കര്‍മ്മങ്ങളെ നിര്‍മമതയോടെ പൂര്‍ത്തീകരിക്കുക (20)

മനസ്സിനെ കാമനകള്‍ അപഹരിക്കുമ്പോഴാണ് ഒരുവന്‍ ഭോഗാസക്തിയില്‍ നിപതിക്കുന്നത്. ഇതിന്റെ ആത്യന്തികഫലം മരണമായിരിക്കും. കാമനകള്‍ ആധിപത്യം സ്ഥാപിക്കുന്ന മനസ്സില്‍ നിശ്ചിതരൂപത്തിലുള്ള ബുദ്ധി സ്ഥിതി ചെയ്യില്ല. ആഗ്രഹിക്കുന്നതെന്തും നിവര്‍ത്തിക്കപ്പെടുന്നതാണ് സ്വര്‍ഗമെന്ന മിഥ്യാധാരണയിലാവും അവര്‍ ജീവിക്കുക. കടം മേടിച്ച് ആഡംബരജീവിതം നയിക്കുന്നവര്‍ ഇത്തരക്കാരാണ്. ലോണ്‍മേളകളുടെ കാലത്ത് കിട്ടാവുന്നിടത്തു നിന്നെല്ല‍ാം വായ്പ വാങ്ങും. ഒടുക്കം തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ കൂട്ടആത്മഹത്യ ചെയ്യും. കേരളീയരുടെ ജീവിതം ഇതിന് ദൃഷ്ടാന്തമായിക്കൊണ്ടിരിക്കുകയാണ്.

കര്‍മ്മങ്ങള്‍ ഒന്നിനോടും ഒട്ടലില്ലാതെ ചെയ്യുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. അത് പാലിക്കുമ്പോള്‍ സ്വര്‍ഗീയാനുഭവം നമുക്ക് പ്രാപ്യമാകും. എതിര്‍പ്പുകള്‍ സംഘര്‍ഷങ്ങള്‍ക്ക് വിത്തിടും. ന‍ാം നിര്‍വഹിക്കേണ്ട കര്‍മ്മങ്ങളെ എതിര്‍ക്കുകയല്ല നിര്‍മമതയോടെ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. സുഖദുഃഖങ്ങള്‍ , ലാഭനഷ്ടങ്ങള്‍ , ജയപരാജയങ്ങള്‍ എന്നിവ നമ്മുടെ കര്‍മ്മത്തിന് നിദാനമാകരുത്. കേവലം ഒരുപകരണമായി വേണം കര്‍മ്മങ്ങളിലേര്‍പ്പെടാന്‍. അപ്പോള്‍ അതിന്റെ ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠ നമ്മിലുണ്ടാകില്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close