ഭൂതാനാം ദേവചരിതം ദുഃഖായ ച സുഖായച
സുഖായൈവ ഹി സാധൂനാം ത്വാദൃശാമച്യുതാത്മനാം (11-2-5)
ദുര്‍ലഭോ മാനുഷോ ദേഹോ ദേഹിനാം ക്ഷണഭംഗുരഃ
തത്രാപി ദുര്‍ലഭം മന്യേ വൈകുണ്ഠപ്രിയദര്‍ശനം (11-2-29)

ശുകമുനി തുടര്‍ന്നു:
ദ്വാരകയില്‍ നാരദമുനി ശ്രീകൃഷ്ണനുമൊത്ത്‌ പലപ്പോഴും കഴിയാറുണ്ട്‌. ഒരിക്കല്‍ വസുദേവര്‍ നാരദനോട് ചോദിച്ചു:‘അങ്ങയേപ്പോലുളള മഹാത്മാക്കള്‍ ലോകം മുഴുവന്‍ സഞ്ചരിച്ച്‌ മാനവകുലത്തിനു മുഴുവന്‍ പലേതരത്തിലുളള അനുഗ്രഹങ്ങള്‍ നല്‍കുന്നു. ദേവന്‍മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചിലര്‍ക്ക്‌ സന്തുഷ്ടിയേകുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ അവ അനിഷ്ടങ്ങളാണ്‌. എന്നാല്‍ അങ്ങയേപ്പോലുളള മഹാത്മാക്കള്‍ ചെയ്യുന്നതെന്തും മനുഷ്യര്‍ക്ക്‌ സന്തുഷ്ടിയും സന്തോഷവും നല്‍കുന്നവയത്രെ. കാരണം, ദേവന്മാര്‍ മനുഷ്യര്‍ക്ക്‌ അവരുടെ കര്‍മ്മഫലങ്ങളാണല്ലോ സാധിച്ചു കൊടുക്കുന്നത്‌. എന്നാല്‍ അങ്ങയേപ്പോലുളളവര്‍ക്ക്‌ മറ്റുളളവരുടെ കര്‍മ്മഫലങ്ങളെപ്പറ്റി യാതൊരു താല്‍പര്യവുമില്ല. ഹൃദയം നിറയെ സ്നേഹവും ദയാവായ്പും ഉളളതുകൊണ്ട്‌ എല്ലാ ജീവജാലങ്ങളിലും കലവറ കൂടാതെ ദയാവായ്പു ചൊരിയുന്നു. കഴിഞ്ഞ ജന്മത്തില്‍ ഭഗവാനെപ്പോലുളെളാരു പുത്രനെ വേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹം എന്റെ പുത്രനായി പിറക്കുകയും ചെയ്തു. അന്തിമമായ മോക്ഷത്തിലേക്കുളള പാതയേതെന്ന് എനിക്കു പറഞ്ഞു തന്നാലും. അതിലൂടെ ഒരുവന്‌ എല്ലാ ഭയങ്ങളില്‍ നിന്നും മോചനം ലഭിക്കുമല്ലോ.

നാരദന്‍ മറുപടി പറഞ്ഞു:
അങ്ങയുടെ ചോദ്യം എന്നെ ഓര്‍മ്മിപ്പിക്കുന്നത്‌ വിദേഹരാജാവായ നിമിക്ക്‌ ഋഷഭപുത്രന്മാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെയാണ്‌. സന്ന്യാസത്തിലൂടെ പരംപൊരുളിനെ സാക്ഷാത്കരിച്ച ഭരതമുനി ഋഷഭപുത്രനത്രെ. ഋഷഭന്‌ തൊണ്ണൂറ്റിയൊന്‍പതു പുത്രന്മാര്‍കൂടിയുണ്ടായിരുന്നു. ഒന്‍പതുപേര്‍ ഭരണാധികാരികളായി. മറ്റ്‌ ഒന്‍പതുപേര്‍ മുനികളും. അവര്‍ കവി, ഹരി, അന്തഃരീക്ഷന്‍, പ്രബുദ്ധന്‍, പിപ്പലായനന്‍, അവിര്‍ഹോത്രന്‍, ദുര്‍മ്മിലന്‍, ചാമസന്‍, കരഭജനന്‍ എന്നിവരത്രെ. ഒരിക്കല്‍ ഭൂമിയില്‍ ചുറ്റിസഞ്ചരിച്ച്‌ അവര്‍ വിദേഹ രാജ്യത്തെത്തിചേര്‍ന്നു. അവിടെ നിമി ഒരു യാഗം നടത്തുകയായിരുന്നു. നിമി മാമുനിമാരെ കണ്ട്‌ ഹര്‍ഷപുളകിതനായി അവരെ എതിരേറ്റു:

‘മനുഷ്യജന്മം ദുര്‍ല്ലഭം, അതില്‍ ഭഗവദ്‍ഭക്തരുമായുളള സത്സംഗം അതീവ ദുര്‍ല്ലഭം. മഹാത്മാക്കളുമായി ലഭിക്കുന്ന സത്സംഗം, അതൊരു നിമിഷനേരത്തേയ്ക്കു മാത്രമാണെങ്കില്‍ കൂടി അനര്‍ഘവും അമൂല്യവുമത്രെ. ഇങ്ങനെയൊരു സൗഭാഗ്യവും അനുഗ്രഹവും ലഭിച്ച സ്ഥിതിക്ക്‌ ഞങ്ങള്‍ക്ക്‌ ഭഗവല്‍പാദകമല സായൂജ്യമടയാനുളള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ദയവുണ്ടാവണം. ഭാഗവതധര്‍മ്മം ഞങ്ങളെ പഠിപ്പിക്കണമെന്ന് ഞാനപേക്ഷിക്കുന്നു.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF