ജ്ഞാനി ആസക്തിയില്ലാതെ കര്‍മ്മം നിര്‍വ്വഹിക്കുന്നു (30)

നമ്മുടെ കര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന വിധമായിരിക്കണം. നമ്മെ അനുകരിക്കാന്‍ വെമ്പിനില്‍ക്കുന്ന സമൂഹമാണ് ചുറ്റുമുള്ളത്. നമ്മുടെ മക്കള്‍ നമ്മെ അനുകരിച്ചാകും വളരുക. മാതൃകാപുരുഷന്മാരെ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം നമ്മെ തന്നെ മാതൃകയായി ഉദാഹരിക്കാനും കഴിയണം.

നമ്മുടെ കര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കു ന്ന വിധമാകരുത്. ഭക്തിയുടെയും ആത്മീയതയുടെയും പേരു പറഞ്ഞ് ജനങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കുന്നവര്‍ പെരുകിവരുന്ന കാലമാണ്. ഇതിന്റെ പേരില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുംവരെ പ്രചരിക്കുന്നുണ്ട്.

അജ്ഞാനി കര്‍മ്മം ചെയ്യുന്നത് ആസക്തിയോടെയാകും. ജ്ഞാനിയാവട്ടെ ആസക്തിയില്ലാതെ കര്‍മ്മം നിര്‍വ്വഹിക്കും. അപ്പോഴത് ലോകക്ഷേമത്തിനു കാരണമാകും. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കര്‍മ്മം ചെയ്ത മാതൃകാപുരുഷനാണ് ജനകമഹാരാജാവ്. അധികാരവും കീര്‍ത്തിയും സമ്പത്തുമൊന്നും ജനകനെ കര്‍മ്മത്തില്‍ നിന്നും പിന്തിരിപ്പിച്ചില്ല. രാമന്‍ സീതയെ കാട്ടിലയക്കുമ്പോള്‍ അവളുടെ പിതാവായ ജനകന്‍ ഇടപെടുന്നില്ല. ലോകക്ഷേമത്തിനായി വിവേക ബുദ്ധിയോടെ കര്‍മ്മങ്ങളില്‍ വ്യാപരിക്കണമെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ജനകന്‍ ഈ സമയം രംഗത്തു വരാത്തത്.

സ്വന്തം കര്‍മ്മങ്ങളില്‍ അഹങ്കാരം പാടില്ല. ഞാനല്ല, എന്നിലെ പരമാത്മാവാണ് കര്‍മ്മം ചെയ്യുന്നതെന്ന ബോധ്യമുണ്ടാകണം. അഹംഭാവമല്ല, അഹംബോധമാണ് നമുക്കുണ്ടാകേണ്ടത്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close