കിം വാ ഭാഗവതാ ധര്‍മ്മാ ന പ്രായേണ നിരൂപിതാഃ
പ്രിയാഃ പരമഹംസാന‍ാം ത ഏവ ഹ്യച്യുതപ്രിയാഃ (1-4-31)

ശൗനകന്‍ സൂതനോടു ചോദിച്ചു:

“അല്ലയോ ദിവ്യസ്വരൂപനായ സൂതാ, അങ്ങ് പറഞ്ഞ ഭഗവല്‍ക്കാര്യങ്ങള്‍കേട്ട്‌ ഞങ്ങള്‍ അത്യധികം ദാഹാകുലരായിരിക്കുന്നു. ഭഗവദവതാരകഥകളും മഹിമകളും കൂടുതലായി അറിയാനും കേള്‍ക്കാനും ഞങ്ങളാഗ്രഹിക്കുന്നു. ശുകമുനി വ്യാസഭഗവാനില്‍ നിന്നും ഭാഗവതകഥകള്‍ പഠിച്ചതായും അദ്ദേഹം പരീക്ഷിത്ത് രാജാവിനായി കഥകള്‍ വിവരിക്കുകയുണ്ടായി എന്നും അങ്ങ് പറഞ്ഞു.

ശുകമുനി അദ്വൈതചിന്തയില്‍ മുഴുകി ആത്മഭാവത്തില്‍ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നുവല്ലോ. ഒരിക്കല്‍ മകനായ ശുകനെ വ്യാസഭഗവാന്‍ പിന്തുടര്‍ന്നു. ശുകന്‍ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്‌. വഴിയരികിലെ പൊയ്കയില്‍ കുളിച്ചു കൊണ്ടിരുന്ന തരുണികള്‍ ശുകനെ കണ്ടിട്ട് നാണിച്ചില്ലെങ്കിലും വൃദ്ധനായ വ്യാസനെ കണ്ടപ്പോള്‍ നാണംപൂണ്ട്‌ വെളളത്തില്‍ മുങ്ങിയത്രേ. ശുകമുനി സ്ത്രീപുരുഷവ്യത്യാസങ്ങള്‍ക്ക് അതീതനായിരുന്നു. വ്യാസന്‍ ജ്ഞാനവൃദ്ധനാണെങ്കിലും ശുകമുനിയോളം പോന്ന പരമഹംസനല്ലതന്നെ. ശുകമുനി വെറുമൊരു കിറുക്കനെപ്പോലെ, മഠയനെപോലെ അലഞ്ഞു നടന്നുവല്ലോ. പരീക്ഷിത്ത്‌രാജാവ്‌ ശുകമുനിയുടെ മാഹാത്മ്യം എങ്ങിനെയാണ്‌ കണ്ടെത്തിയത്‌?

പ്രിയപ്പെട്ട സൂതാ, എങ്ങിനെയാണ്‌ പരീക്ഷിത്ത്‌ രാജാവ്‌ മരണശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടത്‌? പ്രജാവത്സലനും വില്ലാളിവീരനുമായിരുന്നുല്ലോ ആ മഹാരാജാവ്‌. അദ്ദേഹം എങ്ങിനെയാണ്‌ തന്റെ സമ്പത്തുംരാജ്യവും ഉപേക്ഷിച്ച്‌ മുനിയുടെ കാല്‍ക്കലിരുന്ന് ഭഗവദ്കഥകള്‍ കേള്‍ക്കാനിടയായത്‌?. ദയവായി പറഞ്ഞുതന്നാലും.”

സൂതന്‍ പറഞ്ഞു:

“അല്ലയോ മുനിവര്യരേ, ഭൂതഭാവിവര്‍ത്തമാനകാലങ്ങളെ മുന്‍കൂട്ടിയറിയുന്ന വ്യാസഭഗവാന്‍ ദ്വാപരയുഗത്തില്‍ത്തന്നെ കലിയുഗത്തിലുണ്ടാവുന്ന കാലുഷ്യങ്ങളെപ്പറ്റിയും ധര്‍മ്മഭ്രംശത്തെപ്പറ്റിയും മുന്‍കൂട്ടിക്കണ്ടിരുന്നു. അതുകൊണ്ട്‌ വേദങ്ങളെ വേണ്ടരീതിയില്‍ തരം തിരിച്ചെഴുതി വിശദീകരിക്കുന്ന മഹോത്തരമായ ഉദ്യമത്തില്‍ ഏര്‍പ്പെടുകയും നാലുവേദങ്ങള്‍ നാലു മാമുനിമാരെ പഠിപ്പിക്കുകയും ചെയ്തു. വേദപഠനം ദുഷ്ക്കരമായിട്ടുളളവര്‍ക്കായി അഞ്ചാമത്തെ വേദമെന്നരിയപ്പെടുന്ന മഹാഭാരതവും അദ്ദേഹമാണെഴുതിയത്‌. ഇങ്ങിനെയെല്ല‍ാം സജ്ജനക്ഷേമാര്‍ത്ഥം കര്‍മ്മങ്ങള്‍ചെയ്തിട്ടും വ്യാസഭഗവാന്‍ സംതൃപ്തനായില്ല.”

വ്യാസന്‍ ആലോചിച്ചു “ഞാന്‍ വേദപഠനം നടത്തി ദിവ്യപുരുഷന്മ‍ാരെ സേവിച്ചു. കര്‍മ്മയാഗങ്ങള്‍ അനവധി നടത്തി. പലവിധ ആചാരങ്ങളും ഭംഗിയായി അനുഷ്ടിച്ചു. ധര്‍മ്മത്തിന്റെ പാതയില്‍നിന്നും അണുവിട വിട്ടുനടന്നിട്ടുമില്ല. എന്നിട്ടും എന്റെ ആത്മബോധം പരമാര്‍ത്ഥബോധത്തില്‍ വിലീനമായിത്തീരാത്തതെന്തേ? ഒരുപക്ഷേ ഞാന്‍ ഭാഗവതധര്‍മ്മത്തെ പരിപൂര്‍ണ്ണമായി വ്യാഖ്യാനിക്കാത്തതുകൊണ്ടാവുമോ?. പരമഹംസപദത്തിലേക്കുളള ആ വഴിയെപ്പറ്റി, ദിവ്യപുരുഷന്മ‍ാരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട ആ പാതയെപ്പറ്റി ധ്യാനിക്കാത്തതിനാലാകുമോ?”

എന്നിങ്ങനെ ചിന്താകുലനായിരിക്കുന്ന വ്യാസഭഗവാന്റെ മുന്നില്‍ നാരദമുനി പ്രത്യക്ഷപ്പെട്ടു. വ്യാസന്‍ എഴുന്നേറ്റ്‌ മുനിയെ ആദരിച്ചു സ്വാഗതം ചെയ്തു. അണ്ഡകടാഹത്തിലെ സകലദേവതകളും ആദരിക്കുന്ന നാരദമുനിയെ വ്യാസന്‍ സ്വീകരിച്ചാനയിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF