യത്ര യേന യതോ യസ്യ യസ്മൈ യദ് യഥാ യദാ
സ്യാദിദം ഭഗവാന്‍ സാക്ഷാത്‌ പ്രധാനപുരുഷേശ്വരഃ (10-85-4)
അഹം യൂയമസാവാര്യ ഇമേ ച ദ്വാരകൗകസഃ
സര്‍വ്വേഽപ്യേവം യദുശ്രേഷ്ഠ വിമൃശ്യാഃ സചരാചരം (10-85-23)
ആത്മാ ഹ്യേകഃ സ്വയം ജ്യോതിര്‍ന്നത്യോഽന്യോ നിര്‍ഗ്ഗുണോ ഗുണൈഃ
ആത്മസൃഷ്ടൈസ്തത്‌ കൃതേഷു ഭൂതേഷു ബഹുധേയതേ (10-85-24)

ശുകമുനി തുടര്‍ന്നു:
ഒരു ദിവസം പതിവുപോലെ കൃഷ്ണനും ബലരാമനും വസുദേവനെ വന്ദിക്കാന്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ ചെന്നു. താന്‍ സ്വന്തം പുത്രന്‍ എന്നു മാത്രം കരുതിയിരുന്ന കൃഷ്ണനെപ്പറ്റി നാരദമുനി പറഞ്ഞ ദിവ്യകാര്യങ്ങളും രാമകൃഷ്ണന്മാരെപ്പറ്റി മഹര്‍ഷിവര്യന്മാര്‍ പാടിപുകഴ്ത്തിയ കീര്‍ത്തനങ്ങളും വസുദേവനോര്‍ത്തു. എന്നിട്ടിങ്ങനെ പറഞ്ഞു:

‘കൃഷ്ണാ! നീയാണ്‌ സത്‌-ചിത്‌-ആനന്ദം. നീയാണ്‌ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും നാഥന്‍. നീയാണ്‌ എവിടെയും ഏക്കാലത്തും സ്ഥിതി ചെയ്തിരുന്ന എന്തിന്റെയും പ്രഭു. ആരുടെ പ്രയത്നം കൊണ്ടായാലും എന്തു കാരണം കൊണ്ടായാലും ഇത്‌ സത്യമത്രെ. അങ്ങു തന്നെ ഈ വിശ്വം സ്വയം ഉണ്ടാക്കി അതിലെ ആത്മാവും സത്തയുമായി. പ്രാണന്റെ പ്രാണന്‍ തന്നെ നീയാകുന്നു. നീ തന്നെ സൂര്യന്റെ വെളിച്ചവും നക്ഷത്രങ്ങളും മിന്നലുമെല്ലാം. മലനിരകളുടെ സംതുലനവും പഞ്ചഭൂതങ്ങളും ഗുണങ്ങളും നീ. ഇന്ദ്രിയഗോചരങ്ങളായ വസ്തുക്കള്‍, ഇന്ദ്രിയങ്ങള്‍, അവയുടെ സംവേദനശക്തി – എല്ലാം അവിടുന്നു മാത്രം. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ചോദനകളെ ക്രമീകരിക്കുന്നതും ജീവികള്‍ക്കുളള ബുദ്ധിയും നീ തന്നെ. നീയാണ്‌ പഞ്ചഭൂതങ്ങളെ നിര്‍മ്മിക്കുന്ന താമസാഹങ്കാരം. രാജസാഹങ്കാരഹേതുവായ ഇന്ദ്രിയങ്ങളും സാത്വികാഹങ്കാരഹേതുവായ മനസ്സും നീയാണ്‌. സൃഷ്ടിക്കപ്പെട്ടിട്ടുളള ഭൂതങ്ങളുടെയെല്ലാം കാര്യം കാരണത്തില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ അഹേതുക ഹേതുവായതുകൊണ്ട്‌ നീയെല്ലാ കാര്യങ്ങളിലും സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു തന്നെ എല്ലാ സൃഷ്ടികളിലും. എന്നാല്‍ സത്യത്തില്‍ അവ നിന്നില്‍ പ്രകടമാവുന്നത്‌ കാലഗതിക്കനുസരിച്ചു മാത്രം. കാരണം, നീ ത്രിഗുണാതീതനും അതീന്ദ്രിയനും എല്ലാ ദ്രവ്യപരിണാമങ്ങള്‍ക്കും അതീതനുമാവുന്നു. ഏതൊരാള്‍ നിന്റെ പരബ്രഹ്മഭാവം, അതീന്ദ്രിയത്വം, ത്രിഗുണസംഭവമായ അവതാരമഹത്വം എന്നിവയുടെ സൂക്ഷ്മതരമായ വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നില്ലയോ, അയാള്‍ ജനനമരണചക്രത്തിന്റെ പിടിയില്‍പ്പെട്ടു കഴിയുന്നു. നീയാണ്‌ പുരുഷനും (ആത്മാവ്, ബോധം) പ്രകൃതിയും (ദ്രവ്യം). നീയാണ്‌ വിശ്വത്തിന്റെ ദ്രവ്യപരവും ഊര്‍ജ്ജപരവുമായ കാരണം. കാണിയും കാഴ്ചയും നീ തന്നെ. എന്നാല്‍ നീ ഇവയ്ക്കെല്ലാം അതീതനുമത്രെ. നിന്റെ തന്നെ മായാശക്തിയാലാണ്‌ ഞാന്‍ ദേഹബുദ്ധിക്കടിമപ്പെട്ട്‌ നിന്നെ എന്റെ മകനായി മാത്രം കരുതിയത്‌. ഞാന്‍ നിന്നിലഭയം തേടുന്നു. ഈ സംസാരചക്രത്തില്‍ നിന്നുളള മോചനമാര്‍ഗ്ഗം പറഞ്ഞു തന്നാലും.’

അഛന്‍ പറഞ്ഞ വാക്കുകള്‍ കേട്ട്‌ കൃഷ്ണന്‍ വിനീതനായി മറുപടി പറഞ്ഞു: ‘ഞാന്‍ അവിടുത്തെ പുത്രന്‍ മാത്രമാണ്‌. അങ്ങ്‌ ഇപ്പോള്‍ പറഞ്ഞതെല്ലാം എനിക്ക്‌ പഠിക്കാനായാണെന്നു ഞാനറിയുന്നു. അങ്ങും ഞാനും ദ്വാരകാവാസികളും ചരാചരവസ്തുക്കളും എല്ലാം സ്വയം പ്രഭയാര്‍ന്ന അനന്തമായ ത്രിഗുണങ്ങളാല്‍ മാറ്റമേതുമേശാത്ത ആത്മാവത്രെ. അത്‌ നാനാവിധവസ്തുക്കളില്‍ അതിനാല്‍ സൃഷ്ടിക്കപ്പെട്ടതുപോലെ പ്രകടമായി കാണപ്പെടുന്നു.’ ഇതുകേട്ട്‌ വസുദേവന്‌ ആത്മജ്ഞാനം സിദ്ധിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF