മനസ്സിനപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ശാസ്ത്രമാണ് ഗീത (19)

ആത്മാന്വേഷണത്തില്‍നിന്ന് പിന്തിരിയുന്നത് പതനമാണ്. സത്യാന്വേഷണം ഓരോരുത്തരുടെയും കര്‍മ്മമാണ്. കര്‍മ്മമെന്നത് നമ്മെ അറിയാനുള്ളതാണ്. അത് വെളുത്ത തുണിപോലെയാണ്. കറ പെട്ടെന്ന് അറിയും. അന്വേഷണം സത്യമെങ്കില്‍ ഒന്നും ഉപേക്ഷിക്കേണ്ട. ബന്ധങ്ങളെയും കര്‍മ്മത്തെയും എല്ല‍ാം ഉപേക്ഷിച്ചാല്‍മാത്രമേ ഇതു കിട്ടൂ എന്ന ധാരണ തെറ്റാണ്.

നിങ്ങളുടെ കര്‍മ്മങ്ങളൊന്നും ശാസ്ത്രമറിയുന്നതിനു പ്രസക്തമല്ല. നിങ്ങളെന്തുചെയ്തു, ചെയ്തില്ല ഒന്നും പ്രസക്തമല്ല. ഒരാളെയും മാറ്റിനിര്‍ത്താനുമാകില്ല. അറിയാനുള്ള ശ്രമം ഓരോരുത്തരുടെയും അവകാശമാണ്.

ആരേയും വിലയിരുത്താന്‍ നമുക്ക് അവകാശമില്ല. യോഗിയോ ഭോഗിയോ ആകട്ടെ, ബന്ധങ്ങള്‍ ഇല്ലാത്തവനോ ബന്ധങ്ങളില്‍ ജീവിക്കുന്നവനോ ആകട്ടെ, ആരാണോ സത്യാന്വേഷണത്തില്‍ താത്പര്യം കാണിക്കുന്നത് അവന്‍മാത്രം ആനന്ദിക്കുന്നു എന്ന് ശങ്കരാചാര്യര്‍ പറയുന്നു. എന്നാല്‍ പരമമായ സത്യത്തിനായുള്ള പ്രാര്‍ഥന കല്യാണം നടക്കല്‍ , ജോലികിട്ടല്‍ , രോഗംമാറല്‍ തുടങ്ങിയ നേട്ടങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാകരുത്. അങ്ങനെ അന്വേഷിച്ചാല്‍ ഏഴയലത്തെത്തില്ല. ആഗ്രഹത്തോടുകൂടി അനുഭവങ്ങളെ തേടിപ്പോയാല്‍ പൂര്‍ണതയെത്തില്ല. അവിടെ ആഗ്രഹമേയുണ്ടാകൂ, അനുഭവമുണ്ടാകില്ല. അവനവനില്‍നിന്ന് മാറിനിന്ന് കാണാനാകണം, സന്ദീപ്ചൈതന്യ പറഞ്ഞു.

സ്വന്തം കര്‍മ്മത്തില്‍നിന്ന് പിന്മാറിയാല്‍ മഹാന്മാര്‍ നിന്നെ പേടിച്ചോടിയവന്‍ എന്നു പറയുമെന്ന് ഭഗവാന്‍ അര്‍ജുനന് മുന്നറിയിപ്പുനല്‍കുന്നു. ഭയംകൊണ്ട് ചിലര്‍ ആധ്യാത്മികതയുടെ ലോകത്ത് വരുന്നില്ല. നന്നായിപ്പോകുമോ എന്ന പേടിയാണവര്‍ക്ക്. നമുക്കാവശ്യമുള്ള സുഖം കിട്ടുന്ന കൊള്ളരുതായ്മകള്‍ ഉപേക്ഷിക്കുവാനുള്ള പേടി.

ഗീതകേട്ടാല്‍ നന്നാവും എന്ന ധാരണ വേണ്ട. എല്ലാവരും ഇപ്പോഴേ നല്ലതാണ്. എല്ലാവരും വ്യത്യസ്തരാണ്, ശരിയാണ്, ചിന്തിക്കുന്നവരാണ് – അതാണ് ഗീത. കേട്ടിട്ട്, കണ്ടിട്ട്, ചിന്തിച്ചിട്ട് ആധ്യാത്മികത ആരും അറിയുന്നില്ല. ആര്‍ക്കും നിര്‍വചിക്കാന്‍ സാധിക്കില്ല. മനസ്സിനപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ശാസ്ത്രമാണ് ഗീത. അതേസമയം ചന്ദനം ചൂണ്ടിക്കാണിക്കുന്ന കൈവിരല്‍ ഒരിക്കലും ചന്ദനമല്ല. ശാസ്ത്രം ചൂണ്ടുപലകമാത്രമാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close