ശ്രീ രമണമഹര്‍ഷി

ജൂണ്‍ 24 1935

ശ്രീരമണഗീത അദ്ധ്യായം 17-ല്‍ അഭ്യാസ കാലത്ത്‌ ശ്രേയസ്സുകള്‍ ഉണ്ടാവുമെന്നും മറഞ്ഞുപോവുമെന്നും പറഞ്ഞിരിക്കുന്നു. ആ നിലയെ ജ്ഞാനമെന്നു പറയാമോ എന്ന ചോദ്യത്തിനു ഭഗവാന്‍ സമാധാനം പറഞ്ഞിട്ടുണ്ട്‌:

ജ്ഞാനത്തില്‍ പല നിലകളുണ്ടെന്ന്‌ ചിലര്‍ കരുതുന്നു. അറിയുന്നവനും അറിയാത്തവനും ആത്മാവ്‌ നിത്യാപരോക്ഷമായിരിക്കുന്നു. അതുകൊണ്ട്‌ ആത്മതത്വശ്രവണത്താലുണ്ടാകുന്നത്‌ അപരോക്ഷ (പ്രത്യക്ഷ) ജ്ഞാനം തന്നെ. പരോക്ഷജ്ഞാനമല്ല. എന്നാല്‍ ശ്രവണം മൂലം ദുഃഖനിവൃത്തി ഉണ്ടാകുന്നില്ല. പക്ഷെ ശ്രവണം ദൃഢപ്പെടുമ്പോള്‍ അതും നിറവേറും. വാസനകള്‍ ഒഴിയുമ്പോള്‍ ദൃഢമായിക്കൊള്ളും.

മറ്റു ചിലര്‍ ശ്രവണത്താലേര്‍പ്പെടുന്നത്‌ പരോക്ഷജ്ഞാനമാണെന്നും പിന്നീട്‌ മനനത്താല്‍ സ്വരൂപപ്രകാശം ഉണ്ടാകുമെന്നും പറയുന്നു. സഹജജ്ഞാനത്തിന്‌ തടസ്സമായി നില്‍ക്കുന്നത്‌ വാസനകളാണ്‌. മനനകാലത്തില്‍ വാസനകളിളകും. അതിനിടം കൊടുക്കാതെ അവയുടെ മൂലകാരണമായ ദേഹാത്മബുദ്ധിയെ അകറ്റി തന്റെ നിജനിലയില്‍ നില്‍ക്കണം. ഈ അഭ്യാസമാണ്‌ നിദിധ്യാസനം. ഇതിനാല്‍ വാസനകളൊഴിഞ്ഞു മാറിക്കൊള്ളും. തടസ്സങ്ങളൊഴിഞ്ഞാലുള്ള നിരന്തര സ്വരൂപാനുഭൂതിയാണ്‌ സഹജനില. മനനകാലത്ത്‌ ജ്ഞാനം ദൃഢപ്പെടാത്തതിനാല്‍ ദുഃഖനിവൃത്തി സാധ്യമാകാതെയിരിക്കും. നിദിധ്യാസനം മൂലം ജ്ഞാനം ദൃഢപ്പെട്ട്‌ ദുഃഖം നിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

തിരുവരുണൈ ഉപാധ്യായര്‍ ടി. കെ. സുന്ദരേശയ്യര്‍ ചക്രങ്ങളെപ്പറ്റി ഏതോ ചോദിച്ചതിനു ഭഗവാന്‍ സമാധാനം പറഞ്ഞു. ആത്മാവിനെയാണറിയേണ്ടത്‌. ദേവതകളും ശക്തികളും അതിലടങ്ങും. സത്യമറിയാത്തവര്‍ ഇതിനെപ്പറ്റി പിരിച്ചു പിരിച്ചു സംസാരിക്കും. ആത്മാവു ഹൃദയത്തിലുള്ളതാണ്‌. ദ്രഷ്ടാവ്‌-ദൃശ്യഭേദങ്ങള്‍ മനസ്സിനാണ്‌. ഹൃദയത്തില്‍നിന്നും സുഷുമ്നാനാഡി ശിരസ്സിലേക്കു പോവുന്നു. മറ്റു നാഡികള്‍ക്ക്‌ ഇത്‌ കേന്ദ്രമാണ്‌. ജ്ഞാനികള്‍ ഇതിനെ പര അഥവാ ആത്മനാഡിയെന്നു പറയും. മുകളിലുള്ള കുണ്ഡലിനീശക്തിയുടെ പരമസ്ഥാനം സഹസ്രാരമാണെന്നു യോഗികള്‍ പറയും. എന്നാല്‍ അന്ത്യസ്ഥാനം അതല്ല. സഹസ്രാരം പ്രാപിച്ചവന്‍ സഹജജ്ഞാനാര്‍ത്ഥം ഹൃദയത്തോടുതന്നെ ചേര്‍ന്നു നില്‍ക്കണം. സര്‍വ്വത്തിനും ആദിയും അന്തവും ഹൃദയമാണ്‌.