ശ്രീ രമണമഹര്‍ഷി

ജൂണ്‍ 29, 1936

217. എന്‍ജിനീയര്‍ എ. ബോസ്‌ (ബോംബെ)

ഭഗവാന്‍ ഞങ്ങളുടെ മേല്‍ കരുണാകടാക്ഷം പൊഴിക്കുന്നുണ്ടോ?

ഉ: കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ വെള്ളത്തിനു ദാഹിക്കുകയാണോ? നിങ്ങള്‍ പറയുന്നത്‌, വെള്ളത്തില്‍ കിടക്കുന്ന മത്സ്യത്തിന്‌ അഥവാ ആ ജലത്തിനും ദാഹം തോന്നുന്നു എന്നു പറയുന്നതുപോലെയാണ്‌.

ചോ: മനസ്സിനെ നശിപ്പിക്കുന്നതെങ്ങനെയാണ്‌?

ഉ: മനസ്സെന്നൊന്നുണ്ടോ? നിങ്ങള്‍ മനസ്സെന്നു പറയുന്നത്‌ ഒരു തോന്നലിനെയാണ്‌. അത്‌ ‘ഞാന്‍’ എന്ന ബോധത്തില്‍ നിന്നും ഉളവാകുന്നു. ഇന്ദ്രിയങ്ങളില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ദേഹമോ മനസ്സോ ഉള്ളതായി തോന്നുകയില്ല. ഇന്ദ്രിയങ്ങളെക്കൂടാതെയും നിങ്ങള്‍ക്കിരിക്കാം. ആ അവസ്ഥയില്‍ നിങ്ങള്‍ തുര്യത്തിലോ നിദ്രയിലോ ഇരിക്കുകയായിരിക്കും. ആത്മബോധം മാത്രം എപ്പോഴുമുള്ളതാണ്‌. നിങ്ങള്‍ നിങ്ങളുടെ ഈ നിജാവസ്ഥയിലിരുന്നാല്‍ ഈ ചോദ്യമുണ്ടാവുകയില്ല.

ചോ: ദേഹബോധം സാക്ഷാല്‍ക്കാരത്തിനു തടസ്സമാണോ?

ഉ: നാമിപ്പോഴും ദേഹമനസ്സുകള്‍ക്കതീതമാണ്‌. ദേഹത്തെ നിങ്ങള്‍ ആത്മാവാണെന്നു കരുതുന്നപക്ഷം അതു തടസ്സം തന്നെയാണ്‌.

ചോ: ഈ ദേഹമനസ്സുകളെക്കൊണ്ട്‌ സാക്ഷാല്‍ക്കാരത്തിനു വല്ല ഉപയോഗവുമുണ്ടോ?

ഉ: അത്‌ ആത്മസാക്ഷാല്‍ക്കാരത്തെ സഹായിക്കുന്നു.