ഉപനിഷത്ത് കഥകള്‍

ഒരിക്കല്‍ ഇന്ദ്രിയങ്ങളെല്ലാം പരസ്പരം കലഹമുണ്ടാക്കി ഒരുവന്റെ ശരീരത്തില്‍ ജീവനെ നിലനിര്‍ത്തുന്നതില്‍ നമ്മളില്‍ ആരാണ് പ്രധാന സഹായി? എന്ന അന്വേഷണമാണ് കലഹത്തിനു കാരണം. ആദ്യം ഇന്ദ്രിയങ്ങള്‍ക്കിടയില്‍ വാദപ്രതിവാദമാണ് ആരംഭിച്ചത്. ഓരോരുത്തരും ‘ഞാന്‍ തന്നെ ശ്രേഷ്ഠന്‍’ എന്ന് അവകാശവാദമുന്നയിച്ചു. പക്ഷേ മറ്റ് ഇന്ദ്രിയങ്ങള്‍ അംഗീകരിച്ചു കൊടുത്തില്ല.

സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം എന്നിങ്ങനെ മൂന്നുവിധ ശരീരങ്ങള്‍ മനുഷ്യനുണ്ട്. ജാഗ്രത്, സ്വപ്നം, സൂഷുപ്തി എന്നീ മൂന്നവസ്ഥകളെ ജീവന്‍ അനുഭവിക്കുന്നത് യഥാക്രമം ഈ ശരീരോപാധികളിലൂടെയാണ്. ജീവന്റെ സൂക്ഷ്മ ശരീരം പതിനേഴ് അവയവങ്ങളോട് കൂടിയതാണ്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍, ബുദ്ധി, മനസ്സ്, പഞ്ചപ്രാണങ്ങള്‍ എന്നിവയാണ് പതിനേഴ് അവയവങ്ങള്‍. ഓരോ അവയവവും ശരീരത്തിലിരുന്നു കൊണ്ട് അതാതിന്റെ ധര്‍മ്മത്തെ അനുഷ്ഠിക്കുന്നു. അതുവഴി ശരീരം സ്വാഭാവികമായി പ്രവര്‍ത്തിക്കുന്നു.

ഇതില്‍ ആരുടെ ധര്‍മ്മമാണ് ശ്രേഷ്ഠമായത്? ആരാണ് വലിയവന്‍? എന്നിങ്ങനെ ഇന്ദ്രിയങ്ങള്‍ക്കിടയില്‍ തങ്ങളുടെ ശ്രേഷ്ഠതയെപ്പറ്റി ഒരു തര്‍ക്കമുണ്ടായി. ഈ വിഷയത്തില്‍ ഒരു തീര്‍പ്പ് കല്‍പ്പിച്ചു കിട്ടുന്നതിനുവേണ്ടി അവസാനം ഇന്ദ്രിയങ്ങളെല്ലാം പ്രജാപതിയെ സമീപിച്ചു.

പ്രജാപതി അവരുടെ വാദം കേട്ടിട്ട് പറഞ്ഞു:

“നിങ്ങളെല്ലാവരും ശരീരത്തിനും ജീവനും വേണ്ടി ധര്‍മ്മങ്ങളനുഷ്ഠിക്കുന്നുണ്ട്. ഏതെങ്കിലും ഒരാള്‍ ശരീരത്തെ വിട്ടു പോയാല്‍ ശരീരത്തിന്റെ ഒരു ഭാഗം നികൃഷ്ടമായിത്തീരും. അതുകൊണ്ട് നിങ്ങളില്‍ ആര് പുറത്തുപോയാലാണോ ഈ ശരീരത്തെ കൂടുതല്‍ നികൃഷ്ടമായി വിചാരിക്കുന്നത്, അവനാണ് നിങ്ങളില്‍ ശ്രേഷ്ഠന്‍!”

ഒരു സ്വയം പരീക്ഷണത്തിലൂടെ സ്വയം ശ്രേഷ്ഠത്വം നിര്‍ണ്ണയിക്കുവാനാണ് പ്രജാപതി ഉപദേശിച്ചത്.

ആദ്യം വാഗിന്ദ്രിയം ശരീരത്തില്‍ നിന്നു പുറത്തുപോയി അതോടെ ദേഹത്തില്‍നിന്ന് സംസാരശേഷി നഷ്ടപ്പെട്ടു. ശരീരം മടങ്ങിവന്ന് മറ്റിന്ദ്രിയങ്ങളോട് ചോദിച്ചു:

“എന്നെക്കുടാതെ എങ്ങനെയാണ് നിങ്ങള്‍ക്ക് ജീവിക്കാന്‍‍ സാധിച്ചത് ? മൂകാവസ്ഥയില്‍ എന്തുചെയ്തു?‍”

അപ്പോള്‍ മറ്റ് ഇന്ദ്രിയങ്ങള്‍ പറഞ്ഞു:

“മൂകന്മാര്‍ വാക്കുകൊണ്ട് സംസാരിക്കുന്നില്ല. എന്നാല്‍ അവരും ജീവിക്കുന്നുണ്ടല്ലോ. മൂകന്മാര്‍ പ്രാണനെക്കൊണ്ട് ശ്വസിക്കുകയും കണ്ണുകൊണ്ട് കാണുകയും ചെവികൊണ്ട് കേള്‍ക്കുകയും മനസ്സുകൊണ്ട് അറിയുകയും ജനനേന്ദ്രിയം കൊണ്ട് സന്തതികളെ ജനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ ഞങ്ങളും ജീവിച്ചു.”

അതുകേട്ട് വാഗിന്ദ്രിയത്തിന് അഹങ്കാരം നശിച്ചു. താന്‍ വലിയ ശ്രേഷ്ഠനൊന്നുമല്ല. തന്റെ അഭാവത്തിലും ശരീരം നിലനില്‍ക്കുമെന്നറിഞ്ഞ് വാക്ക് ശരീരത്തില്‍ തിരികെ പ്രവേശിച്ചു.

പിന്നീട് ചക്ഷുരിന്ദ്രിയം (കണ്ണ്) ദേഹത്തില്‍ നിന്ന് പുറത്തു പോയി ഒരു വര്‍ഷത്തിനുശേഷം മടങ്ങിവന്നു. ദേഹം നശിച്ചിട്ടില്ല.

“എന്നെക്കൂടാതെ നിങ്ങള്‍ എങ്ങനെയാണ് ജീവിച്ചത്” എന്നു നേത്രം ചോദിച്ചു.

മറ്റ് ഇന്ദ്രിയങ്ങള്‍ പറഞ്ഞു:

“അന്ധന്മാര്‍ക്ക് കണ്ണിനു കാഴ്ചയില്ല. എങ്കിലും അവര്‍ മറ്റ് ഇന്ദ്രിയങ്ങളെക്കൊണ്ട് ഓരോന്നും അറിഞ്ഞ് ജീവിക്കുന്നു. അതുപോലെ ഞങ്ങളും ജീവിച്ചു.”

താന്‍ ശ്രേഷ്ടനല്ലെന്നു സ്വയം ബോധ്യപ്പെട്ട കണ്ണ് ശരീരത്തില്‍ തിരികെ പ്രവേശിച്ചു.

ശ്രോത്രേന്ദ്രിയമായ ചെവിയും ദേഹത്തില്‍നിന്ന് പുറത്തു പോയി. ഒരു വര്‍ഷം കഴിഞ്ഞു മടങ്ങിയെത്തിയിട്ട് ചോദിച്ചു:

“എന്നെക്കൂടാതെ നിങ്ങളെങ്ങനെയാണ് ജീവിക്കുന്നത്?”

“ബധിരന്മാര്‍ ചെവികൊണ്ട് കേള്‍ക്കുന്നില്ല. പക്ഷേ പ്രാണനെക്കൊണ്ട് ശ്വസിക്കും കണ്ണകൊണ്ട് കണ്ടും മനസ്സുകൊണ്ട് അറിഞ്ഞും അതുപോലെ മറ്റ് ഇന്ദ്രിയങ്ങളുടെ സഹായത്താലും ജീവിക്കുന്നുണ്ട്. അതുപോലെ ജീവിച്ചു.”

താനും അത്രയൊന്നും ശ്രേഷ്ഠനല്ലെന്നു ബോധ്യമായ ചെവി ശരീരത്തില്‍ തിരികെ പ്രവേശിച്ചു.

അനന്തരം മനസ്സ് ദേഹത്തില്‍നിന്ന് പുറത്തുപോയി. മനസ്സിന്റെ അഭാവത്തില്‍ ശരീരം മൂഢാവസ്ഥയായിത്തീര്‍ന്നു. ജീവന് ചിന്താശേഷി നഷ്ടപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം മനസ്സ് മടങ്ങിവന്നിട്ട് മറ്റിന്ദ്രിയങ്ങളോട് ചോദിച്ചു:

“എന്നെക്കൂടാതെ എങ്ങനെയാണ് നിങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയുന്നത്?”

മറ്റ് ഇന്ദ്രിയങ്ങള്‍ പറഞ്ഞു:

“മൂഢന്മാര്‍ മനസ്സുകൊണ്ട് ഒന്നും ചിന്തിക്കുന്നില്ല. എങ്കിലും മറ്റ് ഇന്ദ്രിയങ്ങളെക്കൊണ്ട് അവര്‍ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ ഞങ്ങളും ജീവിച്ചു.”

അതുകേട്ട് ഗര്‍വ്വ് നശിച്ച മനസ്സിന് താന്‍ ശ്രേഷ്ഠനല്ലെന്നുബോധ്യമായി, ശരീരത്തില്‍ പ്രവേശിച്ചു.

ഇങ്ങനെ ഓരോ ഇന്ദ്രിയങ്ങളും ശരീരത്തിനു പുറത്തു പോയി പരീക്ഷിച്ചു നോക്കി. അവ ഓരോന്നിന്റെയും അഭാവത്തില്‍ മറ്റിന്ദ്രിയങ്ങളെ ആശ്രയിച്ചു ശരീരം നിലനില്‍ക്കുകയും ലോകവ്യവഹാരം നടത്തുകയും ചെയ്തു.

വലിയ അഹങ്കാരമായിരുന്നു ജനനേന്ദ്രിയത്തിന്. താന്‍ ഇല്ലെങ്കില്‍ പിന്നെ ശരീരത്തിന് സന്താനോത്പാദനശേഷിയില്ലല്ലോ. അങ്ങനെ വന്നാല്‍ ലോകത്തിനു നിലനില്‍പ്പില്ലാതെ വരും. അത് കൊണ്ട് താന്‍ തന്നെയാണ് ഇന്ദ്രിയങ്ങളില്‍ വെച്ച് ശ്രേഷ്ഠന്‍. ഇത്തരം വിചാരത്തോടെ ജനനേന്ദ്രിയം ശരീരം വിട്ടു പുറത്തു പോയി. ഒരു വര്‍ഷത്തിനു ശേഷം മടങ്ങി വന്ന് മറ്റിന്ദ്രിയങ്ങളോട് തന്റെ അസാന്നിധ്യത്തില്‍ നിങ്ങള്‍ എങ്ങനെ ജീവിച്ചു എന്ന് ചോദിച്ചു.

“പ്രജനന ശേഷിയില്ലാത്തവന്‍ തേജസ്സ് കൊണ്ട് സന്താനത്തെ ജനിപ്പിക്കുന്നില്ല എന്നുമാത്രം. അവന്‍ മറ്റിന്ദ്രിയങ്ങളെക്കൊണ്ട് എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ ഞങ്ങളും ജീവിച്ചു. ” അതോടെ ജനനേന്ദ്രിയത്തിന്റെയും അഹങ്കാരം ശമിച്ചു. താന്‍ ശ്രേഷ്ഠനല്ലെന്നു ബോധ്യപ്പെട്ടു. ശരീരത്തില്‍ തിരികെ പ്രവേശിച്ചു.

പ്രാണന്‍ മാത്രം അതുവരെയും പുറത്തുപോകാതിരിക്കുകയായിരുന്നു. അവസാനമായി ശരീരത്തില്‍ നിന്ന് പുറത്തു പോകാന്‍ പ്രാണന്‍ തയ്യാറെടുത്തു. കുറ്റിയില്‍ ബന്ധിക്കപ്പട്ട ലക്ഷണമൊത്തതും ശക്തനുമായ ഒരു വന്‍ കുതിര രക്ഷപ്പെടുന്നതിനുവേണ്ടി എപ്രകാരമാണോ കെട്ടുകുറ്റിയെ പഴുതെടുക്കുന്നത് അതേ അനുഭവം ഇന്ദ്രിയങ്ങള്‍ക്കുണ്ടായി. ഇന്ദ്രിയങ്ങളെല്ലാം അതിശക്തമായി പ്രാണനോടൊപ്പം വലിക്കപ്പെട്ടു. ഇന്ദ്രിയങ്ങളുടെ അഭാവത്തിലും ശരീരം ന്യൂനതയോടെ നിലനില്ക്കും. എന്നാല്‍ ശരീരത്തില്‍ നിന്ന് പ്രാണന്‍ വേര്‍പ്പെട്ടാല്‍ പിന്നെ ഇന്ദ്രിയങ്ങള്‍ക്കു നിലനില്‍പില്ല. അതോടെ ഭയന്നു വിറച്ച ഇന്ദ്രിയങ്ങള്‍ പ്രാണനോട് യാചിച്ചു:

“പ്രഭോ! അങ്ങ് പുറത്തുപോകരുതേ! അങ്ങയെക്കൂടാതെ ഞങ്ങള്‍ക്കു ജീവിക്കുവാന്‍ കഴിയുകയില്ല.”

മറ്റിന്ദ്രിയങ്ങള്‍ പ്രാണനെ ശരീരത്തിനു പുറത്തു പോകാന്‍ അനുവദിച്ചില്ല. അതോടെ പ്രാണന്റെ ശ്രേഷ്ഠത്വം സ്വയം വ്യക്തമായി. പ്രാണനാണ് ശ്രഷ്ഠനെന്ന് ഇന്ദ്രിയങ്ങള്‍ സമ്മതിച്ചു. അവരുടെ ഗുണങ്ങള്‍ പ്രാണനെ ആശ്രയിച്ചും പ്രാണനുള്ളതുമാണെന്ന് മറ്റിന്ദ്രിയങ്ങള്‍ പറഞ്ഞു.

“അങ്ങനെയെങ്കില്‍ എനിക്കുള്ള ഭക്ഷണം എന്താണ്?” എന്ന് പ്രാണന്‍ തിരക്കി.

“ശ്വാക്കള്‍, കൃമികള്‍, കീടങ്ങള്‍, പാറ്റകള്‍ തുടങ്ങി എന്തെല്ലാം ലോകത്തിലുണ്ടോ അവയെല്ലാം അവിടുത്തേക്കു ഭക്ഷണമാകുന്നു. ജലം വസ്ത്രവുമാകുന്നു.”

ഇങ്ങനെ ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ ശ്രേഷ്ഠത്വം വ്യക്തമാക്കപ്പെട്ടു. ഇതറിയുന്ന ശ്രോത്രിയന്മാര്‍ ഭക്ഷണം കഴിക്കുന്നതിനുമുമ്പും ഭക്ഷണത്തിനുശേഷവും ജലംകൊണ്ട് ആചമിക്കുന്നു. ജലം പ്രാണന്റെ വസ്ത്രമെന്ന സങ്കല്‍പത്തിലാണ് ആചമനം ചെയ്യുന്നത്.

ഓം തത് സത്
അവലംബം – ബൃഹദാരണ്യകോപനിഷത്ത്
ആറാം അദ്ധ്യായം, ഒന്നാം ബ്രാഹ്മണം