മരണം മുഷിഞ്ഞവസ്ത്രം മാറല്‍ – ഗീത 16

ആത്മാവ് ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ഇല്ല. ഉണ്ടായിട്ട് ഇല്ലാതെയാവുന്നതല്ല പരമമായ സത്യം. അത് ജനിക്കാത്തതാണ്, എന്നുമുള്ളതാണ്, ഏറ്റക്കുറച്ചിലുകളില്ലാത്തതാണ്. ശരീരം കൊല്ലപ്പെടുമ്പോള്‍ ഇത് കൊല്ലപ്പെടുന്നില്ല. ശരീരത്തിന് മുറിവേല്‍ക്കുമ്പോള്‍ ഇതിന് മുറിവേല്‍ക്കുന്നുമില്ല. അപ്പോള്‍ എന്താണ് മരണം? മരണം ഒരാള്‍ മുഷിഞ്ഞ വസ്ത്രം മാറുന്നതുപോലെയാണ്.

മനുഷ്യന്‍ എങ്ങനെയാണോ ജീര്‍ണിച്ച വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങളെ സ്വീകരിക്കുന്നത് അതുപോലെ ദേഹി ജീര്‍ണിച്ച ശരീരത്തെ ഉപേക്ഷിച്ച് പുതിയ ശരീരത്തെ പ്രാപിക്കുന്നു. ആത്മാവിന് ജനനമോ മരണമോ ഇല്ലെന്ന്, നാശമില്ലെന്ന് അറിയുന്നവന്‍ ആരെ, എങ്ങനെ കൊല്ലുമെന്ന് ഭഗവാന്‍ അര്‍ജുനനോട് ചോദിക്കുന്നു. ഇതറിയാത്തവനാണ് കൊല്ലുന്നത്. സ്വന്തം എന്ന ചിന്തതന്നെ കൊല്ലലാണ്. ഹിംസ എന്നത് എന്റേത് എന്ന ചിന്തയാണ്. സ്വന്തം സുഹൃത്തുക്കളെ എണ്ണുന്ന സമയത്ത് സ്വന്തം ശത്രുക്കളെയും എണ്ണിക്കഴിഞ്ഞു. സത്യം അറിഞ്ഞവന് മിത്രമെന്നോ ശത്രുവെന്നോ ഇല്ല. ദേശകാലാതിവര്‍ത്തിയായ ബ്രഹ്മമാണ് സത്യം. പ്രകൃതിയുമായി അടുക്കുന്ന സമയത്ത് ഈ സ്വരൂപം വെളിപ്പെട്ടു കിട്ടും. ഞാന്‍ തന്നെയാണ് പ്രകൃതി. പ്രകൃതിയാണ് ഈശ്വരന്‍.

അമ്പലത്തില്‍ പോകുന്നതിനെക്കാള്‍ പ്രധാനം ചുറ്റുമുള്ള വൃക്ഷലതാദികളെ പരിപാലിക്കുന്നതാണ്. പ്രത്യക്ഷനായ നാരായണനെ കോടാലിവയ്ക്കരുത്. പൌലോ കൊയ്ലോയുടെ കഥയിലെ ആട്ടിടയന്‍ അവനവനെ അന്വേഷിച്ച് അവസാനം പ്രകൃതിയായി പരിണമിക്കുന്നതു പോലെ ഓരോരുത്തരും ധ്യാനത്തിലൂടെ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കും അച്ഛനിലേക്കും ഭൂമിയിലേക്കും തിരിച്ചുപോയി വിശ്വത്തിന്റെ ഭാഗമായി മാറണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close