രഥം ശരീരം, സാരഥി ബുദ്ധി, കുതിരകള്‍ ഇന്ദ്രിയങ്ങള്‍ (9)

ഭഗവദ്ഗീതയിലെ രഥകല്പന പരമ പ്രധാനമാണ്. രഥമെന്നത് നമ്മുടെ ശരീരം തന്നെയാണ്. ബുദ്ധിയാണിതിന്റെ സാരഥി. കടിഞ്ഞാണ്‍ മനസ്സും. അഞ്ച് കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളുടെ സഞ്ചാരമാര്‍ഗം വിഷയങ്ങളാണ്. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ അനുഭവങ്ങളുടെ സമാഹാരമാണ് ഇഹലോക ജീവിതം. കാതാകുന്ന കുതിര ശബ്ദമാകുന്ന വീഥിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗന്ധത്തിന്റെ വഴിയിലൂടെയാണ് നാസികയാകുന്ന കുതിര നീങ്ങുന്നത്. ഇതേപ്രകാരം ഓരോ ഇന്ദ്രിയവും അതോട് ചേര്‍ന്ന വിഷയങ്ങളിലേക്ക് നയിക്കപ്പെടുന്നു. ഈ സഞ്ചാരത്തില്‍ ബുദ്ധിയാണ് സാരഥിയെങ്കില്‍ കുഴപ്പമുണ്ടാകില്ല. പക്ഷേ, പലപ്പോഴും ചഞ്ചലമായ മനസ്സ് കാര്യങ്ങള്‍ തീരുമാനിക്കുവാന്‍ ഉത്സാഹിക്കും. വേഷം മാറി ബുദ്ധിയെന്ന മട്ടിലാകും മനസ്സ് അവതരിക്കുക. ഇത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം.

ചഞ്ചലാത്മകമായ മനസ്സ് ഒരു കുരങ്ങനെപ്പോലെയാണ്. ബുദ്ധിയാകട്ടെ ഹനുമാനെപ്പോലെ നിശ്ചലാത്മകമാണ്. ശരീരമാകുന്ന രഥത്തിന്റെ കൊടിയടയാളം സദാ കസഫിതമാകുന്ന (ഇളകുന്ന) കപി ആയിരിക്കരുത്, നിശ്ചലബുദ്ധിയായ ഹനുമാന്‍ തന്നെയാകണം. ചാഞ്ചല്യമാര്‍ന്ന വ്യക്തിത്വങ്ങളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കുക എന്നതാണ് ഗീതയുടെ ലക്ഷ്യം. സാരഥിക്ക് ലക്ഷ്യബോധം നഷ്ടപ്പെടുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വശംവദരാകില്ല. ശ്രീകൃഷ്ണനെപ്പോലെ ബോധമുള്ള സാരഥിയാണെങ്കില്‍ അവന്‍ സംസാരസാഗരത്തിന്റെ മറുകര കടന്ന് വൈകുണ്ഠത്തെ പ്രാപിക്കും. നമുക്ക് ദുരിതമായി തോന്നിയ ഈ ലോകം തന്നെ എല്ല‍ാം നമുക്കനുകൂലമാകുന്ന വൈകുണ്ഠാവസ്ഥയെ പ്രദാനം ചെയ്യും. ഇരു സൈന്യങ്ങള്‍ക്കിടയില്‍ രഥം നിര്‍ത്തി തനിക്ക് എതിരിടേണ്ടവരെ അര്‍ജുനന്‍ നോക്കിക്കാണുന്നുണ്ട്. ഇത് നമ്മുടെ ചിത്തവൃത്തികളിലേക്കുള്ള നോട്ടത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെയുള്ളിലെ ഏതൊക്കെ വികാരങ്ങളെയാണ് ഇല്ലാതാക്കേണ്ടതെന്ന് ന‍ാം കാലേക്കൂട്ടി കണ്ടെത്തണം. ഇതിന് മനസ്സിനുള്ളില്‍ ഒരു യുദ്ധം അനിവാര്യമാണ്. ഈ യുദ്ധം ജയിച്ചാല്‍ ബാഹ്യലോകത്തു നിന്നുള്ള ഒരു യുദ്ധവും പിന്നെ ന‍ാം നേരിടേണ്ടിവരില്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close