പുനശ്ച ഭൂയാദ്‌ ഭഗവത്യനന്തേ രതിഃ പ്രസംഗശ്ച തദാശ്രയേഷുഃ
മഹത്സു യ‍ാം യാമുപയാമി സൃഷ്ടിം
മൈത്ര്യസ്തു സര്‍വ്വ​‍ത്രനമോ ദ്വിജേഭ്യഃ (1-19-16)
അതഃ പൃച്ഛാമി സംസിദ്ധിം യോഗിന‍ാം പരമം ഗുരും
പുരുഷസ്യേഹ യത്‌ കാര്യം മൃയമാണസ്യ സര്‍വ്വഥാ (1-19-37)
യച്ഛ്രോതവ്യമഥോ ജപ്യം യത്‌ കര്‍ത്തവ്യം നൃഭിഃ പ്രഭോ
സ്മര്‍ത്തവ്യം ഭജനീയം വാ ബ്രൂഹി യദ്വാ വിപര്യയം (1-19-38)

‌ദാഹം ശമിച്ചപ്പോള്‍ രാജാവിന്‌ സംഭവിച്ചതെല്ല‍ാം ഓര്‍മ്മവന്നു. കോപം തണുത്തു. കുറ്റബോധവും പാപബോധവും ഉണ്ടായി. മഹാനായൊരു മുനിയോടുകാണിച്ച അപരാധത്തെപ്പറ്റി അത്യന്തം വ്യസനം തോന്നി. മുനിയെ അപമാനിച്ചതിന്റെ പരിണിതഫലമായി തനിക്ക്‌ വലിയൊരാപത്തുവന്നുചേരുമെന്ന് പരീക്ഷിത്തിനറിയാമായിരുന്നു. താമസിയാതെ മുനികുമാരന്റെ ശാപം രാജാവറിഞ്ഞു. അദ്ദേഹമതു പ്രതീക്ഷിച്ചു തയ്യാരായിരുന്നുതാനും. മറ്റു ദുഷ്കൃത്യങ്ങളില്‍ നിന്നും തന്നെത്തടയുവാനിതിനുകഴിയുമല്ലോ എന്നോര്‍ത്ത്‌ അദ്ദേഹം ശാപത്തെ സ്വാഗതം ചെയ്തു. തന്നിലുളള ആസക്തി രാജാവ്‌ തീരെയുപേക്ഷിച്ചു. ഏഴുദിനം മുന്‍പേ മരണദിവസമറിയാന്‍ കഴിഞ്ഞത്തിലും രാജാവ്‌ സന്തുഷ്ടനായി.

പുത്രനായ ജനമേജയനെ രാജ്യഭാരമേല്‍പ്പിച്ച്‌ മരണംവരെ നിരാഹാരവൃതം അനുഷ്ഠിക്കാനായി രാജാവ്‌ ഗംഗാതീരത്തുവന്നു. അദ്ദേഹമവിടെവന്നതു കണ്ട്‌ ചുറ്റുപാടുനിന്നും മുനിമാരും ദിവ്യന്‍മാരും എത്തിച്ചേര്‍ന്നു. എല്ലാവരേയും സ്വാഗതംചെയ്ത്‌ തന്റെ തീരുമാനത്തെപ്പറ്റി രാജാവ് അവരെ അരിയിച്ചു. അവരുടെ അനുഗ്രഹം തേടിക്കൊണ്ട്‌ രാജാവ്‌ പറഞ്ഞു. “എന്നെപ്പോലെ പാപിയായ രാജാവിന്‌ ആ മുനികുമാരന്റെ ശാപം ഒരനുഗ്രഹം തന്നെയാണ്‌. അല്ലയോ ദിവ്യസുകൃതികളേ, ഞാന്‍ പ്രാര്‍ത്ഥിക്കുന്നുത് ഇത്രമാത്രം. ഓരോ ജന്മമെടുക്കുമ്പോഴും എനിക്ക്‌ പരമാത്‌വായ ശ്രീകൃഷ്ണനില്‍ ദൃഢഭക്തിയുണ്ടാവണം. അവിടുത്തെ ഭക്തന്മ‍ാരായ സദ്പുരുഷന്മ‍ാരുമായുളള സഹവാസവുമുണ്ടാവണം. എല്ലാവരുമായി സൗഹൃദമുണ്ടാകാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” മുനിമാര്‍ രാജാവിന്റെ തീരുമാനത്തെ അനുകൂലിച്ചു. അവസാനകാലത്ത്‌ അദ്ദേഹത്തിന്റെകൂടെക്കഴിയാനും അവര്‍ തീരുമാനിച്ചു.

അപ്പോള്‍ ശുകമുനി അവിടെ വന്നെത്തി. പതിനാറുവയസ്സായ ബാലനെപ്പോലെ തോന്നിച്ച അദ്ദേഹം പൂര്‍ണ്ണനഗ്നനായിരുന്നു. ആകര്‍ഷകമായ സുദൃഢഗാത്രം. എല്ലാറ്റിലും പരിപൂര്‍ണ്ണതയുളള ആകാരം. ദേഹത്തില്‍ കുലത്തിനേയോ ഗാത്രത്തിനേയോ തിരിച്ചറിയാന്‍ അടയാളങ്ങളൊന്നുമില്ലായിരുന്നു. (അദ്ദേഹമതിനെല്ല‍ാം അതീതനാണല്ലോ). പുറമേയൊരു ഭ്രാന്തന്റെ ഭാവമുണ്ടെങ്കിലും മുനിമാര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.

ശുകമുനിയെ വന്ദിച്ചുസ്വീകരിച്ച്‌ രാജാവ്‌ അനുഗ്രഹീതനും സന്തുഷ്ടനും ആയി വര്‍ത്തിച്ചു. “ആ ശ്രീകൃഷ്ണ ഭഗവാനെന്നില്‍ തീര്‍ച്ചയായും സന്തുഷ്ടനാണ്‌. അതാണല്ലോ മരണം കാത്തുകിടക്കുന്ന എനിക്ക്‌ അവിടുത്തെപ്പോലുളള ദിവ്യപുരുഷരെക്കാണാന്‍ അവസരം ലഭിച്ചത്. താങ്കളുടെ സാന്നിദ്ധ്യം കൊണ്ടുതന്നെ ഞങ്ങളുടെ പാപങ്ങള്‍ ഇല്ലാതാവുന്നു. ഭഗവാനേ, മരണമടുത്തിരിക്കുന്ന ഒരുവന്‍ എന്തൊക്കെയാണ്‌ ചെയ്യേണ്ടത്‌? മറ്റുളളവര്‍ പൊതുവേ ജീവിതത്തില്‍ എന്തൊക്കെയാണ്‌ പാലിക്കേണ്ടത്‌? എന്താണു കേള്‍ക്കേണ്ടത്‌? പാടേണ്ടത്‌? ചെയ്യേണ്ടത്‌? ഓര്‍ക്കേണ്ടത്‌? എന്തൊക്കെയാണ്‌ ഉപേക്ഷിക്കേണ്ടതും ആശ്രയിക്കേണ്ടതുമെന്നെല്ല‍ാം ദയവായി പറഞ്ഞു തന്നാലും.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF