MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സീതാപഹരണം

അന്തരം കണ്ടു ദശകന്ധരന്‍ മദനബാ-
ണാന്ധനായവതരിച്ചീടിനാനവനിയില്‍ .
ജടയും വല്‌ക്കലവും ധരിച്ചു സന്യാസിയാ-
യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും.
ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു
തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ്‌
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും
ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാള്‍ .
അത്രൈവ ഫലമൂലാദികളും ഭുജിച്ചുകൊ-
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!
ഭര്‍ത്താവു വരുമിപ്പോള്‍ ത്വല്‍പ്രിയമെല്ല‍ാം ചെയ്യും
ക്ഷുത്തൃഡാദിയും തീര്‍ത്തു വിശ്രമിച്ചാലും ഭവാന്‍.”
ഇത്തരം മായാദേവീമുഗ്‌ദ്ധാലാപങ്ങള്‍ കേട്ടു
സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യംചെയ്താന്‍ഃ
“കമലവിലോചനേ! കമനീയ‍ാംഗി! നീയാ-
രമലേ! ചൊല്ലീടു നിന്‍ കമിതാവാരെന്നതും.
നിഷ്‌ഠുരജാതികള‍ാം രാക്ഷസരാദിയായ
ദുഷ്‌ടജന്തുക്കളുളള കാനനഭൂമിതന്നില്‍
നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ-
രായുധപാണികളുമില്ലല്ലോ സഹായമായ്‌.
നിന്നുടെ പരമാര്‍ത്ഥമൊക്കവേ പറഞ്ഞാല്‍ ഞാ-
നെന്നുടെ പരമാര്‍ത്ഥം പറയുന്നുണ്ടുതാനും.”
മേദിനീസുതയതുകേട്ടുരചെയ്‌തീടിനാള്‍ഃ
“മേദിനീപതിവരനാമയോദ്ധ്യാധിപതി
വാട്ടമില്ലാത ദശരഥന‍ാം നൃപാധിപ-
ജ്യേഷ്‌ഠനന്ദനനായ രാമനത്ഭുതവീര്യന്‍-
തന്നുടെ ധര്‍മ്മപത്നി ജനകാത്മജ ഞാനോ
ധന്യനാമനുജനു ലക്ഷ്‌മണനെന്നും നാമം.
ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്സിനാ-
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നില്‍.
പതിന്നാലാണ്ടു കഴിവോളവും വേണംതാനു-
മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും.
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന-
രെന്തിനായെഴുന്നളളി ചൊല്ലണം പരമാര്‍ത്ഥം.”
“എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!
പൗലസ്ത്യ‍തനയന‍ാം രാക്ഷസരാജാവു ഞാന്‍
ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുളളു!
നിര്‍മ്മലേ! കാമപരിതപ്തനായ്‌ ചമഞ്ഞു ഞാന്‍
നിന്മൂലമതിന്നു നീ പോരണം മയാ സാകം.
ലങ്കയ‍ാം രാജ്യം വാനോര്‍നാട്ടിലും മനോഹരം
കിങ്കരനായേന്‍ തവ ലോകസുന്ദരി! നാഥേ!
താപസവേഷംപൂണ്ട രാമനാലെന്തു ഫലം?
താപമുള്‍ക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട.
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു-
മരുണാധരി! മഹാഭോഗങ്ങള്‍ ഭുജിച്ചാലും.”
രാവണവാക്യമേവം കേട്ടതി ഭയത്തോടും
ഭാവവൈവര്‍ണ്ണ്യംപൂണ്ടു ജാനകി ചൊന്നാള്‍ മന്ദംഃ
“കേവലമടുത്തിതു മരണം നിനക്കിപ്പോ-
ളേവം നീ ചൊല്ലുന്നാകില്‍ ശ്രീരാമദേവന്‍തന്നാല്‍.
സോദരനോടുംകൂടി വേഗത്തില്‍ വരുമിപ്പോള്‍
മേദിനീപതി മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍.
തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?
കഷ്‌ടമായുളള വാാ‍ക്കു ചൊല്ലാതെ ദുരാത്മാവേ!
രാമബാണങ്ങള്‍കൊണ്ടു മാറിടം പിളര്‍ന്നു നീ
ഭൂമിയില്‍ വീഴ്‌വാനുളള കാരണമിതു നൂനം.”
ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം
തിങ്ങീടും ക്രോധംപൂണ്ടു മൂര്‍ച്ഛിതനായന്നേരം
തന്നുടെ രൂപം നേരേ കാട്ടിനാന്‍ മഹാഗിരി-
സന്നിഭം ദശാനനം വിംശതിമഹാഭുജം
അഞ്ജനശൈലാകാരം കാണായനേരമുളളി-
ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും.
രാഘവപത്നിയേയും തേരതിലെടുത്തുവെ-
ച്ചാകാശമാര്‍ഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും.

“ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!
ഹാ! ഹ! മല്‍ പ്രാണേശ്വര! പാഹി മ‍ാം ഭയാതുര‍ാം.”
ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാന്‍ ജടായുവും.
“തിഷ്‌ഠതിഷ്‌ഠാഗ്രേ മമ സ്വാമിതന്‍പത്നിയേയും
കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!
അദ്ധ്വരത്തിങ്കല്‍ ചെന്നു ശുനകന്‍ മന്ത്രംകൊണ്ടു
ശുദ്ധമ‍ാം പുരോഡാശം കൊണ്ടുപോകുന്നപോലെ.”
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃദ്‌ധ്രരാജനുമൊരു പത്രവാനായുളേളാരു
കുദ്‌ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി-
ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാന്‍.
അബ്ധിയും പത്രാനിലക്ഷുബ്ധമായ്‌ ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാല്‍നഖങ്ങളെക്കൊണ്ടു ചാപങ്ങള്‍ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു
തീക്ഷ്‌ണതുണ്ഡാഗ്രം കൊണ്ടു തേര്‍ത്തടം തകര്‍ത്തിതു
കാല്‍ക്ഷണംകൊണ്ടു കൊന്നുവീഴ്‌ത്തിനാനശ്വങ്ങളെ.
രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌വന്നു.
യാത്രയും മുടങ്ങി മല്‍കീര്‍ത്തിയുമൊടുങ്ങിയെ-
ന്നാര്‍ത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോള്‍
ധാത്രീപുത്രിയെത്തത്ര ധാത്രിയില്‍ നിര്‍ത്തിപ്പുന-
രോര്‍ത്തു തന്‍ ചന്ദ്രഹാസമിളക്കി ലഘുതരം
പക്ഷിനായകനുടെ പക്ഷങ്ങള്‍ ഛേദിച്ചപ്പോ-
ളക്ഷിതിതന്നില്‍ വീണാനക്ഷമനായിട്ടവന്‍.
രക്ഷോനായകന്‍ പിന്നെ ലക്ഷ്‌മീദേവിയേയുംകൊ-
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാന്‍;
മറ്റാരും പാലിപ്പാനില്ലുറ്റവരായിട്ടെന്നോ-
ര്‍ത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപ്പോള്‍
കറ്റവാര്‍കുഴലിയ‍ാം ജാനകീദേവിതാനും,
‘ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ’ന്നു
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്‌കി
പൃത്ഥ്വീമണ്ഡലമകന്നാശു മേല്‍പോട്ടു പോയാള്‍.
“അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!
നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ!
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു
രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം!
ലക്ഷ്‌മണാ! നിന്നോടു ഞാന്‍ പരുഷം ചൊന്നേനല്ലോ
രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ!
രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.
പ്രാണവല്ലഭ! പരിത്രാഹി മ‍ാം ജഗല്‍പതേ!
കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്പേ
സത്വരം വന്നു പരിപാലിച്ചുകൊളേളണമേ
സത്വചേതസാ മഹാസത്വവാരിധേ! നാഥ!”
ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ-
ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരന്‍
ചിത്തവേഗേന നടന്നീടിനാ,നതുനേരം
പൃത്ഥീപുത്രിയും കീഴ്‌പ്പോട്ടാശു നോക്കുന്നനേരം
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ
വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത-
ന്നുത്തരീയാര്‍ദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ-
ഭദ്രനു കാണ്മാന്‍ യോഗംവരികെന്നകതാരില്‍
സ്‌മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി;
മത്തന‍ാം നക്തഞ്ചരനറിഞ്ഞീലതുമപ്പോള്‍.
അബ്ധിയുമുത്തീര്യ തന്‍പത്തനം ഗത്വാ തൂര്‍ണ്ണം
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ
ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ
ഹൃദ്യമാരായ നിജ രക്ഷോനാരികളേയും
നിത്യവും പാലിച്ചുകൊള്‍കെന്നുറപ്പിച്ചു തന്റെ
വസ്ത്യ‍മുള്‍പ്പുക്കു വസിച്ചീടിനാന്‍ ദശാനനന്‍.
ഉത്തമോത്തമയായ ജാനകീദേവി പാതി-
വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം.
വസ്‌ത്രകേശാദികളുമെത്രയും മലിനമായ്‌
വക്ത്രവും കുമ്പിട്ടു സന്തപ്തമ‍ാം ചിത്തത്തോടും
രാമ രാമേതി ജപധ്യാനനിഷ്‌ഠയാ ബഹു
യാമിനീചരകുലനാരികളുടെ മദ്ധ്യേ
നീഹാരശീതാതപവാതപീഡയും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം
ലങ്കയില്‍ വസിച്ചിതാതങ്കമുള്‍ക്കൊണ്ടു മായാ-
സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്ലാത്തു?