ആഗ്രഹം നിഷിദ്ധമല്ല, എന്നാല്‍ അവ ധര്‍മാനുസാരിയാകണം (32)

ആരാണ് ഓരോരുത്തരെക്കൊണ്ടും കൊടിയ പാപങ്ങള്‍ ചെയ്യിക്കുന്നതെന്ന് അര്‍ജുനന്‍ ഭഗവാനോടു ചോദിക്കുന്നു. അത് രജോഗുണത്തില്‍നിന്നുണ്ടാകുന്ന, എത്ര കിട്ടിയാലും മതിയാകാത്ത ആഗ്രഹമാണെന്ന് ഭഗവാന്‍ വിശദീകരിച്ചു. ആഗ്രഹമാണ് ഓരോരുത്തരെക്കൊണ്ടും ഓരോന്നു ചെയ്യിക്കുന്നത്. ഭാരതീയ ദര്‍ശനത്തില്‍ ആഗ്രഹം നിഷിദ്ധമായി പറഞ്ഞിട്ടില്ല. എന്നാല്‍ അവ ധര്‍മാനുസാരിയാകണം.

മനോബുദ്ധികളെ ഏകമാക്കിയിട്ടുള്ള ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ ലോകത്തിനുതന്നെ അനുഗ്രഹമാകും. ഏതാഗ്രഹങ്ങളേയും ധര്‍മ്മവുമായി ചേര്‍ത്തുവച്ച് നോക്കുക. ധര്‍മാനുസൃതമായി എത്ര ധനം വേണമെങ്കിലും സമ്പാദിക്ക‍ാം, ഏതു കര്‍മ്മം വേണമെങ്കിലും ചെയ്യ‍ാം. ആഗ്രഹമാണ് ലക്ഷ്യമെങ്കില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള മാര്‍ഗം ധര്‍മാനുസാരമാണോ എന്ന് ആലോചിക്കണം. ഏതെങ്കിലും ആഗ്രഹ നിവൃത്തിക്കായി തെറ്റായ പ്രവൃത്തികള്‍ ചെയ്താല്‍ വീഴ്ചകള്‍ പറ്റും. നമ്മുടെ എല്ലാ വിഷമങ്ങള്‍ക്കു പിന്നിലും ഇത്തരം ആഗ്രഹങ്ങളുണ്ട്. ഈ ആഗ്രഹവും അതില്‍നിന്നുണ്ടാകുന്ന ക്രോധവുമാണ് മനുഷ്യന്റെ ശത്രുക്കള്‍.

ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നീ തലങ്ങളില്‍ വിവിധ രൂപത്തില്‍ സത്യം മറയ്ക്കപ്പെട്ടിരിക്കുന്നു. ബുദ്ധിതലത്തില്‍ അഗ്നിയെ ചാരം മൂടിയിരിക്കുന്നതു പോലെയാണ്. ഒന്ന് ഊതിയാല്‍ മറ മാറും. മനസ്സിന്റെ തലത്തില്‍ കണ്ണാടിയില്‍ അഴുക്ക് പിടിച്ചതുപോലെയാണ്. തുടയ്ക്കണം, പ്രയത്നിക്കണം. ഇന്ദ്രിയതലത്തില്‍ ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞിരിക്കുന്ന ചര്‍മാവരണം പോലെയാണ്. കാലമാണ് ആ മറ നീക്കുക. എല്ലാവരുടെ ഉള്ളിലും ആ ശക്തിസ്രോതസ്സുണ്ട്. ന‍ാം മറ നീക്കുകയേ വേണ്ടൂ. ആത്മജ്ഞാനത്തെ മറയ്ക്കുന്ന ആഗ്രഹങ്ങളാണ് ജ്ഞാനിയുടെ നിത്യ ശത്രു.

ധനം കാമനകളെ ദൂരീകരിക്കുമെന്ന ധാരണയിലാണ് പണത്തിനു പിന്നാലെ പോകുന്നത്. ആ യാത്ര കൂടുതല്‍ അസ്വസ്ഥതകളാണുണ്ടാക്കുക. എന്നാല്‍, ഇന്ദ്രിയങ്ങളെ മറികടക്കണം എന്നു പറയുമ്പോള്‍ അവക്കെതിരായി എന്നല്ല അര്‍ഥം. ബലം പ്രയോഗിച്ചുള്ള അമര്‍ത്തല്‍ ജീവിതം അസ്വസ്ഥമാക്കും, രോഗങ്ങളുണ്ടാക്കും. അതില്‍ നിന്ന് ഒരു പടി കൂടി ഉയര്‍ന്നുനിന്ന് കാര്യങ്ങള്‍ കാണലാണത്. ആ കാഴ്ചയിലൂടെ അറിവിനേയും അനുഭവജ്ഞാനത്തേയും നശിപ്പിക്കുന്ന ആഗ്രഹങ്ങള്‍ ഉപേക്ഷിക്കണം.

ഇന്ദ്രിയങ്ങള്‍ ശ്രേഷ്ഠമാണ്. അതിനെക്കാള്‍ ശ്രേഷ്ഠമാണ് മനസ്സ്. അതിലും ശ്രേഷ്ഠമാണ് ബുദ്ധി. എന്നാല്‍ ഇവയെല്ല‍ാം ആഗ്രഹത്തിന്റെ ഇരിപ്പിടങ്ങളാണ്. ഏറ്റവും ശ്രേഷ്ഠമായത് ആത്മാവാണ്. അതാണ് ഓരോരുത്തരും. ഈ സത്യം അറിയണം.

Close