സുഖം ആത്മനിഷ്ഠമാണെന്നറിഞ്ഞവര്‍ അവനവനെ അന്വേഷിക്കുന്നു (23)

അപരനെ ന‍ാം പൂര്‍ണമായി സ്വീകരിക്കേണ്ടതുണ്ട്. നമുക്ക് ശത്രുക്കളുണ്ടാകരുത്. വിശ്വമായിരിക്കുന്നതേ ഞാനാണെന്നറിഞ്ഞാല്‍ പിന്നെ എന്തിന് മറ്റുള്ളവരോട് മത്സരിക്കണം? വ്യക്തി, വിദ്വേഷങ്ങള്‍ക്ക് അതീതനാണ്. അതേസമയം പ്രവൃത്തികളെ വിമര്‍ശിക്ക‍ാം.

കോപം, ഭയം, ആശ ഇതൊക്കെ ഒഴിഞ്ഞിട്ടുള്ളവനാണ് മുനി. പ്രതീക്ഷകള്‍ അകലുമ്പോള്‍ ഒരുവനില്‍ മൗനമുണ്ടാകുന്നു. മൗനമാചരിക്കുന്നവന്‍, മനനം ചെയ്യുന്നവന്‍, വ്യാമോഹത്തെ ഭജിക്കാത്തവന്‍ – അവനാണ് മുനി. ഒരു ചിത്രത്തിലെ ബിംബങ്ങളായി പ്രപഞ്ചത്തിലെ എല്ല‍ാം കാണാന്‍ കഴിയണം. പല ജനങ്ങള്‍ , ആകൃതികള്‍ , പേരുകള്‍ , വേഷങ്ങള്‍ ഒക്കെ. അവരിലൊരാളായി തന്നെയും കാണണം. ഇതാണ് സ്ഥിതപ്രജ്ഞന്റെ ലക്ഷണം. ദുഃഖങ്ങളില്‍ , അനുകൂലമല്ലാത്ത അനുഭവങ്ങളില്‍ ക്ഷോഭിക്കാതെ അവയെ ഉള്‍ക്കൊള്ളുന്നവനും സുഖത്തില്‍ ആഗ്രഹമില്ലാത്തവനും സ്മരണാരൂപത്തില്‍ അവയെ താലോലിക്കാത്തവനുമാണ് മുനിയെന്ന് അര്‍ജുനനോട് ഭഗവാന്‍ വിശദീകരിക്കുന്നു.

എല്ലാ മനോഗതങ്ങളേയും കാമനകളേയും എപ്പോള്‍ ഒരുവന്‍ പൂര്‍ണമായി വിട്ടുകളഞ്ഞ് തന്നില്‍ തന്നെ രമിക്കുന്നുവോ അവനാണ് സ്ഥിതപ്രജ്ഞന്‍. മനസ്സ് ബാഹ്യമായ വസ്തുക്കളില്‍ രമിക്കുന്നവന്‍ വിഷയാരാമനും തന്നില്‍ത്തന്നെ രമിക്കുന്നവന്‍ ആത്മാരാമനുമാണ്. സുഖം ആത്മനിഷ്ഠമാണെന്നറിഞ്ഞവര്‍ അവനവനെ അന്വേഷിക്കുന്നു. സ്വയം അറിഞ്ഞവന് തന്നില്‍തന്നെ ആനന്ദമുണ്ടാകുന്നു. ഒന്നിന്റെയും ഭാവവും അഭാവവും അപ്പോള്‍ അല്പം പോലും ഇളക്കമുണ്ടാക്കുന്നില്ല. അവന്റെ പ്രജ്ഞ സ്ഥിരമാണ്.

അജ്ഞാനത്താല്‍ ഭ്രമിക്കപ്പെട്ട ബുദ്ധി എപ്പോഴാണോ ധ്യാനഭൂമികയിലെത്തി ഇളക്കമില്ലാതെ സ്ഥിരമായി സ്ഥിതി ചെയ്യുന്നത് അപ്പോള്‍ നീ യോഗിയായിത്തീരുമെന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നു. എല്ലാവരും കാറ്റത്തിളകാത്ത ദീപം പോലെ യോഗിയായിത്തീരണം. മോഹങ്ങളെ അതിജീവിക്കാന്‍ കഴിയണം.

കര്‍മ്മത്തിലൂടെ ആത്മാന്വേഷണം സാധ്യമാണ്. മോക്ഷം മരണാനന്തര ബഹുമതിയല്ലെന്ന് സ്വാമി പറഞ്ഞു. നിസ്സംഗഭാവത്തോടെ കര്‍മ്മമനുഷ്ഠിച്ച് ഇവിടെത്തന്നെ സാധിക്കാവുന്നതാണ്. ബുദ്ധിയുക്തന്മാര്‍ കര്‍മ്മത്തില്‍ നിന്ന് ഇന്നതു കിട്ടണമെന്ന മോഹത്തെ പൂര്‍ണമായി പരിത്യജിച്ച് അമൃതത്വത്തെ സാക്ഷാത്കരിക്കുന്നു. സന്തോഷത്തോടെ, ആഹ്ലാദത്തോടെ ആയായിരിക്കണം കര്‍മ്മം ചെയ്യേണ്ടത്. വീണ്ടും ചെയ്യാനുള്ള പ്രചോദനം കിട്ടണം. സമഭാവത്തെ കൈവരിച്ച മനസ്സ് ചെയ്യുന്ന പ്രവൃത്തി സന്തോഷകരമായിരിക്കും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close