അനുഗ്രഹോഽയം ഭവതഃ കൃതോ ഹി നോ ദണ്ഡോഽസതാം തേ ഖലു കല്‍മഷാപഹഃ
യദ്ദന്തശുകത്വമമുഷ്യ ദേഹിനഃ ക്രോധോഽപി തേഽനുഗ്രഹ ഏവ സമ്മതഃ (10-16-34)
ന നാകപൃഷ്ഠം ന ച സാര്‍വഭൗമം ന പാരമേഷ്ഠ്യം ന രസാധിപത്യം
നയോഗസിദ്ധീരപുനര്‍ഭവം വാ വാഞ്ച്ഛന്തി യത്പാദരജഃപ്രപന്നാഃ (10-16-37)

ശുകമുനി തുടര്‍ന്നു:

യമുനാനദിയുടെ ഒരു ഭാഗമായ കാളിന്ദി കാളിയന്‍ എന്ന്‌ പേരുളള ഒരു സര്‍പ്പത്തിനാല്‍ വിഷലിപ്തമായിത്തീര്‍ന്നിരുന്നു. ഏതൊരു ജീവിയും നദിക്കരയിലെത്തുമ്പോഴേക്കും കാളിയന്റെ വിഷവീര്യത്താല്‍ മരിച്ചു വീഴുമായിരുന്നു. സര്‍വ്വമാനജീവജാലങ്ങളുടേയും സംരക്ഷണാര്‍ത്ഥം അവതരിച്ച ഭഗവാന്‍ കൃഷ്ണന്‍ കാളിന്ദീനദീതീരത്തു ചെന്ന് അടുത്തുളള ഒരു മരത്തില്‍ കയറി അതില്‍ നിന്നു വിഷമയമായ വെളളത്തിലേക്ക്‌ എടുത്തു ചാടി. എന്നിട്ട്‌ കളിച്ചുല്ലസിക്കാന്‍ തുടങ്ങി. വിഷത്തിനു കാരണഭൂതനായ സര്‍പ്പം ക്ഷണനേരംകൊണ്ട്‌ കൃഷ്ണനെ ചുറ്റിവരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ഭഗവാന്‍ അനങ്ങാതെ നിന്നു കൊടുത്തു. അതു കണ്ട്‌ ഗോപാലന്മാര്‍ ബോധം കെടുകയും പശുക്കള്‍ ദീനരായി തലതാഴ്ത്തുകയും ചെയ്തു. ദുഃശ്ശകുനങ്ങള്‍ ദര്‍ശിച്ച ഗ്രാമീണസ്ത്രീകള്‍ തങ്ങളുടെ കണ്ണിലുണ്ണിക്കണ്ണന്‍ അപകടത്തിലാണെന്നു കരുതി കൃഷ്ണന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നു്‌ നദിക്കരയിലെത്തി. നന്ദനും മറ്റു ഗോപരും വിഷജലത്തില്‍ എടുത്തു ചാടാനൊരുങ്ങിയപ്പോള്‍ ബലരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി.

കൃഷ്ണന്‌ തന്റെ കൂട്ടുകാരുടെയും പശുക്കളുടെയും മനഃപ്രയാസം കണ്ട്‌ മനസ്സലിഞ്ഞു. മായാശക്തിയാല്‍ കൃഷ്ണന്‍ തന്റെ ശരീരത്തെ വികസിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ സര്‍പ്പം കൃഷ്ണന്റെ മേലുളള പിടിവിട്ടു. എന്നിട്ട്‌ വാലുകൊണ്ട്‌ അടിക്കാനൊരുങ്ങി. കൃഷ്ണന്‍ പാമ്പിനുചുറ്റും നൃത്തം വച്ചു. ഇടിമിന്നല്‍ പോലുളള ചലനത്തിനെ പിന്തുടര്‍ന്നു്‌ സര്‍പ്പം തളര്‍ന്നു. തന്റെ കൈകള്‍ കൊണ്ട്‌ സര്‍പ്പത്തിന്റെ ഫണമമര്‍ത്തി കൃഷ്ണന്‍ അതിനു മുകളിലേറി നൃത്തം ചെയ്തു. ആകാശസംഗീതവും പെരുമ്പറയും മുഴങ്ങി. കൃഷ്ണന്റെ കാല്‍ച്ചവിട്ടില്‍ അമര്‍ന്നു വിഷമിച്ച കാളിയന്‍ ഭഗവാന്‍ നാരായണനെ ധ്യാനിച്ച്‌ ബോധമറ്റു വീണു. അതുകണ്ട്‌ കാളിയന്റെ ഭാര്യമാര്‍ കൃഷ്ണന്റെയടുക്കല്‍ വന്നു പ്രാര്‍ത്ഥിച്ചു: “ഈ സര്‍പ്പത്തെ ശിക്ഷിക്കുക എന്നത്‌ ന്യായം തന്നെ. പക്ഷെ ഇതൊരു ശിക്ഷയല്ലതന്നെ. ഇത്‌ അദ്ദേഹത്തെ ശുദ്ധീകരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ്‌. അവിടുത്തെ ക്രോധം ഒരനുഗ്രഹമത്രെ കാരണം ഞങ്ങളുടെ ഭര്‍ത്താവ്‌ ഒരു സര്‍പ്പമായി ജനിക്കാനിടവരുത്തിയ ആ പാപം മുഴുവന്‍ നശിച്ചിരിക്കുന്നു. അങ്ങയുടെ പാദമുദ്രകള്‍ അദ്ദേഹത്തിന്റെ ശിരസ്സിലണിയാനിടവരുന്നത്‌ അനുഗ്രഹം തന്നെ. അങ്ങയുടെ പാദരേണുക്കള്‍ ശിരസ്സില്‍ അണിയാനിടയായവര്‍ ഭൗതികമോ സ്വര്‍ഗ്ഗീയമോ ആയ യാതൊരു ഫലകാംക്ഷയും വച്ചു പുലര്‍ത്തുന്നില്ല. എന്തിന്‌, മോക്ഷപദം പോലും അവര്‍ക്കു വേണ്ട. കാരണം, അതുതന്നെ ഏറവും വലിയ നേട്ടം. ഞങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു. എല്ലാ ജീവികളും സാത്വികരും രാജസികരും താമസഭാവമുളളവരും എല്ലാം അങ്ങില്‍ നിന്നു്‌ ഉത്ഭവിക്കുന്നു. ഇപ്പോള്‍ അങ്ങ്‌ സാത്വികരെ സംരക്ഷിക്കാന്‍ ഉടലെടുത്തിരിക്കുന്നു. അവിടത്തെ ഭൃത്യനായ അദ്ദേഹത്തോട്‌ ക്ഷമിച്ചാലും.” കാളിയനും ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “ഞങ്ങള്‍ സര്‍പ്പങ്ങള്‍ ജന്മനാ വിഷമുളളവരും പ്രകൃത്യാ അക്രമവാസനയുളളവരുമാണ്‌. ഞങ്ങള്‍ ജീവികള്‍ക്ക്‌ പ്രകൃതിദത്തമായ സഹജഗുണത്തെ സ്വയം അതിവര്‍ത്തിക്കുക തുലോം അസാദ്ധ്യമത്രെ. അവിടുത്തേക്ക്‌ മാത്രമേ ഈ മായയെ തരണം ചെയ്യാന്‍ ഞങ്ങളെ സഹായിക്കാനാവൂ.

അപ്പോള്‍ കൃഷ്ണന്‍ കാളിയനോട്‌ നദിവിട്ടു സമുദ്രത്തില്‍ പോയി വസിക്കാന്‍ കല്‍പ്പിച്ചു. മനുഷ്യര്‍ക്കും കാലികള്‍ക്കും ശല്യമാകാത്തവിധം അങ്ങനെ കഴിയാമെന്ന് കാളിയന്‍ സമ്മതിച്ചു. അങ്ങനെ നദി ശുദ്ധമാവുകയും ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും സന്തോഷമാവുകയും ചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF