സാലോക്യം, സാമീപ്യം, സാരൂപ്യം, സായുജ്യം (34)

ധ്യാനം സംഭവിക്കുമ്പോള്‍ ന‍ാം ജാഗ്രതയുള്ളവരാകുന്നു. ജാഗ്രതയോടെ എന്തുചെയ്യുമ്പോഴും ഭയമുണ്ടാകില്ല. ഭയത്തി നിന്നാണ് വിദ്വേഷവും യുദ്ധവും ഉണ്ടാകുന്നത്. ഒരിക്കലും ഭഗവാനെ ഭയത്തോടെ സമീപിക്കരുത്. എല്ല‍ാം ഒന്നായി അറിഞ്ഞാല്‍ പിന്നെ ഒന്നിനേയും ഭയമുണ്ടാകില്ല. ഗീതയില്‍ ഭഗവാന്‍ നാലുപ്രകാരത്തിലുള്ള മോക്ഷത്തെക്കുറിച്ച് വിശദീകരിക്കുന്നു. സാലോക്യം, സാമീപ്യം, സാരൂപ്യം, സായുജ്യം എന്നിവയാണവ.

രാഗഭയക്രോധങ്ങളെ അതിജീവിച്ചുകൊണ്ട് ഒരേ സത്യത്തെതുടര്‍ന്ന് കണ്ടുകൊണ്ടിരിക്കുന്നതാണ് സാലോക്യം. ഈശ്വരന്റെ അടുത്തുവന്ന് ഉപാസിക്കുന്നതാണ് സാമീപ്യം. സമീപത്തിരിക്കുന്നതിനെ ദൂരെ അന്വേഷിക്കരുത്. പ്രകൃതിയാണ് ഈശ്വരന്‍ എന്നറിയുക. ഭഗവാന്റെ രൂപത്തെ പ്രാപിക്കുകയാണ് സാരൂപ്യം. പരമമായ മോക്ഷം ഭഗവാന്റെ ഭാവത്തെ പ്രാപിക്കലാണ് സായുജ്യം.

നാമെല്ല‍ാം നാമം കൊണ്ടോ രൂപം കൊണ്ടോ ആണ് ആരാധിക്കുന്നത്. അതില്‍ നിന്ന് സത്യത്തിലേക്കെത്താന്‍ പറ്റും. തുടര്‍ച്ചയായ നാമജപം നാമത്തെ മറക്കും. വാല്മീകീയല്ല, ആരുതന്നെ രാമ എന്ന് ജപിച്ചാലും അത് മര എന്നായിത്തീരും. രാമയില്‍ തന്നെ നില്‍ക്കുന്നവന്‍ അപരിഷ്കൃതനാണ്. അവിടെ ഒറ്റശ്രദ്ധ നാമം മറയരുത് എന്നാണ്. നാമം കീഴ്മേല്‍ മറിയുന്നതോടെ ജപിക്കുന്നവനും നാമവും ഒന്നായിത്തീരും. അപ്പോള്‍ രാമന്‍ (ബോധം) സംഭവിക്കും. തുടര്‍ച്ചയായി രൂപത്തെ ആരാധിക്കുമ്പോള്‍ എല്ലാ രൂപങ്ങളും അരൂപിയാകും. വിശേഷമായി തത്വം ഗ്രഹിക്കാനുതകുന്നതാണ് വിഗ്രഹം.

ശ്ലോകം മനഃപാഠമാക്കാനല്ല ഗീത. നമ്മില്‍ ഒരു പരിണാമം ശാന്തി സംഭവിക്കാനാണത്. നിത്യജീവിതത്തില്‍ ഉപകരിക്കാതെ ആരാധിച്ചിട്ട് കാര്യമില്ല. പ്രപഞ്ചമനസ്സ് അഹംബോധത്തിലിരുന്ന് അവന്റെ ആപത്കാല സംശയങ്ങള്‍ക്കു നല്‍കുന്ന മറുപടിയാണ് ഗീത. ഓരോരോ പ്രകാരത്തില്‍ തന്നിലേക്കെത്തുന്ന ഉപാസകരെ അതേപ്രകാരങ്ങളില്‍ തന്നെ ഭഗവാന്‍ അനുഗ്രഹിക്കുന്നു. ഇപ്പോഴനുഭവിക്കുന്നതൊക്കെ ന‍ാം ചോദിച്ചുവാങ്ങിയതാണ്, ഒന്നൊഴിയാതെ.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close