ശ്രീ രമണമഹര്‍ഷി

സെപ്റ്റംബര്‍ 24, 1936

42. മദനപ്പള്ളിയില്‍ നിന്നും മി. ഡങ്കണ്‍ ഗ്രീന്‍ലിസ്‌ (Duncan Greenlees) ആശ്രമത്തിലേക്ക് ഇപ്പ്രകാരം എഴുതുകയുണ്ടായി.

ചിലപ്പോള്‍ എനിക്കു ചൈതന്യ സ്ഫൂര്‍ത്തിയുടെ വ്യക്തമായ അനുഭവം ഉണ്ടാകാറുണ്ട്‌. അത്‌ എന്നെയും ഉള്‍ക്കൊണ്ടുകൊണ്ട്‌ ബാഹ്യമായിട്ടു വര്‍ത്തിക്കുന്നു. മനസ്സിനെ വേദാന്തസിദ്ധാന്തങ്ങളില്‍ വ്യാപരിക്കുന്നതിനെനിക്കിഷ്ടമില്ല. ഈ അനുഭവം മേന്മയായ രീതിയില്‍ നിരന്തരമായിട്ടുണ്ടായിരിക്കാന്‍ ഭഗവാന്റെ ഉപദേശം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ഞാന്‍ വ്യവഹാരങ്ങളില്‍ നിന്നും മാറി തനിച്ചിരുന്നഭ്യസിക്കണമോ?

ഭഗവാന്‍ ഇപ്രകാരം അരുളിച്ചെയ്തു.

‘ബാഹ്യമായി വര്‍ത്തിക്കുന്നു’ എന്നത്‌ ആര്‍ക്ക്‌ ബാഹ്യമായി എന്നാണ്‌? കാണുന്നവനു കാഴ്ച അന്യമെന്നു വരുന്നിടത്താണ്‌ ഈ ആന്തരബാഹ്യങ്ങള്‍. ഇവ രണ്ടും താനാരാണെന്ന്‌ അന്വേഷിക്കുമ്പോള്‍ അഹന്തയെയും കടന്ന്‌ ശുദ്ധജ്ഞാനം മാത്രമായി വിളങ്ങും.

താനെന്നത്‌ സാധാരണയായി കുറിക്കുന്നത്‌ മനസ്സിനെയാണ്‌. മനസ്സ്‌ പരിധിയുള്ളതാണ്‌. എന്നാല്‍ ശുദ്ധ ചൈതന്യം (ജ്ഞാനം) അഖണ്ഡമാണ്‌. അന്വേഷണം തീരുമ്പോള്‍ അത്‌ പ്രകാശിക്കും.

‘ഉണ്ടാവുക’. ആത്മാവ്‌ എപ്പോഴുമുള്ളതായതിനാല്‍ ഉണ്ടാകേണ്ട ആവശ്യമില്ല. ഈ സാക്ഷാല്‍ക്കാരത്തെ മറച്ചു നില്‍ക്കുന്ന പ്രതിബന്ധങ്ങളെ മാറ്റുകയേ വേണ്ടൂ. ഇത്‌ മാറുമ്പോള്‍ ഉള്ളത്‌ ഉള്ളതുവിധം വിളങ്ങും.

‘നിലച്ചുനില്‍ക്കുക’. എപ്പോഴും ഇപ്പോഴും ഉള്ളതാണ്‌ സാക്ഷാല്‍ക്കാരം. അത്‌ സ്വയം നിലനില്‍ക്കുകയാണ്‌. അതിനെ നിലനിറുത്തേണ്ടിയില്ല.

‘മേന്മ’. വൃദ്ധിക്ഷയങ്ങളറ്റ ആത്മാവിനെ വൃദ്ധിപ്പെടുത്തേണ്ടതായിട്ടില്ല.

‘തനിച്ചിരിക്കുക’. ആത്മാവ്‌ ആത്മാവില്‍ ഇരിക്കുന്നത്‌ തനിച്ചിരിക്കുകയാണ്‌. അന്യത്വമില്ലാത്തിടത്ത്‌ ഏതില്‍ നിന്നും മാറിയിരിക്കാന്‍.

‘അഭ്യാസം’. വിചാരണയില്‍കൂടി താനാരാണെന്നറിയുന്നതതുതന്നെ അഭ്യാസം.