‍, പതംഗന്‍മാര്‍, ഊര്‍ദ്ധവായാനര്‍. സത്യാംഗര്‍ എന്നീ ജാതികള്‍. അവര്‍ സൂര്യനെ ഭഗവാന്‍വിഷ്ണുവിന്റെ പ്രത്യക്ഷരൂപമായി കണക്കാക്കി പൂജിക്കുന്നു. പ്രകൃതിനിയമത്തിന്‍റേയും സത്യത്തിന്‍റേയും അമര്‍ത്ത്യതയുടേയും മൃത്യുവിന്‍റേയും എല്ലാം നിയന്താവ്‌ അവിടുന്നാണല്ലോ.

പ്ലക്ഷദ്വീപിനു ചുറ്റും മധുരം നിറഞ്ഞ കരിമ്പുനീരാണുളളത്‌. അതിനുമപ്പുറം സാല്‍മല്‍ ദ്വീപ്‌. അതിനുചുറ്റും വീഞ്ഞുനിറഞ്ഞ സമുദ്രമത്രേ. ഗരുഡദേവന്റെ ആസ്ഥാനമായ സാല്‍മാലി എന്ന പട്ടുപഞ്ഞിമരം അവിടെയാണ്‌. പ്രിയവ്രതന്റെ മകന്‍ യജ്ഞഭാനു, ദ്വീപിനെ സുരോചനന്ദ, സൗമനസ്യ, രമണക, ദേവവര്‍ഷഢ, പാരിഭദ്ര, അപ്യായനന്ദ, അവിജ്ഞാത എന്നിങ്ങനെ ഏഴായിത്തിരിച്ചു. അവിടേയും സപ്തനദികളും മലകളും ഉണ്ട്‌. ശ്രുതധരര്‍, വീര്യധരര്‍, വസുന്ധരര്‍, ഇഷന്ധരര്‍ എന്നിങ്ങനെ നാലുജാതി മനുഷ്യരും അവിടെയുണ്ട്‌. അവര്‍ ചഢ്രനെ പൂജിക്കുന്നു. ‘രാവും പകലും ജീവികള്‍ക്ക്‌ പോഷകമേകിയും ഭരിച്ചും സംരക്ഷിച്ചും വിഹരിക്കുന്ന ചന്ദ്രഭഗവാന്‍ ഞങ്ങള്‍ക്ക്‌ രക്ഷയേകട്ടെ.’

നെയ്സമുദ്രത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുശദ്വീപിനെ പ്രിയവ്രതന്റെ നാലാമത്തെ പുത്രനായ ഹിരണ്യരേതന്‍ ഏഴാക്കി തിരിച്ചു. വസു, വസുദാനന്ദ ദൃധരുചി, നാഭിഗുപ്ത, സ്തുത്യവൃത, വിവിക്ത, വാമദേവ എന്നീ ഭൂഖണ്ഡങ്ങള്‍. ഇതിലും സപ്തനദികളും മലകളും ഉണ്ടായിരുന്നു. ഇവിടുത്തെ നാലുജാതി മനുഷ്യര്‍ കുശലര്‍, കോവിദര്‍, അഭ്യുക്തര്‍, കുലകര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. അവര്‍ അഗ്നിദേവനെ പൂജിക്കുന്നു ‘അവിടുന്ന് ഭഗവാനുളള അര്‍ഘ്യങ്ങള്‍ സ്വീകരിച്ച്‌ ഭഗവല്‍പ്രസാദം നേടിത്തരുന്ന. ദിവ്യതയും മഹിമയും ഭഗവാന്റെ കൈകാലുകളത്രേ.’

അതിനുമപ്പുറം ക്രൗഞ്ചദ്വീപ്, പാല്‍ക്കടലില്‍ നിലകൊളളുന്നു. പ്രിയവ്രതന്റെ പുത്രനായ ഘൃതപൃഷ്ടന്‍ ദ്വീപിനെ ആമ, മധുരുഹ, മേഘപൃഷ്ട, സുധാമ, ഭ്രാജിഷ്ട, ലോഹിതാര്‍നന്ദ വനസ്പതി എന്നിങ്ങനെ ഏഴാക്കിത്തിരിച്ചു. ഇവിടെയും സപ്തനദികളും മലകളും ഉണ്ട്‌. ഇവിടത്തെ നാലു ജാതി മനുഷ്യര്‍ പുരുഷര്‍, ഋഷഭര്‍, ദ്രവിനര്‍, ദേവകര്‍ എന്നറിയപ്പെടുന്നവര്‍ വരുണദേവനെ പൂജിക്കുന്നു. ‘ഭഗവാന്റെ ഊര്‍ജ്ജം അങ്ങിലുണ്ട്‌. എല്ലാ പാപങ്ങളേയും തുടച്ചുമാറ്റുന്ന അവിടുന്ന് ഞങ്ങളുടെ ശരീരങ്ങളെയും ശുദ്ധമാക്കിയാലും.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF