ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 6

സംന്യാസസ്തു മഹാബാഹോ
ദുഖമാപ്തുമയോഗതഃ
യോഗയുക്തോ മുനിര്‍ ബ്രഹ്മ
നചിരേണാധിഗച്ഛതി

അല്ലയോ അര്‍ജ്ജുനാ, ജ്ഞാനനിഷ്ഠാലക്ഷണമായ സന്ന്യാസം, കര്‍മ്മയോഗാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന ചിത്തശുദ്ധി കൂടാതെ പ്രാപിക്കുക എന്നതു പ്രയാസമാകുന്നു. എന്നാല്‍ കര്‍മ്മയോഗാനുഷ്ഠാനത്തിലൂടെ ചിത്തത്തെ സമനിലയിലെത്തിച്ച ഒരാള്‍ വേഗത്തില്‍ ബ്രഹ്മപ്രാപ്തിയെന്ന യഥാര്‍ത്ഥസന്ന്യാസത്തില്‍ എത്തിച്ചേരുന്നു.

അല്ലയോ പാര്‍ത്ഥാ, ഈ പ്രധാന തത്ത്വം മനസിലാക്കാത്ത ആളുകള്‍ എങ്ങനെയാണ് സാംഖ്യയോഗത്തിന്‍റേയും കര്‍മ്മയോഗത്തിന്റെയും സ്വഭാവം മനസ്സിലാക്കുന്നത് ? അവരുടെ അജ്ഞതകൊണ്ട് അവര്‍ ഇതിനെ വ്യത്യസ്തമായി കരുതുന്നു. വാസ്തവത്തില്‍ ഒരു വിളക്കില്‍ നിന്നു വിവിധതരത്തിലുള്ള വെളിച്ചം ഉണ്ടാകുമോ? എന്നാല്‍ നിഷ്കളങ്കമായ അനുഭവജ്ഞാനത്തില്‍കൂടി സത്യത്തെ മനസിലാക്കിയിട്ടുള്ളവര്‍ ഇതു രണ്ടും ഏകവും തുല്യവും ആണെന്നു ഗണിക്കുന്നു. സുശിക്ഷിതരായ സാംഖ്യന്മാര്‍ നേടിയിട്ടുള്ള ലക്ഷ്യം കുശലന്മാരായ കര്‍മ്മയോഗികളും നേടിയിട്ടുണ്ട്. ആകയാല്‍ ഈ രണ്ടുവഴികളും അഭിന്നരൂപമായിട്ടുള്ളതാണ്. ആകാശത്തെ അതിന്റെ ശൂന്യതയില്‍ നിന്നു വേര്‍തിരിക്കാന്‍ കഴിയാത്തതുപോലെ, സാംഖ്യയോഗവും കര്‍മ്മയോഗവും ഇണചേര്‍ന്നു നില്‍ക്കുന്നു. സാംഖ്യയോഗത്തിന്‍റേയും കര്‍മ്മയോഗത്തിന്‍റേയും അനുരൂപ്യം അനുഭവപ്പെടുന്ന ഒരു യോഗിയുടെ മനസ്സില്‍ വിജ്ഞാനത്തിന്റെ വിശാലദീപം ഉദിച്ചുയരുകയും അദ്ദേഹത്തിന് ആത്മസാക്ഷാത്ക്കാരം ലഭിക്കുകയും ചെയ്യുന്നു. കര്‍മ്മയോഗം വഴിയായി മോക്ഷമാകുന്ന പര്‍വ്വതനിരകയറി അതിന്റെ ശൃംഖത്തിലെത്തുന്ന ഒരുവന്‍ വേഗത്തില്‍ ആത്മാനന്ദമാകുന്ന പീഠഭൂമിയില്‍ എത്തുന്നു. എന്നാല്‍ കര്‍മ്മയോഗം കൊണ്ടു മനസ്സിന്റെ സമനില ശീലിപ്പിച്ചുറപ്പിക്കാത്ത ഒരുവന്‍ മോക്ഷത്തിനുവേണ്ടി പ്രയത്നിക്കുന്നതു വെറുതെയാണ്. അവന് ഒരിക്കലും സന്യാസജീവിതം നടപ്പില്‍ വരുത്താന്‍ സാധ്യമല്ല.