പാപമെന്നത് സ്വയം അറിയാതിരിക്കല്‍ (11)

പാപമെന്നത് തെറ്റിദ്ധാരണയാണ്. തന്നെ മറ്റൊന്നായി ധരിക്കുക. അതിലൂടെ മറ്റുള്ളവയേയും മറ്റൊന്നായി ധരിക്കുക അതാണ് പാപം.

അജ്ഞാനം വേദാന്തഭാഷയില്‍ എന്തെങ്കിലും അറിയാതിരിക്കുകയല്ല. സ്വരൂപത്തെക്കുറിച്ചറിയാതെ ബാക്കിയെല്ല‍ാം അറിയലാണ് അജ്ഞാനം. മൂന്നു ലോകങ്ങള്‍ക്കും നാഥനായ ഭഗവാന്‍ ഞാന്‍ എന്ന ബോധം തന്നെയാണ്. മൂന്ന് അനുഭവമണ്ഡലങ്ങളാണ് മൂന്നു ലോകങ്ങള്‍. ശബ്ദസ്പര്‍ശരസരൂപഗന്ധങ്ങളാല്‍ അനുഭവിക്കുന്ന ജാഗ്രത് അവസ്ഥയാണ് ഒന്നാമത്തേത്. അതാണ് ഭൂമി. സ്വപ്നം, സ്വര്‍ഗവുമായി താദാത്മ്യപ്പെട്ട അവസ്ഥയാണ്. മനസ്സിന്റെ കല്പനയാണത്. ഗാഢസുഷുപ്തിയാണ് പാതാളം – ഞാനൊന്നുമറിഞ്ഞില്ല എന്ന അവസ്ഥ.

സ്വരൂപത്തെ അന്വേഷിക്കുന്ന ഏതൊരാള്‍ക്കുമുണ്ടാകുന്ന സംശയങ്ങളാണ് കൃഷ്ണനോട് അര്‍ജുനന്‍ ചോദിക്കുന്നത്. കുലക്ഷയത്തിന് ന‍ാം കാരണമാകുമോ എന്നാണ് അര്‍ജുനന്റെ സംശയം. നമ്മുടെ കുലം മനുകുലമാണ്. മനനം ചെയ്യേണ്ടവരെന്നര്‍ത്ഥം. കുലം ക്ഷയിക്കുന്നത് മനനം നിലക്കുമ്പോഴാണ്. അപ്പോള്‍ മൃഗങ്ങളെപ്പോലെ എന്നും പറയാന്‍ പറ്റില്ല. കാരണം അവര്‍ക്ക് അധമവികാരങ്ങള്‍ ഉണ്ടാകില്ല. കൌരവന്മാര്‍ ആതതായികള്‍ (വധാര്‍ഹര്‍) തന്നെയെന്ന് അര്‍ജ്ജുനന്‍ പറയുന്നുണ്ട്. വധം, അപഹരണം തുടങ്ങിയ നീചപ്രവൃത്തികള്‍ ചെയ്തവരാണ് ആതതായികള്‍. എല്ലാവരും മനസ്സിലെങ്കിലും ഈ തെറ്റുകള്‍ ചെയ്യുന്നുണ്ട്. കാമമോഹാദികളാണ് ഇതിനു കാരണം. അതിനാല്‍ അവ വധാര്‍ഹമാണ്. കൊല്ലുക എന്നതിന് ഇനി ഉണ്ടാകരുത് എന്നര്‍ത്ഥം. കാമമോഹാദികള്‍ മനസ്സില്‍ ജനിച്ചെങ്കില്‍ അവയെ കൊല്ലുക തന്നെ വേണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close