പ്രകൃതിയിലെ വായുവും വെള്ളവും ഭൂമിയുമൊക്കെയാണ് ദേവന്മാര്‍ (28)

പങ്കുവയ്ക്കലിലൂടെ, ത്യാഗത്തിലൂടെ സന്തോഷത്തെ കൈവരിച്ച് ജീവിക്കണം. സ്വന്തമാക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സംഘര്‍ഷമുണ്ടാകും, നല്‍കുമ്പോള്‍ ആഹ്ലാദമുണ്ടാകും.

യജ്ഞഭാവത്തിലാണ് പ്രകൃതി നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ആ യജ്ഞഭാവം കൊണ്ടാണ് ന‍ാം അഭിവൃദ്ധിപ്പെടേണ്ടത്. യജ്ഞം ഇഷ്ടമായതിനെ തരുന്ന കാമധേനുവാണ്. യജ്ഞം പരസ്പര സഹകരണവും കൂട്ടായ്മയുമാണ്.

എന്നെ ഞാനാക്കി നിലനിര്‍ത്തുന്നതിന് പ്രപഞ്ചത്തിലെ ഒരുപാടു ഘടകങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ ചുറ്റുപാടുമുള്ളവയുടെ നിലനില്പിനുതകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. യജ്ഞം കൊണ്ട് ദേവന്മാരെ സന്തോഷിപ്പിച്ചാല്‍ ദേവന്മാര്‍ നമ്മെളെയും സന്തോഷിപ്പിക്കുമെന്ന് ഗീത പറയുന്നു. ദേവന്മാരെ സന്തോഷിപ്പിക്കല്‍ അമ്പലത്തില്‍ വഴിപാടു നടത്തുന്നതല്ല. നിരന്തരം ശല്യം ചെയ്യുന്നതല്ല, അവരെ അവരായി നില്‍ക്കാന്‍ അനുവദിക്കുന്നതാണ് സന്തോഷിപ്പിക്കല്‍.

പ്രകൃതിയിലെ വായുവും വെള്ളവും ഭൂമിയുമൊക്കെയാണ് ദേവന്മാര്‍. നദിയെ വിഷമയമാക്കാതിരുന്നാല്‍, നശിപ്പിക്കാതിരുന്നാല്‍ അത് നമുക്ക് സന്തോഷം തരും. ഈ പരസ്പര സഹകരണത്തിലൂടെ പരമമായ ശ്രേയസ്സിനെ പ്രാപിക്ക‍ാം. തിരിച്ചൊന്നും നല്‍കാതെ ദേവന്മാരില്‍ നിന്നുള്ള (പ്രകൃതിയില്‍ നിന്നുള്ള) പുണ്യാനുഭവത്തെ ഭുജിക്കുന്നവര്‍ കള്ളന്മാരാണ്. അതിനാലാണ് പണ്ടുള്ളവര്‍ വൃക്ഷങ്ങള്‍ നട്ടിരുന്നത്.

ലോകാനുഭവത്തെ തരുന്ന ഇന്ദ്രിയങ്ങള്‍ക്ക് ന‍ാം ബ്രഹ്മാനുഭവത്തെ നല്‍കണമെന്നും ഈ ശ്ലോകത്തെ വ്യാഖ്യാനിക്ക‍ാം. യജ്ഞശിഷ്ടം അനുഭവിക്കുന്ന (സേവനത്തിലൂടെ കിട്ടുന്ന, മുന്‍കൂട്ടി ആഗ്രഹിക്കാത്ത) സജ്ജനങ്ങള്‍ എല്ല‍ാം തെറ്റുകളില്‍ നിന്നും മുക്തിനേടും. എന്നാല്‍ തനിക്കുവേണ്ടി മാത്രം പാകം ചെയ്യുന്നവര്‍ ഭക്ഷിക്കുന്നതേ പാപമാണ്. എല്ലാവര്‍ക്കും കൊടുത്തശേഷമാണ് ഭക്ഷിക്കേണ്ടത്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close