നത്വാ ഭഗവതേഽജായ ലോകാനാം ധര്‍മ്മഹേതവേ
വക്ഷ്യേ സനാതനം ധര്‍മ്മം നാരായണമുഖാച്ഛ്‌രുതം (7-11-5)

യുധിഷ്ഠിരന്‍ പിന്നീട്, സനാതന ധര്‍മ്മത്തെപ്പറ്റി വിശദീകരിക്കാന്‍ നാരദമുനിയോടഭ്യര്‍ഥിച്ചു. നാരദന്‍ പറഞ്ഞുഃ “ഭഗവാന്‍ നാരായണന്‍ സ്വയം എന്നോടുണര്‍ത്തിച്ച സനാതനധര്‍മ്മത്തെപ്പറ്റി, അതേ ധര്‍മ്മത്തെ പരിപാലിക്കുന്ന ഭഗവാനെ നമിച്ചുകൊണ്ട്‌ ഞാന്‍ വിശദീകരിക്കട്ടെ.” ഈ ധര്‍മ്മത്തിന്റെ അടിസ്ഥാനം മൂന്നാണ്‌ . ഒന്നു്, ഭഗവാന്‍ സ്വയം അരുള്‍ചെയ്തത് ,രണ്ട്, ഭഗവല്‍പ്രോക്തങ്ങള്‍ അറിയാവുന്നവരുടെ കൃതികള്‍ , മൂന്നു് ഏതനുഷ്ഠാനങ്ങളാണോ ഉളളിന്റെയുളളില്‍ ആത്മാവിനെ പരമശാന്തിയിലെത്തിക്കുന്നുത്‌ അവ. മുപ്പത്‌ സ്വഭാവസവിശേഷതകള്‍ സനാതനധര്‍മ്മരീതിയില്‍ ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്കായി വിധിച്ചിട്ടുണ്ട്‌. സത്യം, കൃപ, തപസ്സ്, പരിശുദ്ധി സഹനശക്തി, ആത്മനിയന്ത്രണം, ഇന്ദ്രിയനിയന്ത്രണം, അഹിംസ, ഇന്ദ്രിയനിഗ്രഹം, സംന്യാസം, ധര്‍മ്മശാസ്ത്ര പഠനം, നേര്‍വഴി, സംതൃപ്തി, സമദൃഷ്ടിയുളളവര്‍ക്കുവേണ്ടി സേവനം, ലൗകികപ്രവര്‍ത്തനങ്ങളില്‍ നിന്നും ക്രമേണയുളള വിടുതി, ജീവിതത്തിലെ വിരോധാഭാസങ്ങളെപ്പറ്റിയുളള ചിന്ത, മൗനം, ആത്മാനുസന്ധാനം, അന്നദാനം, മനുഷ്യര്‍ക്കും ഇതരജീവികള്‍ക്കും (അവരെയെല്ലാം ഒരേ ആത്മാവായി ദര്‍ശിച്ച്‌) ഭഗവല്‍കീര്‍ത്തനം സ്മരണ, സേവനം, പൂജാനമസ്കാരകര്‍മ്മങ്ങള്‍, മഹാത്മാക്കളുടെ ലക്ഷ്യമായ ഭഗവല്‍സേവ, ഭഗവാന്റെ ഭൃത്യനോ, സുഹൃത്തോ ആയി സ്വയം കണക്കാക്കി ഭഗവാനില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണം, ഇതെല്ലാം കൊണ്ട്‌ ഒരുവന്‍ സനാതനധര്‍മ്മം അനുഷ്ഠിച്ച്‌ സര്‍വ്വര്‍ക്കും പ്രിയങ്കരനായി ഭവിക്കുന്നു.

ഏതൊരു വീട്ടിലാണോ ധര്‍മ്മാനുഷ്ഠാനങ്ങള്‍ നിരന്തരം മുടക്കമില്ലാതെ അനുവര്‍ത്തിച്ചു വരുന്നത്, അവിടെയുളളവനാണ്‌ ദ്വിജന്‍ . ബ്രാഹ്മണര്‍ യാഗാനുഷ്ഠാനങ്ങള്‍ ചെയ്യുകയും ധര്‍മ്മശാസ്ത്രങ്ങള്‍ പഠിക്കുകയും വേണം. ദാനധര്‍മ്മാദികള്‍ , നാലു ജീവഘട്ടങ്ങള്‍ – ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വനവാസം, സംന്യാസം, എന്നിവ കൃത്യമായി അനുഷ്ഠിക്കുകയും ചെയ്യണം. പഠനാദികളാണ്‌ ബ്രാഹ്മണധര്‍മ്മം. പ്രജാസുരക്ഷിതത്വമാണ്‌ രാജാവിന്റെ ധര്‍മ്മം. വൈശ്യരുടേത്‌ വ്യാപാരധര്‍മ്മം. ശൂദ്രന്മാരുടേത്‌ സേവനധര്‍മ്മം. പലേവിധ ജോലികള്‍ , സമ്മാനം സ്വീകരിക്കല്‍ , ഭിക്ഷാടനം, ബാക്കിവന്ന ധാന്യം ശേഖരിക്കല്‍ എന്നിവയാണ്‌ ബ്രാഹ്മണര്‍ക്ക്‌ വിധിച്ചിട്ടുളള ജീവിതായോധനമാര്‍ഗ്ഗങ്ങള്‍ . അത്യാഹിതസന്ദര്‍ഭങ്ങളിലൊഴികെ ഒരുവന്‍ തന്റെ മേലധികാരിയുടെ ധര്‍മ്മം പിടിച്ചെടുക്കുകയോ തനിക്കു വിധിച്ചിട്ടുളളതില്‍ നിന്നും താഴെയുളള ജോലികള്‍ ഏറ്റെടുത്ത്‌ തരം താഴുകയോ അരുത്‌.

ആത്മനിയന്ത്രണം, ഇന്ദ്രിയനിയന്ത്രണം, സംശുദ്ധി സംതൃപ്തി, ക്ഷമാശീലം, നേര്‍വഴി, വിവേകം, കൃപ, ഭഗവല്‍സാക്ഷാത്ക്കാരത്തിനും സത്യത്തിനുമുളള ത്വര, എന്നിവയാണ്‌ ബ്രാഹ്മണഗുണങ്ങള്‍ . ധൈര്യം, ശക്തി, ഉറപ്പ്, നിശ്ചയദാര്‍ഢ്യം, തേജസ്, സംന്യാസം, ആത്മനിയന്ത്രണം, ക്ഷമാശീലം, ബ്രഹ്മപ്രതാപം, ശാന്തി, സുരക്ഷ എന്നിവയത്രേ രാജഗുണങ്ങള്‍ . (ക്ഷത്രിയഗുണങ്ങള്‍ ) ഭഗവദ്‍ഭക്തി, ഗുരുഭക്തി, യജമാനഭക്തി, മൂന്നുവിഭാഗങ്ങളില്‍ പെട്ടവര്‍ക്കുളള പോഷണം, വിശ്വാസം, ഉത്സാഹം, അദ്ധ്വാനശീലം, നിപുണത എന്നിവയാണ്‌ വൈശ്യനുവേണ്ട ഗുണങ്ങള്‍ . സേവനം, ശുദ്ധി വിനയം, ലളിതമായ യാഗകര്‍മ്മാനുഷ്ഠാനങ്ങള്‍, മോഷ്ടിക്കാതിരിക്കല്‍ , സത്യം, മഹാത്മാക്കളുടേയും പശുക്കളുടേയും സുരക്ഷ എന്നിവ ശൂദ്രന്റെ ലക്ഷണങ്ങളത്രെ. ഒരു സ്ത്രീയുടെ കടമ തന്റെ ഭര്‍ത്താവിനെ സേവിക്കയെന്നതാണ്‌. അദ്ദേഹത്തെ ഭഗവാന്റെ പ്രതിപുരുഷനായി കാണുകയും വേണം. അവനവന്റെ ഗുണങ്ങളും വാസനയുമനുസരിച്ചുളള ധര്‍മ്മത്തെ ഒരുവന്‍ അര്‍പ്പണഭാവത്തോടെ അനുഷ്ഠിക്കേണ്ടതാണ്‌. അങ്ങനെ സ്വന്തം ഗുണവിശേഷങ്ങളാല്‍ത്തന്നെ, ആ ഗുണങ്ങള്‍ക്കുമപ്പുറത്തേക്കുകടക്കാന്‍ അവനു കഴിയുന്നു. ഒരുവന്റെ ഗുണസവിശേഷതകള്‍ മാത്രമനുസരിച്ചേ വര്‍ണ്ണാശ്രമധര്‍മ്മം അനുഷ്ഠിക്കാവൂ. അതനുസരിച്ചാണ്‌ ഒരുവന്റെ ജാതി നിര്‍ണ്ണയിക്കപ്പെടുന്നത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF