ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 36,37

അര്‍ജ്ജുന ഉവാച:

അഥ കേന പ്രയുക്തോ ഽ യം
പാപം ചരതി പുരുഷഃ
അനിച്ഛന്നപി വാര്‍ഷ്ണേയ
ബലാദിവ നിയോജിതഃ

ശ്രീ ഭാഗവാനുവാചഃ
കാമ ഏഷ ക്രോധ ഏഷ
രജോഗുണസമുത്ഭവ
മഹാശനോ, മഹാപാപ്മാ
വിദ്ധ്യേനമിഹ വൈരിണം

അര്‍ഥം :
അല്ലയോ വൃഷ്ണി വംശജനായ കൃഷ്ണ, കാര്യം ഇപ്രകാരമാണെങ്കില്‍ എന്തു കാരണത്താല്‍ പ്രേരിതനായിട്ടാണ് ,ഈ പുരുഷന്‍ , താന്‍ ഇച്ഛിക്കുന്നില്ലെങ്കിലും നിര്‍ബന്ധമായി നിയോഗിക്കപ്പെട്ടവനെ പോലെ, പാപകര്‍മ്മത്തെ ചെയ്യാന്‍ ഇടയാകുന്നത്?

ഇതു രജോഗുണത്തില്‍ നിന്നുണ്ടായ കാമം (ആശ) ആകുന്നു. ഈ കാമം തടയപ്പെട്ടാല്‍ ക്രോധമായി മാറുന്നു. ഭക്ഷിക്കുന്തോറും അടങ്ങാതെ പെരുകുന്നതും അതു നിമിത്തം ഏതു പാപം ചെയ്യാനും പ്രേരണ നല്‍കുന്നതുമായ ഈ കാമം ജീവിതത്തില്‍ നമ്മുടെ ശത്രുവാണെന്നറിഞ്ഞാലും.

ഭാഷ്യം :
അര്‍ജ്ജുനന്‍ ചോദിച്ചു: പ്രഭോ! നാം പലപ്പോഴും കാണുന്നത് പോലെ ജ്ഞാനികള്‍ പോലും ഉന്നതമായ അവരുടെ അവസ്ഥയില്‍ നിന്ന് നിലംപതിച്ച് തെറ്റായ മാര്‍ഗ്ഗത്തില്‍ കൂടി ചരിക്കുന്നത് എന്തുകൊണ്ടാണ്?മോചനത്തിന്റെ മാര്‍ഗ്ഗം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അറിവുള്ളവര്‍ ഉല്‍പഥരായി പരധര്‍മ്മം ഏറ്റെടുക്കുന്നത് എന്തു കൊണ്ടാണ് ?അന്ധനായ ഒരുവന് നെല്ലും പതിരും വേര്‍തിരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ വ്യക്തമായി കാഴ്ചയുള്ള ഒരാള്‍ എങ്ങിനെയാണ് മതിമയങ്ങി ഭീകരമായ തെറ്റില്‍ വീഴുന്നത്? ലൗകികബന്ധങ്ങള്‍ ഉപേക്ഷിച്ചവര്‍ വീണ്ടും നൂതന ബന്ധങ്ങള്‍ സൃഷ്ടിച്ച് എന്നും അതൃപ്തരായി കഴിയുന്നു. കാട്ടിലേക്ക് പോയവര്‍ തിരിച്ചു നാട്ടിലേക്ക് വരുന്നു. എല്ലാറ്റില്‍ നിന്നും പിന്മാറി പാപകരമായ കാര്യങ്ങള്‍ നിശ്ശേഷം ത്യജിച്ചവര്‍ , അറിഞ്ഞുകൊണ്ട് തന്നെ പാപ നിഷ്ഠമായ ജീവിതഗതിയിലേക്ക് വലിച്ചിഴക്കപ്പെടുന്നു. മടുപ്പ് തോന്നിയിട്ട് തള്ളികളയാന്‍ ശ്രമിച്ച അതേ കാര്യങ്ങളില്‍ അവര്‍ക്ക് ഉത്സാഹം തോന്നുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും അതു നിര്‍ദ്ദയമായി അവരെ പിന്തുടരുകയും ചെയ്യുന്നു. ഇപ്രകാരം വിദ്വാന്‍മാര്‍ പോലും പാപത്തിനും ദുസ്വഭാവത്തിനും ബലിയാടുകളാകുന്നു. തെറ്റു ചെയ്യുന്നതിന് നമ്മെ നിര്‍ബന്ധിക്കുന്ന ഏതോ ഒരു ശക്തിയുണ്ട്. ക്രൂരമായ ആ ശക്തി ഏതാണു? എന്നോടു ദയവായി അതേപ്പറ്റിയെല്ലാം പറഞ്ഞാലും.

മനുഷ്യഹൃദയത്തിന് ആനന്ദം നല്‍കുന്നവനും ആശാരഹിതരായ യോഗികളുടെ ആശാകേന്ദ്രവുമായ പുരുഷോത്തമന്‍ പറഞ്ഞത്‌ എന്താണെന്ന് ശ്രദ്ധിക്കുക.
ഭാഗവാന്‍ അരുളി ;”കാമവും ക്രോധവും കനിവിന്റെ സ്പര്‍ശം പോലും ഇല്ലാത്ത രണ്ടു മഹാവ്യാധികളാണ്. അവര്‍ സംഹാരദേവതയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ജാഗ്രതയോടെ ജ്ഞാനത്തിന്റെ നിധി കാത്തു സുക്ഷിക്കുന്ന കരിമൂര്‍ഖന്‍മാരാണ്. ജ്ഞാനത്തിന്റെ നിധിയെടുക്കാന്‍ ആഗ്രഹിക്കുന്നവരെ അവര്‍ ദംശിച്ചു കൊല്ലും. പ്രാപഞ്ചിക സുഖങ്ങളുടെ താഴ്വരയില്‍ വിഹരിക്കുന്ന വ്യാഘൃങ്ങളാണവര്‍ .
അവര്‍ കര്‍മ്മപഥത്തില്‍ പതിയിരിക്കുന്ന കൊലയാളികളാണ്. ഭൗതികശരീരമാകുന്ന ദുര്‍ഗ്ഗം പടുത്തുയര്‍ത്താന്‍ ഉപയോഗിച്ച പാറക്കല്ലുകളായ അവര്‍ ദുര്‍ഗ്ഗത്തെ ചുറ്റി വലയം ചെയ്തിരിക്കുന്ന കിടങ്ങുകള്‍ പോലെ ആത്മാവിനെ ഇന്ദ്രിയ സുഖങ്ങളുടെ തടങ്കലിലാകുന്നു. അവര്‍ പ്രപഞ്ചത്തിന് ഒരു ഭാരമാണ്. അവര്‍ മനസ്സിന്റെ കുത്സിത പ്രവര്‍ത്തനങ്ങളില്‍ നിന്നും ജന്മമെടുത്ത പിശാചുക്കളാണ്. അവരെ ഗ്രസിച്ചിരിക്കുന്നതു രജോഗുണമാണ്. അവരെ പരിപോഷിപ്പിക്കുന്നത് അജ്ഞതയാണ്. രജോഗുണത്തില്‍ നിന്നാണ് ജന്മമെടുത്തതെങ്കിലും , അവരെ പോറ്റുന്നതും ലാളിക്കുന്നതും തമോഗുണമാണ്. തമോഗുണം അതിന്റെ സ്ഥിര സ്വഭാവമായ അഹങ്കാരവും അന്ധമായ രാഗ മോഹാദിഗുണങ്ങളും അവര്‍ക്ക് ദാനമായി കൊടുത്തിട്ടുണ്ട്. അവര്‍ ജീവന് മൃത്യു വരുത്തുന്ന ശത്രുക്കളാകയാല്‍ അവര്‍ക്കു മൃത്യുദേവന്റെ ആസ്ഥാനത്ത് വളരെയേറെ മതിപ്പുണ്ട്. ഈ രാക്ഷസന്‍മാര്‍ക്ക് വിശക്കുമ്പോള്‍ വിശ്വം മുഴുവന്‍ ഒറ്റ ഉരുളയ്ക്കു മതിയാവില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത് പ്രത്യാശയുടെ സഹായത്തോടെയാണ്. പ്രത്യാശയുടെ ഇളയസഹോദരിയാണ് വ്യാമോഹം. അവള്‍ കാമ ക്രോധാദികളുടെ ഉറ്റ ചങ്ങാതി. അവര്‍‍ തമ്മില്‍ ‍എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്നത്കൊണ്ട് ലോകത്തെ മുഴുവന്‍ അവര്‍ അവരുടെ വിരല്‍ തുമ്പില്‍ നൃത്തമാടിക്കുന്നു.
കാമക്രോധങ്ങള്‍ സത്യത്തിന്റെ ജഠരത്തില്‍ അസത്യം കുത്തി നിറച്ചു കൗടില്യത്തിനു അംഗീകാരം ഉണ്ടാക്കികൊടുക്കുന്നു. അവര്‍ മനസ്സമാധാനമാകുന്ന പതിവ്രതയെ അപഹരിച്ചെടുത്തിട്ട് തല്‍സ്ഥാനത്ത് അജ്ഞതയാകുന്ന കുലടയെ കുടിയിരുത്തി അവളുടെ ദുഷ്പ്രവര്‍ത്തികളില്‍ക്കൂടി അസംഖ്യം സജ്ജനങ്ങളെ കളങ്കപ്പെടുത്തുന്നു. വിശേഷജ്ഞാനത്തിന്റെ ശക്തിയെ അവര്‍ നശിപ്പിക്കുകയും , വൈരാഗ്യത്തിന്റെ തോല്‍പൊളിക്കുകയും ആത്മനിയന്ത്രത്തിന്റെ കഴുത്ത് ഞെരിക്കുകയും ചെയ്യുന്നു. സംതൃപ്തിയുടെ കാനനഛായയെ അവര്‍ വെട്ടിത്തെളിക്കുകയും, സഹിഷ്ണുതയുടെ പ്രാകാരത്തെ ഇടിച്ചു നിരത്തുകയും ചെയ്യുന്നു. അവരുടെ അവര്‍ ആത്മീയ ജ്ഞാനത്തിന്റെ മുളകളെ നുള്ളികളയുകയും സന്തോഷത്തിന്റെ പേര് പോലും തുടച്ചു നീക്കുകയും താപത്രയങ്ങളുടെ അഗ്നി മനുഷ്യ മനസ്സില്‍ പടര്‍ത്തുകയും ചെയ്യുന്നു. അവര്‍ ശരീരത്തോടൊപ്പം ജനിക്കുകയും ജീവനിലും ആത്മാവിലും ലയിച്ചിരിക്കുകയും ചെയ്യുന്നതിനാല്‍ ബ്രഹ്മ ദേവന് പോലും അവരെ കണ്ടു പിടിക്കാന്‍ സാദ്ധ്യമല്ല. അവര്‍ ബുദ്ധിയുടെ സമീപം വസിക്കുന്നു. വിജ്ഞാനത്തോടൊപ്പം സ്ഥാനമാനങ്ങള്‍ വഹിക്കുന്നതില്‍ ആശ്വസിക്കുകയും ചെയ്യുന്നു. തന്മുലം ഒരിക്കല്‍ സംക്ഷുബ്ധമായാല്‍ അവരുടെ സഹാരപ്രവര്‍ത്തനം അനിയന്ത്രിതമായിത്തീരുന്നു. അവര്‍ ‍ഒരു മനുഷ്യനെ വെള്ളമില്ലാതെ മുക്കിക്കൊല്ലും. അഗ്നിയില്ലാതെ ചാമ്പലാക്കികളയും. ഒരു വാക്ക് പോലും പറയാതെ നശിപ്പിക്കുകയും ചെയ്യും. അവര്‍ ആയുധമില്ലാതെ ഒരുവനെ ഹിംസിക്കും; പാശമില്ലാതെ ബന്ധിക്കും; വാതു കെട്ടി വിദ്വാന്മാരെ കീഴടങ്ങാന്‍ നിര്‍ബ്ബന്ധിതരാക്കും; അവര്‍ ചെളിയില്ലാതെ ഒരുവനെ പൂഴ്ത്തിക്കളയും; വലയില്ലാതെ ഒരുവനെ കുടിക്കിലാക്കും; അവരുടെ കാഠിന്യം കൊണ്ട് അവര്‍ ഒരിക്കലും പരാജിതരാവുകയില്ല. അവര്‍ ഓരോരുത്തന്റെയുംയും അന്തര്‍ഭാഗത്തു വസിക്കുന്നത്കൊണ്ട് നാം അറിയുന്ന മറ്റോന്നിനേയും പോലെ നമുക്ക് അവരെ അറിയാന്‍ ‍കഴിയുന്നില്ല.