ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

കര്‍മ്മങ്ങള്‍ നിഷ്കാമമായി ചെയ്യപ്പെടേണ്ടതാണ് . എന്തുകൊണ്ടെന്നാല്‍ , കര്‍മ്മത്തിന്റെ ഫലങ്ങള്‍ കര്‍ത്താക്കള്‍ അനുഭവിക്കുന്നു. അല്ല്ലാതെ, ദൈവം അനുഭവിപ്പിക്കുന്നതല്ല. പ്രപഞ്ചത്തിലെ കര്‍മ്മങ്ങള്‍ക്ക്‌ ദൈവവുമായി ഒരു ബന്ധവുമില്ല. ദൃഷ്ടാന്തമായി, സൂര്യനെയും ഭൂമിയും എടുക്കുക. ആശയോ, കര്‍മ്മബന്ധമോ കൂടാതെ സൂര്യന്‍ സ്വയം ഉദിക്കുന്നു ; വെളിച്ചം വീശുന്നു. സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ഭൂമിയില്‍ ബഹുമുഖങ്ങളായ കര്‍മ്മങ്ങള്‍ നടക്കുന്നു. സൂര്യരഷ്മിയില്‍ , സൂര്യകാന്തിസ്ഫടികം പിടിച്ചാല്‍ അഗ്നി സ്ഫുരിക്കുന്നു ; താമരപൂക്കള്‍ വിടരുന്നു ; വെള്ളം ആവിയായി രൂപാന്തരപ്പെടുന്നു. എന്നാല്‍ ഈ കര്‍മ്മങ്ങളെല്ലാം സൂര്യനുമായി യാതൊരു ബന്ധവുമില്ല. സൂര്യന്‍ പ്രകാശിക്കുക മാത്രമേ ചെയുന്നുള്ളൂ. ഈ പ്രകാശം എല്ലാ കര്‍മ്മങ്ങള്‍ക്കും സാക്ഷിയായിതീരുകയും ചെയ്യുന്നു. ഇതുപോലെ തന്നെയാണ് ദൈവവും പ്രാപഞ്ചികകര്‍മ്മങ്ങളും തമ്മില്‍ വര്‍ത്തിക്കുന്നത് . ജീവജാലങ്ങളുടെ സൃഷ്ടി , സംരക്ഷണം , സംഹാരം ബന്ധവിമോചനം എന്നീ കൃത്യങ്ങള്‍ക്ക് ദൈവവുമായി ബന്ധം തന്നെയില്ല. ഓരോ ജീവരാശിയും കര്‍മ്മം അനുസരിച്ചുള്ള ഫലം അനുഭവിക്കുന്നു. അനുഭവിക്കപ്പെടുന്ന ഫലങ്ങള്‍ ജീവജാലങ്ങളുടെ താണ് ; ദൈവത്തിന്റെതല്ല. ജീവജാലങ്ങളുടെ ഒരൊറ്റ കര്‍മ്മമെങ്കിലും ദൈവത്തെ ബാധിക്കുന്നില്ല അതുകൊണ്ടാണ് നിഷ്കാമകര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാന്‍ ആഗമങ്ങള്‍ വിധിക്കുന്നത്.