ശ്രീ രമണമഹര്‍ഷി

ഏപ്രില്‍ 24, 1935

ഏതാനും ഭക്തന്മാര്‍ ഒന്നു ചേര്‍ന്ന്‌ ചോദിച്ചു:-

എത്രയൊക്കെ പരിശ്രമിച്ചിട്ടും ‘ഞാന്‍ ‘ എന്നതിനെ കാണാനൊക്കുന്നില്ലല്ലോ.

ഉ: (ഉയര്‍ന്ന സ്വരത്തില്‍) ഇപ്പറയുന്നതാര്? ഈ ‘ഞാന്‍ ‘ എന്നതറിയാന്‍ പാടില്ലത്ത ഇനിയൊരു ‘ഞാന്‍’ ഉണ്ടോ?. ഒരാളില്‍ രണ്ട്‌ ‘ഞാന്‍ ‘ ഉണ്ടോ? ഈ ചോദ്യം നിങ്ങളോടു സ്വയം ചോദിക്കൂ. ‘ഞാന്‍’ ദൃശ്യനല്ല എന്നു പറയുന്നത്‌ മനസ്സാണ്‌. മനസ്സ് എവിടെയിരിക്കുന്നു. മനസ്സിനെ അറിയൂ. അതൊരു കെട്ടുകഥയാണ്‌. ജനകമഹാരാജാവ്‌ പറഞ്ഞു. ‘ഞാന്‍ എന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കള്ളനെ പിടികൂടി. ഇതോടെ ഞാന്‍ അവനെ വകവരുത്തും. മേലാല്‍ ഞാന്‍ സന്തോഷവാനായിട്ടിരിക്കും. അതുപോലെ മനസ്സ്‌ അന്യരുടെ പക്കലുള്ളതല്ല.

ചോ: ഞാന്‍ എന്നതിനെ എങ്ങനെ അറിയും?

ഉ: ഞാന്‍ – ഞാന്‍. അതെപ്പോഴുമവിടെയുണ്ട്‌. അതിനെ അറിയുക എന്നതില്ല. ആ അഖണ്ഡനിര്‍വ്വികാരം എപ്പോഴുമുള്ളതാണ്‌. പുത്തനായി അറിഞ്ഞുകൊള്ളാനുള്ള ഉണര്‍വ്വല്ല. പുത്തനായിത്തോന്നപ്പെടുന്നതല്ലാത്തതിനാല്‍ അതിനെ മറയ്ക്കുന്ന തടസ്സമെന്തോ ഉണ്ടെന്നറിയേണ്ടതാണ്‌. ഈ അറിവിനെയാണ്‌ ജ്ഞാനം എന്നു പറയുന്നത്‌. തടസ്സത്തെ മാറ്റിയാല്‍ ജ്ഞാനം പ്രകാശിക്കും. സത്യം പറയുകയാണെങ്കില്‍ ജ്ഞാനമോ അജ്ഞാനമോ ആത്മാവിനെ ബാധിക്കുന്നില്ല. ആ ഇത്തിളുകളെ മാറ്റിയാല്‍ ആത്മാവിന്റെ ശുദ്ധരൂപം പ്രകാശിക്കും. അതുകൊണ്ടാണ്‌ ആത്മാവ്‌ ജ്ഞാനാജ്ഞാനങ്ങള്‍ക്കതീതനാണെന്നു പറയുന്നത്‌. അത്‌ അതുപോലെയിരിക്കും. അത്രതന്നെ.

ചോ: ഞങ്ങളുടെ പരിശ്രമങ്ങളില്‍ പറയത്തക്കവണ്ണമുള്ള പുരോഗമനമൊന്നുമില്ല.

ഉ: ഒന്നിനെ സാധിക്കനുള്ളിടത്താണ്‌ പുരോഗമനത്തിന്റെ കാര്യം വരുന്നത്‌. ഇവിടെ അജ്ഞാനത്തെ ഒഴിക്കുക മാത്രം. ജ്ഞാനത്തെ നേടുകയല്ല. താന്‍ തന്നെ അന്വേഷിക്കുന്നതില്‍ എന്തു പുരോഗമനം പ്രതീക്ഷിക്കാനൊക്കും.?

ചോ: അജ്ഞാനത്തെ നിവര്‍ത്തിക്കുന്നതെങ്ങനെയാണ്‌?

ഉ: നിങ്ങള്‍ തിരുവണ്ണാമലയില്‍ കിടന്നുകൊണ്ട്‌ വേറൊരു നഗരത്തെ സ്വപ്നം കണ്ടുവെന്നിരിക്കട്ടെ. ആ കണ്ടത്‌ നിങ്ങള്‍ക്ക്‌ സത്യമാണ്‌. നിങ്ങള്‍ നിങ്ങളുടെ മുറിക്കുള്ളില്‍ കിടക്കുകയാണ്‌. കാണപ്പെട്ട വലിയ നഗരത്തിനു നിങ്ങളുടെ മുറിയില്‍ പ്രവേശിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ശരീരത്തെ ഇവിടെ വിട്ടിട്ട്‌ ആ നഗരത്തില്‍ പോകാനൊക്കുമോ? അതിനാല്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നുള്ളതും അതേ സമയം മറ്റൊരിടത്ത്‌ പോയി എന്നുള്ളതും രണ്ടും അസത്യം. എന്നാല്‍ മനസ്സിനു രണ്ടും സത്യമണെന്നു തന്നെ തോന്നുന്നു. സ്വപ്നത്തില്‍ (ഉറക്കത്തില്‍) തോന്നിയ ആ ‘ഞാന്‍ ‘ മറയുന്നു. മറ്റൊരു ‘ഞാന്‍ ‘ ഉണ്ടായി സ്വപ്നത്തെപ്പറ്റി പറയുന്നു. ഈ ‘ഞാന്‍ ‘ ഉറങ്ങുമ്പോഴില്ല. രണ്ട്‌ ‘ഞാനു’കളും അസത്യം. ഈ ഞാനും ആ ഞാനും, രണ്ടിന്റെയും വ്യാപാരങ്ങളും മനോമയം. ഒരോ വിചാരത്തോടുകൂടി ഓരോ ‘ഞാന്‍ ‘ ഉദിക്കുന്നു. ആ വിചാരം മാറുമ്പോള്‍ ആ ഞാനും ഒഴിയുന്നു. എല്ലാം മനോമയം. ജനകന്‍ കണ്ടുപിടിച്ച തസ്കരന്‍ ഈ മനസ്സാണ്‌. നമ്മളും ഈ തസ്കരനേയും അവന്റെ വിദ്യകളെയും മനസ്സിലാക്കി ആ വിധത്തില്‍ സന്തോഷമായിരിക്കാം.

50. ‘ജലകണങ്ങള്‍ കടലില്‍ അടങ്ങുമെന്നാര്‍ക്കുമറിയാം. എന്നാല്‍ ജലകണത്തില്‍ കടലടങ്ങുമെന്നത്‌ ആര്‍ക്കുമറിയാന്‍ പാടില്ല. എന്ന കബീര്‍ദാസിന്റെ പ്രവചനത്തെ ഭഗവാന്‍ ഭക്തന്മാര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കുകയും അതാണ്‌ പരാഭക്തി എന്നു ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു.