ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല (29)

കച്ചവടമനസ്സിന് യജ്ഞഭാവം ഒരിക്കലും കൈവരില്ല. നാമെല്ല‍ാം കച്ചവടമനസ്സോടെ കാണുന്നു, പൂക്കളെപ്പോലും. ജനിക്കാത്ത നമ്മളെ ഒന്നാലോചിക്കൂ. നമുക്കുവേണ്ടി ജലം, മണ്ണ്, വായു, സൂര്യന്‍ ഒക്കെ എന്തൊക്കെ ചെയ്തു? അത്ര വലിയ യജ്ഞത്തിലൂടെയാണ്, പലതിന്റെയും നിസ്വാര്‍ത്ഥ സമര്‍പ്പണത്തിലൂടെയാണ് ന‍ാം വന്നത്.

ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല. ഞാന്‍ വിശ്വത്തിനവകാശപ്പെട്ടതാണ്, കാരണം വിശ്വമാണ് നമ്മെ സൃഷ്ടിച്ചത്. ഇതാണ് യജ്ഞം. ഇഷ്ടിക നിരത്തി ‘സ്വാഹ’ പറയലല്ല യജ്ഞം. കര്‍മ്മത്തില്‍ നിന്ന് യജ്ഞവും യജ്ഞത്തില്‍ നിന്ന് മഴയും അതില്‍ നിന്ന് അന്നവും ഉണ്ടാകുന്നു. അന്നത്തില്‍ നിന്നാണ് ഭവിച്ചതെല്ല‍ാം ഉണ്ടായത്. അന്നമാണ് മനസ്സ്. ആ തേജസ്സോടുകൂടിയതാണ് വാക്ക്.

കര്‍മ്മം ബ്രഹ്മത്തില്‍ നിന്നുണ്ടായി. ബ്രഹ്മം അക്ഷയമായ (നാശമില്ലാത്ത) പരമാത്മാവില്‍ നിന്ന് ഉത്ഭവിച്ചു. എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന ബ്രഹ്മം അതുകൊണ്ട് യജ്ഞത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു.

ഈ കര്‍മ്മചക്രത്തെ അനുഷ്ഠിക്കാത്തവന്റെ ജീവിതം നിഷ്ഫലമാണ്. ഇതറിഞ്ഞവന് എന്തെങ്കിലുമൊക്കെ ചെയ്തിട്ട് നേടാനോ, ചെയ്യാതിരുന്നിട്ട് നഷ്ടപ്പെടാനോ ഒന്നുമില്ല. അവനാണ് കര്‍മ്മം, അവനാണ് കര്‍മ്മഫലം. എടുക്കുക, കൊടുക്കുക എന്ന വ്യാപാര മനസ്സ് അവിടെ ഇല്ല.

നമുക്കെന്താണോ ഈ പ്രപഞ്ചം നല്‍കിയിട്ടുള്ളത് അതിനെ തട്ടിമാറ്റാതിരിക്കുക, മറ്റുള്ളവന് കിട്ടിയതിലേക്ക് എത്തിപ്പിടിക്കാതിരിക്കുക. അതിനാല്‍ സംഗമില്ലാതെ എല്ലായ്പ്പോഴും ചെയ്യേണ്ടതായിട്ടുള്ള കര്‍മ്മങ്ങളെ നല്ലവണ്ണം ചെയ്താല്‍ മുക്തിയെ പ്രാപിക്കും. എന്തു ചെയ്യുന്നു എന്നല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് കാര്യം. കര്‍മ്മത്തെ പൂജയാക്കുക.

ഈശ്വരന്‍ വസ്തുക്കളിലോ, വസ്തുക്കള്‍ ഈശ്വരനിലോ അല്ലെന്ന് സ്വാമി വിശദീകരിച്ചു. എല്ല‍ാം ഈശ്വരനാണ്. നാമരൂപാദികള്‍ മാറ്റിയാല്‍ എന്താണോ അവശേഷിക്കുന്നത് അതാണ് സത്യം. നാമരൂപാദികള്‍ സത്യത്തെ മറച്ചിരിക്കുകയാണ്. ആത്മബോധത്തിലൊഴിച്ച് മറ്റെല്ലായിടത്തും എല്ല‍ാം വ്യത്യസ്തമാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close