അസ്പഷ്ടവര്‍ത്മനാം പുംസാമലോകപഥമീയുഷാം
ആസ്ഥിതാഃ പദവീം സുഭ്രൂഃ പ്രായഃ സീദന്തി യോഷിതഃ (10-60-12)
നിഷ്കിഞ്ചനാ വയം ശശ്വന്നിഷ്കിഞ്ചനജനപ്രിയാഃ
തസ്മാത്‌ പ്രയേണ ന ഹ്യാഢ്യാ മാം ഭജന്തി സുമധ്യമേ (10-60-13)
യയോരാത്മസമം വിത്തം ജന്‍മൈശ്വര്യാകൃതിര്‍ഭവഃ
തയോര്‍വ്വിവാഹോ മൈത്രീ ച നോത്തമാധമയോഃ ക്വചിത്‌ (10-60-14)
ഉദാസീനാ വയം നൂനം ന സ്ത്ര്യപത്യാര്‍ത്ഥ കാമുകാഃ
ആത്മലബ്ധ്യാസ്മഹേ പൂര്‍ണ്ണാ ഗേഹയോര്‍ജ്ജ്യോതിരക്രിയഃ (10-60-19)

ശുകമുനി തുടര്‍ന്നു:
ഒരു ദിനം ഭഗവാന്‍ തോഴികളാല്‍ സേവിക്കപ്പെട്ട്‌ രാജകൊട്ടാരത്തില്‍ വിശ്രമിക്കുകയായിരുന്നു. ഭഗവാനില്‍ അതീവഭക്തിയുളള രുക്മിണി ഒരു തോഴിയുടെ കയ്യില്‍ നിന്നും വിശറി വാങ്ങി ഭഗവാനെ വീശിത്തുടങ്ങി. കാഴ്ചക്ക്‌ രുക്മിണി അതീവ സുന്ദരിയായി കാണപ്പെട്ടു. ഭഗവാനെ പ്രേമപൂര്‍വ്വം കടാക്ഷിച്ചുകൊണ്ട്‌ അദ്ദേഹത്തെ പരിസേവിക്കുന്നതില്‍ വ്യാപൃതയായിരുന്നു രുക്മിണി. മുഖതാവിലും ചുണ്ടത്തും വിളയാടുന്ന പുഞ്ചിരിയോടെ കൃഷ്ണന്‍ അവളോട്‌ പറഞ്ഞു: ‘പ്രിയേ, എന്നെ ഭര്‍ത്താവായി തിരഞ്ഞെടുക്കാന്‍ നീ എന്തുകൊണ്ടു തുനിഞ്ഞു എന്ന്‌ ഞാന്‍ അത്ഭുതപ്പെട്ടു പോവുന്നു. മറ്റു രാജകുമാരന്മാരെല്ലാം വലിയ വീരന്മാരും സമ്പന്നരും ശക്തന്മാരുമാണല്ലോ. നീയാണെങ്കില്‍ രാജകുമാരി. ഞാന്‍ നിനക്ക്‌ തുല്യനല്ലതന്നെ. വാസ്തവത്തില്‍ ദുഷ്ടരായ രാജാക്കന്മാരെ ഭയന്ന് ഞാന്‍ കടലില്‍ , ദ്വാരകയില്‍ അഭയം പ്രാപിച്ചിരിക്കുന്നു. മാത്രമല്ല സ്ഥിരമായൊരു തൊഴിലില്ലാത്തവനെയും പൊതുജനങ്ങളില്‍ നിന്നു്‌ വിഭിന്നനായവനെയും വിവാഹം ചെയ്യുകയെന്നാല്‍ ദുരിതങ്ങള്‍ സ്വയംവരിക്കുക എന്നര്‍ത്ഥം. ഞങ്ങള്‍ അഗതികളാണ്‌. ഞങ്ങളെ ആശ്രയിച്ച്‌ കഴിയുന്നവരും തഥൈവ. പൊതുവെ പറഞ്ഞാല്‍ സമ്പന്നരും പ്രൗഢരും എന്റെ സൗഹൃദം കാംക്ഷിക്കുന്നില്ല. അതുല്യരായവരുമായുളള വിവാഹബന്ധുത്വം സമ്പത്ത്, കുലം, ശക്തി, ഭാവി എന്നിവയെപ്പറ്റി ആലോചിച്ചാല്‍ അഭിലഷണീയമല്ല. ചിലപ്പോള്‍ എനിക്ക്‌ തോന്നും നിനക്കു തെറ്റുപറ്റിയാണ്‌ എന്നെ ഇങ്ങനെ തിരഞ്ഞെടുത്തതെന്ന്‌. എന്നെ വാഴ്ത്തുന്നത്‌ ഭിക്ഷാംദേഹികള്‍ മാത്രമാണ്‌. എനിക്കാണെങ്കില്‍ ഗുണഗണങ്ങളുമില്ല. ഇപ്പോഴും നിന്റെ തെറ്റു തിരുത്താന്‍ വൈകിയിട്ടില്ല. നിനക്ക്‌ അനുയോജ്യനായ ഒരാളെ തിരഞ്ഞെടുത്താലും. മാത്രമല്ല രാജാക്കന്മാരെല്ലാം, എന്റെ ജ്യേഷ്ഠനടക്കം, എന്നോട്‌ ശത്രുതയിലുമാണ്‌. അവരുടെ അഹങ്കാരമടക്കാന്‍ ഞാന്‍ നിന്നെ തട്ടിക്കൊണ്ടുപോന്നു എന്നേയുളളു. വാസ്തവത്തില്‍ എനിക്ക്‌ സ്ത്രീകളിലും കുട്ടികളിലും സ്വത്തിലും കമ്പമൊന്നുമില്ല. വീട്ടില്‍ പ്രകാശിക്കുന്ന ഒരു വിളക്കുപോലെ ഞാന്‍ നിലകൊളളുന്നു. അത്രമാത്രം.’

രുക്മിണിക്ക് ആ വാക്കുകള്‍ വേദനാജനകമായിരുന്നു. കണ്ണീരുകൊണ്ട്‌ കാഴ്ച മങ്ങി. തുടിപ്പാര്‍ന്ന ഹൃദയത്തോടെ വിശറി പിടിക്കാന്‍പോലും കൈകള്‍ക്ക്‌ ശേഷിയില്ലാതെ രുക്മിണി മോഹാലസ്യപ്പെട്ടു വീണു. കൃഷ്ണന്‍ വെറും തമാശയ്ക്ക, രണ്ടു രീതിയില്‍ വ്യാഖ്യാനിക്കപ്പെടാവുന്ന രീതിയില്‍ രുക്മിണിയെ കളിയാക്കിയതാണ്‌. ആ വാക്കുകള്‍ രുക്മിണിയെ വേദനിപ്പിച്ചുവെന്നറിഞ്ഞ കൃഷ്ണനും വ്യാകുലപ്പെട്ടു. ആലിംഗനം ചെയ്തു തലോടി ബോധവതിയാക്കി ഭഗവാന്‍ തന്റെ പ്രേമം അവളെ അറിയിച്ചു. അവളുടെ പ്രതികരണമറിയാനായി ചെയ്തതാണിതെന്നും കൃഷ്ണന്‍ പറഞ്ഞു. ഇതാണ്‌ ഗൃഹസ്ഥന്റെ സന്തോഷം. തന്റെ സഹധര്‍മ്മിണിയുമായി കുറച്ചു നേരമെങ്കിലും സല്ലപിക്കാന്‍ സാധിക്കുക.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF