നമ്മുടെ ഉള്ളിലെ ഈശ്വരന്റെ പ്രതീകമാണ് പ്രതിഷ്ഠ (14)

ന‍ാം തുല്യരാണെന്നല്ല, അതുല്യരാണെന്നാണ് ഭഗവാന്‍ പറയുന്നത്. നീയും ഞാനും ഇക്കാണുന്നതെല്ല‍ാം എന്നും ഉള്ളതാണ്, അവക്കൊന്നിനും ഇല്ലായ്മ എന്നൊന്നില്ല എന്ന് അര്‍ജ്ജുനനോട് പറയുന്നു. എന്തുകൊണ്ടാണെന്നാല്‍ എന്തിന്റെയും സ്വരൂപം ഉണ്മയാണ്.

ഇനി ശരീരതലത്തിലാണെങ്കില്‍ കൗമാരയൗവനജരകള്‍ സംഭവിച്ചതുപോലെ ഒരു മാറ്റമായി മരണവും സംഭവിക്കുന്നു. ധീരന്‍ ഇതില്‍ മോഹിക്കുന്നില്ല. അബോധപൂര്‍വ്വം ഒന്നും ചെയ്യാതിരിക്കുന്നതാണ് ധീരത. സുഖദുഃഖങ്ങളെ സമീകരിച്ച, അവയെ അറിഞ്ഞ പുരുഷനെ ഒന്നും ചലിപ്പിക്കുന്നില്ല. വേദാന്തത്തിലെ പുരുഷ – മാതൃശബ്ദങ്ങള്‍ ആണിനും പെണ്ണിനും ഒന്നുപോലെ ബാധകമാണ്, അവ ലിംഗപരമല്ല.

ആദ്യം ജനിച്ചതിനുശേഷം ജീവിതമുണ്ടോ എന്നന്വേഷിക്കുക, എന്നിട്ടാവ‍ാം മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്നതാണ് ഗീതയുടെ കാഴ്ചപ്പാട്.

എല്ലാറ്റിനേയും നിരീക്ഷിക്കുക. നമ്മുടെ കുട്ടിക്കാലത്തെ മുതിര്‍ന്നശേഷം ഓര്‍ക്കുന്നത്, പഴയ ഫോട്ടോ കണ്ട് അത് ഞാനാണെന്നു പറയുന്നത് ഒക്കെ മാറിനിന്നുള്ള ഒരു നിരീക്ഷണമാണ്. ആ നിരീക്ഷണം വര്‍ത്തമാനകാലത്തിലേക്കും കൊണ്ടുവരിക. കരയണമെന്നു തോന്നുമ്പോള്‍ കരയുക, ചിരിക്കണമെന്നു തോന്നുമ്പോള്‍ ചിരിക്കുക. റോഡില്‍ വണ്ടികയറി മരിക്കാനും തയ്യാറായിരിക്കുക. പ്രകൃതി നല്‍കുന്ന എന്തിനേയും പൂര്‍ണ്ണ മനസ്സോടെ, പരാതികളില്ലാതെ സ്വീകരിക്കുക. ‘എന്നെ കിടത്താതെ വിളിക്കണേ’ എന്ന ആവശ്യം പോലും ഭഗവാനോട് ജ്ഞാനി ഉന്നയിക്കുന്നില്ല.

രണ്ടു കാലും മുറിച്ചുമാറ്റപ്പെട്ടിട്ടുള്ള ആളോടു ചോദിക്കൂ ഞാന്‍ എന്ന ബോധത്തിന് മുറിവേറ്റിട്ടുണ്ടോ എന്ന്. ഈയൊരു ഉദാഹരണം മതി ഞാന്‍ ശരീരത്തിനപ്പുറമാണെന്നറിയാന്‍. വൃക്ഷത്തിന്റെ ജനനം വിത്തിന്റെ മരണമല്ല, പൂര്‍ത്തീകരണമാണ്. നമ്മുടെ ആവിഷ്കാരമാണ് മരണം. ശരീരത്തിന്റെ നിരന്തരമായ മാറ്റമാണ് ലോകത്ത് നടക്കുന്നത്. ട്രാക്കിലൂടെ പോകുന്ന തീവണ്ടി പോലെയല്ല ജീവിതം. ഗംഗാനദി പോലെയാണ്. കുത്തിമറഞ്ഞ് കലങ്ങി വളഞ്ഞുപുളഞ്ഞ്, ആകെ മാറിമറിഞ്ഞ്, മാറ്റിമറിച്ച് ഒഴുകുന്നു.

ശരീരത്തിന് നാശമുണ്ട് എന്നത് സത്യമാണ്. പക്ഷേ അതിന്റേതായ ധര്‍മ്മങ്ങളുണ്ട്. ഉപനിഷത്തില്‍ പറഞ്ഞ ധര്‍മ്മങ്ങളൊക്കെ എന്നില്‍ സംഭവിക്കണമെങ്കില്‍ എന്റെ ഇന്ദ്രിയങ്ങള്‍ സചേതനമായിട്ടിരിക്കണം. ഇന്ദ്രിയങ്ങളെ മുഴുവന്‍ നിഷേധിച്ച്, ശരീരത്തെ നിഷേധിക്കുന്ന ഒരുവന് അത് സാദ്ധ്യമാകില്ല. ഇത് പരസ്പര പൂരകമാണ്.

അറിവില്‍ ആനന്ദമുണ്ടാകലാണ് ഭാരതീയന്റെ ലക്ഷണം. കുറിതൊട്ട് ഭാരത് മാതാ കീ ജയ് വിളിക്കലല്ല. പ്രതികാരഭാവമില്ലാത്ത സഹനം, അറിയല്‍ ആണ് ഗീത പറയുന്നത്. സമുദ്രം പോലെ പര്‍വ്വതം പോലെ നിലകൊള്ളണം. അല്ലാതെ അമ്പലത്തില്‍ പോയിട്ട് കാര്യമില്ല. എന്നെ അറിയാന്‍ ക്ഷേത്രമെന്ന മാര്‍ഗ്ഗം സഹായിക്കുമെന്നതിനാല്‍ , എന്റെ ഉള്ളിലെ ദൈവത്തിന്റെ പ്രതീകമായിട്ടാണ് പ്രതിഷ്ഠ എന്ന അറിവില്‍ വേണം ക്ഷേത്രത്തില്‍ പോകാന്‍ . ഇവിടെയാണ് നാമിരിക്കേണ്ടത്. നാമിരിക്കേണ്ടിടത്ത് നാമിരിക്കുന്നില്ലെങ്കില്‍ വേറെ പലതും കയറിയിരിക്കും. അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. വ്യാസഭഗവാന്‍ ഒരു പക്ഷവും ചേരാന്‍ നമ്മോടു പറയുന്നില്ല. നമുക്ക് നമ്മെ കാണാനും അതിലൂടെ ഉയരാനുമാണ് ഗീത. മറ്റുള്ളവരെ അളക്കാനുള്ളതല്ല അത്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close