ഇന്ദ്രിയങ്ങളെ അതിവര്‍ത്തിക്കുക ഒരു കലയാണ് (24)

പരിത്യാഗം കൃഷ്ണനില്‍ നിന്നാണ്, ബുദ്ധനില്‍ നിന്നല്ല പഠിക്കേണ്ടത് . കൃഷ്ണന്റെ പരിത്യാഗം ഒന്നിനേയും ഉപേക്ഷിക്കലല്ല, എല്ലാറ്റിനേയും സ്വീകരിക്കലാണ്. അവിടെ ഞാനില്ല. സമ്പൂര്‍ണ സ്വീകാര്യതയാണ്. ബുദ്ധന്‍ ഭാര്യയേയും മകനേയും ഉപേക്ഷിച്ചിട്ടാണ് ആത്മാന്വേഷണം ആരംഭിക്കുന്നത്.

ഉള്ളിലേക്കുള്ള യാത്രയില്‍ ഒരു പ്രയാസവും ഉണ്ടാകാന്‍ പാടില്ല. അവനവന്‍ പോലും അറിയാതെ വേണം ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്ന് നിവര്‍ത്തിക്കാന്‍. ഒരു പൂ വിടരുന്നതുപോലെ അനായാസമായിരിക്കണമത്. ഇന്ദ്രിയങ്ങളെ സംയമനം ചെയ്തവരുടെ, സ്വസ്വാധീനത്തിലാക്കിയവരുടെ പ്രജ്ഞ ഉറപ്പുള്ളതാണ്.

പ്രയത്നിക്കുന്ന, പണ്ഡിതനായ മനുഷ്യന്റെ മനസ്സുപോലും ക്ഷോഭമുണ്ടാക്കുന്ന ഇന്ദ്രിയങ്ങള്‍ ബലമായി അപഹരിക്കുന്നു. നമ്മള്‍പോലും അറിയാതെയാണ് ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളിലേക്ക് പോകുന്നത്. ന‍ാം ധ്യാനനിരതരായി ഏതു ഗുഹാമുഖത്തിരുന്നാലും നമ്മുടെ മുന്നില്‍ സര്‍വസൗന്ദര്യത്തോടുംകൂടി നൃത്തംവയ്ക്കുന്ന വിഷയങ്ങളുണ്ട്, നമ്മുടെ തപസ്സിളക്കാന്‍. ഇവിടെ ന‍ാം ബലമായ ഒരേര്‍പ്പാടിനും നില്‍ക്കരുത്. അത് ഞരമ്പുരോഗം സൃഷ്ടിക്കും. അതിവര്‍ത്തിക്കുക ഒരു കലയാണ്. കടിച്ചുപിടിച്ചു നേടാവുന്നതല്ല. ഇന്ന് പല വ്രതങ്ങളും ശരീരത്തെയും മനസ്സിനേയും പീഡിപ്പിക്കുന്നതാണ്. എന്തോ കിട്ടുമെന്നു കരുതിയാണിത്. ഒന്നും കിട്ടില്ല. പലപ്പോഴും ഉപവാസമിരിക്കുന്നവന്റെ ചിന്ത മുഴുവന്‍ ആഹാരത്തെക്കുറിച്ചാകും. എന്താണ് ബലമായി വേണ്ടെന്നുവയ്ക്കുന്നത് അത് പതിന്മടങ്ങ് ശക്തിയോടെ ഉള്ളിലുണ്ടാവും.

പ്രമേഹരോഗി പഞ്ചസാര വേണ്ടെന്നു പറയുന്നതുപോലെയല്ല ജ്ഞാനി ഇന്ദ്രിയസുഖങ്ങള്‍ക്കു പിറകെ പോകാത്തത്. അതിന്റെ നിസ്സാരത ബോധ്യപ്പെട്ടതുകൊണ്ടാണ്. നിരാഹാരമിരിക്കുന്നവന്റെ മനസ്സില്‍ ആഗ്രഹമുണ്ട്. പരമമായതിനെ അറിഞ്ഞതിനാല്‍ സ്ഥിതപ്രജ്ഞനില്‍ ആഗ്രഹംപോലും ഉണ്ടാകുന്നില്ല.

ആമ തന്റെ അവയവങ്ങള്‍ ഉള്ളിലേക്കു വലിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നു പിന്‍വലിക്കണമെന്ന് ഗീത പറയുന്നു. ആമ ഭയംകൊണ്ടായിരിക്ക‍ാം ഇതു ചെയ്യുന്നത്. എന്നാല്‍ , ജ്ഞാനി അറിവുകൊണ്ടാണ്. ഇന്ദ്രിയങ്ങള്‍ സ്വന്തം ഉള്ളിലേക്കു തിരിക്കുന്നവന്റെ, പിന്‍വലിക്കുന്നവന്റെ ബുദ്ധി ഉറച്ചതാകുന്നു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close