പരിസ്ഥിതിനാശം മനുഷ്യനാശം (8)

സമഷ്ടി മഹാഭൂതങ്ങളെ നന്നായി പരിപാലിച്ചാലേ വ്യഷ്ടിയില്‍ സുഖകരമായ അനുഭവങ്ങളുണ്ടാകൂ. ആകാശം, ജലം, ഭൂമി, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് സര്‍വവും സൃഷ്ടിച്ചിരിക്കുന്നത്. സമഷ്ടിജലം മലിനമാക്കപ്പെട്ടാല്‍ വ്യഷ്ടിയിലെ ജലസംവിധാനവും തകരാറിലാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു.

അഭിമന്യു അഭിമാനമാണ്. ചക്രവ്യൂഹം ഈ ലോകം തന്നെയായ കര്‍മവ്യൂഹവും. അവനവനാകുന്ന രഥത്തില്‍ അഹം എന്ന ഭാവത്തില്‍ ഇരുന്നാല്‍ രക്ഷപ്പെടാനാകില്ല. പ്രവൃത്തിമാര്‍ഗവും നിവൃത്തിമാര്‍ഗവും അറിയണം. സംസാരസാഗരത്തില്‍ നിന്ന് എങ്ങനെയാണ് പുറത്തു കടക്കുക എന്നറിയണം.

പാണ്ഡവരുടെ ശംഖനാദം പോലെയാകണം ഓരോരുത്തരുടെയും ശബ്ദം. അത് സദ്ഗുണങ്ങളുടെ ഘോഷമാണ്. കൗരവപക്ഷത്തെ കീറിമുറിച്ചു കടന്നുചെന്ന ഈ ശംഖനാദം ആകാശത്തെയും ഭൂമിയെയും കിടിലം കൊള്ളിച്ചുകൊണ്ട് മാറ്റൊലിക്കൊണ്ടു എന്ന് ഗീത പറയുന്നു.അജ്ഞാതകേന്ദ്രത്തിലേക്ക് ചെല്ലുന്ന സദ്ഘോഷങ്ങള്‍ കാലദേശാതീതമായി നിലനില്‍ക്കുമെന്നാണ് ഇവിടെ വിവക്ഷ. ഇന്ദ്രിയങ്ങളില്‍ വിഹരിക്കുന്നതല്ല ഞാന്‍ എന്നറിഞ്ഞാല്‍ നമ്മുടെ സംസാരത്തിലും ഈ ശക്തിയുണ്ടാകും. ആ വാക്കിന് അജ്ഞാനത്തെ ഇല്ലാതാക്കാനും സാന്ത്വനം പകരാനും കഴിയും.

നമ്മുടെ വാക്കുകള്‍ ഇപ്പോള്‍ മിക്കപ്പോഴും ഭയവും സംശയവും ഉണ്ടാക്കുന്നവയാണ്.അപരന്റെ ശാന്തിയും സമാധാനവും കളയുകയാണ് പലരും. വാക്കുകള്‍ കേള്‍വിക്കാരുടെ മനസ്സില്‍ മുളപ്പിക്കുന്ന വിത്തുകള്‍ അജ്ഞാനം കളയുന്നതോ വളര്‍ത്തുന്നതോ എന്ന് ഏവരും ചിന്തിക്കണം. അറിയാത്തത് അറിയില്ലെന്നു പറയാനുള്ള അറിവാണ് കേമമായ അറിവ്. അറിയാത്ത കാര്യത്തില്‍ ആധികാരികമായ അഭിപ്രായം പറഞ്ഞ് പലരും മറ്റുള്ളവരെ കുഴപ്പത്തില്‍ ചാടിക്കുകയാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close