ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 16

ഏവം പ്രവര്‍ത്തിതം ചക്രം
നാനുവര്‍ത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാര്‍ത്ഥ സ ജീവതി

അര്‍ഥം :
അല്ലയോ അര്‍ജ്ജുന, ഇങ്ങനെ പ്രവര്‍ത്തിക്കുന്ന യജ്ഞകര്‍മ്മചക്രത്തെ ഈ ലോകത്തില്‍ ഏതൊരുവന്‍ അനുവര്‍ത്തിക്കുന്നില്ലയോ, പാപായുസ്സും ഇന്ദ്രിയാരാമനുമായ അവന്‍
ജീവിതം പാഴാക്കുന്നു.

ഭാഷ്യം :
അല്ലയോ ധനുര്‍ദ്ധര, യജ്ഞത്തിന്റെ പഴക്കമേറിയ പൌരാണിക സിദ്ധാന്തം എന്താണെന്ന് ഞാന്‍ ചുരുക്കത്തില്‍ നിന്നോട് പറഞ്ഞു. ശരിയായ ധര്‍മ്മത്തിന്റെ കാതല്‍ യജ്ഞങ്ങളാണ്. സമ്പത്തിന്റെ അഹങ്കാരം കൊണ്ട് യജ്ഞങ്ങള്‍ അനുഷ്ഠിക്കാതെ വീഴ്ച്ചവരുത്തുന്ന ഒരുവന്‍ പാപിയാണ്. അവന്‍ ഇന്ദ്രിയ വിഷയങ്ങളില്‍ മുഴുകി ജീവിക്കുക നിമിത്തം ലോകത്തിന് ഒരു ഭാരമായിരിക്കും. അവന്റെ അസ്തിത്വം അകാലത്ത് ആകാശത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഴപെയ്യിക്കാന്‍ കഴിവില്ലാത്ത കാര്‍മേഘങ്ങളെ പോലെ ഫലശൂന്യമാണ്. ഒരുവന്‍ അവന്റെ ധാര്‍മ്മിക യജ്ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ കൂടി ചരിക്കാതെ പിന്തിരിഞ്ഞാല്‍ , അവന്റെ ജീവിതം അജാഗളസ്തനം പോലെ നിഷ്പ്രയോജനമാണ്. അതുകൊണ്ട് ആരും സ്വധര്‍മ്മങ്ങള്‍ വെടിയാന്‍ പാടില്ല. ഹൃദയംഗമമായി പിന്തുടരേണ്ട ഏക മാര്‍ഗ്ഗം അതു മാത്രമാണ്. ആത്മാവ് ശരീരത്തിലും ശാരീരിക ജീവിതത്തിലും തങ്ങി നില്‍ക്കുമ്പോള്‍ കര്‍ത്തവ്യങ്ങളും കര്‍മ്മങ്ങളും ഒരുവന് ചെയ്യേണ്ടി വരുന്നു. അപ്പോള്‍ പിന്നെ വിഹിതമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനു പിറുപിറുക്കുന്നത് എന്തിനാണ്? അല്ലയോ സവ്യസാചി, കേള്‍ക്കുക. മനുഷ്യനായി ജന്മമെടുത്ത ഒരുവന്‍ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു വൈമുഖ്യം കാണിച്ചാല്‍ അവന്‍ ഒരു മൂഢനാണ്.