യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുതഃ
സ്തുന്വന്തി ദിവ്യൈഃ സ്തവൈര്‍ –
വ്വേദൈഃ സാംഗപദക്രമോപനിഷദൈര്
‍ഗായന്തി യംസാമഗാഃ
ധ്യാനാവസ്ഥിതതദ്ഗതേന മനസാ
പശ്യന്തി യം യോഗിനോ
യസ്യാന്തം നവിദുഃ സുരാസുരഗണാഃ
ദേവായ തസ്മൈ നമഃ (12-13-1)
പൃഷ്ഠേ ഭ്രാമ്യദമന്ദമന്ദരഗിരി
ഗ്രാവാഗ്രകണ്ഡൂയനാ-
ന്നിദ്രോലോഃ കമഠാകൃതേര്‍ഭഗവതഃ
ശ്വാസാനിലാഃ പാന്തു വഃ
യത്സംസ്കാരകലാണുവര്‍ത്തനവശാദ്
വേലാനിഭേനാംഭസാം
യാതായാതമതന്ദ്രിതം ജലനിധേര്
നാദ്യാപി വിശ്രാമ്യതി (12-13-2)
നാമസങ്കീര്‍ത്തനം യസ്യ സര്‍വ്വപാപപ്രണാശനം
പ്രണാമോ ദുഃഖശമനസ്തം നമാമി ഹരിം പരം (12-13-23)

സൂതന്‍ തുടര്‍ന്നു:
വരുണന്‍, ഇന്ദ്രന്‍, രുദ്രന്‍, വായുദേവന്‍ തുടങ്ങിയവരെല്ലാം ദിവ്യസങ്കീര്‍ത്തനങ്ങളാല്‍ വാഴ്ത്തുന്ന ഭഗവാനു നമസ്കാരം. സങ്കീര്‍ത്തനകര്‍ത്താക്കള്‍ വേദങ്ങളായി വാഴ്ത്തുന്നതും നിതാന്തധ്യാനത്താല്‍ ഹൃദയം ഭഗവാനിലുറച്ച യോഗിവര്യന്മാര്‍ സങ്കല്‍പ്പിക്കുന്നതും എന്നാല്‍ ദേവന്മാര്‍ക്കും അസുരന്മാര്‍ക്കുമൊന്നും അളക്കാനാവാത്തതുമായ ആ ഭഗവാനായിക്കൊണ്ട്‌ നമസ്കാരം. ദിവ്യനായ ആമയുടെ രൂപത്തിലവതരിച്ച്‌ പുറത്തുളള മന്ദരപര്‍വ്വതത്താല്‍ ഉരസപ്പെട്ടതുകൊണ്ട്‌ ഉറക്കംതൂങ്ങി മൃദുവായി ശ്വാസോഛ്വാസം നടത്തിയ ഭഗവാന്റെ ശ്വാസോഛ്വാസം നിങ്ങള്‍ക്ക്‌ സംരക്ഷയേകട്ടെ. അവയെത്ര മഹത്തരം! അവയാണല്ലോ സമുദ്രങ്ങളില്‍ അലയുണ്ടാക്കുന്നത്‌. തിരമാലകള്‍ ഇന്നും സമുദ്രങ്ങളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു.

ആകെ പതിനെട്ടുപുരാണങ്ങളുണ്ടെന്നു നിങ്ങള്‍ കേട്ടു. അവയെല്ലാം ചേര്‍ന്ന് നാനൂറായിരം ഈരടികളുണ്ട്‌. അതില്‍ ഭാഗവതപുരാണത്തില്‍ മാത്രം പതിനെണ്ണായിരം ഈരടികളാണുളളത്‌.

ഭാഗവതപുരാണം ഭഗവാന്‍ സ്വയം ബ്രഹ്മാവിനു പറഞ്ഞുകൊടുത്തു. അതുകൊണ്ട്‌ ഇതിന്‌ ഭാഗവതം എന്ന പേരു വന്നു – ഭഗവാനെക്കുറിച്ചുളള പുസ്തകം. മാത്രമല്ല, ഈ പുസ്തകം മുഴുവനും ഭഗവാനെക്കുറിച്ചും അവിടുത്തെ മഹിമകളെക്കുറിച്ചുമാണ്‌. ഉപനിഷത്തുക്കളുടെ സാരസത്ത ഇതിലുണ്ട്‌. ഇതിലെ പ്രതിപാദവിഷയം അനന്തമജ്ഞാതമവര്‍ണ്ണനീയമായ ബ്രഹ്മമത്രെ. ആരൊരുവന്‍ ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി ഭാദ്രപദമാസത്തിലെ പൗര്‍ണ്ണമിയില്‍ മറ്റുളളവര്‍ക്ക്‌ നല്‍കുന്നുവോ, അയാള്‍ പരമലക്ഷ്യത്തിലെത്തിച്ചേരുന്നു. മറ്റു പുരാണങ്ങള്‍ക്ക്‌ തിളക്കമുണ്ടാവുന്നത്‌ ഭാഗവതം കേള്‍ക്കുംവരെ മാത്രമേയുളളു. ഗംഗയാണല്ലോ നദികളില്‍ ഉത്തമം. ഭഗവാന്‍ വിഷ്ണുവാണ്‌ ഭഗവദവതാരങ്ങളില്‍ അഗ്രഗണ്യന്‍. പരമശിവനാണ്‌ ഭഗവദ്‍ഭക്തരിലത്യുത്തമന്‍. ഭാഗവതമാണ്‌ പുരാണങ്ങളില്‍ അതിശ്രേഷ്ഠം. ഇത്‌ വിഷ്ണുഭക്തര്‍ക്കും താപസന്മാരില്‍ ഏറ്റവും ഉയര്‍ന്നവര്‍ക്കും പ്രിയമത്രെ. ആരൊരുവന്‍ ഇത്‌ വായിക്കുന്നുവോ, കേള്‍ക്കുന്നുവോ, ധ്യാനിക്കുന്നുവോ അയാള്‍ മോക്ഷപദം പ്രാപിക്കും. ഭഗവാന്‍ കൃഷ്ണനു നമസ്കാരം. ശ്രീവ്യാസനു നമസ്കാരം. ശുകമുനിക്കും പരീക്ഷിത്ത്‌ രാജാവിനും നമസ്കാരം. ഭഗവാന്‍ ഹരിക്ക്‌ നമോവാകം. ആരുടെ നാമജപം ഒരുവന്റെ പാപങ്ങളും ദുഃഖങ്ങളും അകറ്റുന്നുവോ, ആ ഭഗവാനായ ശ്രീഹരിക്ക്‌ നമസ്കാരം.
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം തത്‌ സത്‌.
ഹരിശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു.
ഓം നമഃ ശിവായ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF