ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 7

യോഗയുക്തോ വിശുദ്ധാത്മാ
വിജിതാത്മാ ജിതേന്ദ്രിയാഃ
സര്‍വ്വഭൂതാത്മഭൂതാത്മാ
കുര്‍വ്വന്നപി ന ലിപ്യതേ

മനസ്സിന്റെ സമനിലയെന്ന യോഗം (കര്‍മ്മയോഗം) അഭ്യസിച്ചുകൊണ്ട് കര്‍മ്മരംഗത്തു വര്‍ത്തിക്കുന്നവനും പരിശുദ്ധമാനസനും ദേഹത്തേയും ഇന്ദ്രിയങ്ങളേയും ജയിച്ചിരിക്കുന്നവനും സകല പ്രാണികളിലുമിരിക്കുന്ന ആത്മാവു തന്നെയാണ് തന്റേയും ആത്മാവ് എന്നറിയുന്നവനുമായവന്‍ കര്‍മ്മങ്ങളെ ചെയ്താലും കര്‍മ്മബന്ധം അവനെ ബാധിക്കുന്നില്ല.

ഒരുവന്‍ പ്രാപഞ്ചികമായ മായാമോഹങ്ങളില്‍ നിന്നു മനസ്സിനെ പിന്‍തിരിപ്പിച്ച് തന്റെ ഗുരുവിന്റെ ഉപദേസാനുസാരം അതിന്റെ മാലിന്യങ്ങളെയെല്ലാം കഴുകിക്കളഞ്ഞ് അതിനെ തന്റെ ആത്മസ്വരൂപത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. ഉപ്പ് കടലില്‍ പതിക്കുന്നതുവരെ ഒരു നിസാര വസ്തുവായ ഉപ്പായിട്ടുമാത്രം കാണപ്പെടുന്നു. എന്നാല്‍ ഒരിക്കല്‍ അതു കടല്‍വെള്ളത്തില്‍ വീണ് അലിഞ്ഞുചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അതുപാരാവാരത്തോടൊപ്പം പരന്നുകിടക്കുന്നു. അതുപോലെ എല്ലാ ആഗ്രഹവും അഭിലാഷവും ഉപേക്ഷിച്ച അവന്റെ മനസ്സ് ആത്മചൈതന്യത്തില്‍ വിലയം പ്രാപിക്കുമ്പോള്‍ അവന്‍ പ്രത്യക്ഷത്തില്‍ മനുഷ്യരൂപത്തിലാണെങ്കിലും അവന്റെ ചേതന അനന്തമായ ബ്രഹ്മത്തില്‍ ലയിച്ച് കാലദേശാവസ്ഥകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ച് മൂന്നുലോകങ്ങളിലേക്കും വ്യാപിക്കുന്നു. അപ്പോള്‍ ഞാനാണ് ഇതിന്റെ കര്‍ത്താവ്, എനിക്ക് ഈ ജോലി ചെയ്യേണ്ടതായിട്ടുണ്ട് എന്നും മറ്റുമുള്ള ചിന്തകള്‍ അവസാനിക്കുന്നു. അവന്‍ കര്‍മ്മനിരതനാണെങ്കിലും ഒന്നിന്‍റേയും കര്‍ത്താവല്ല. അവന്‍ കര്‍മ്മബന്ധത്തില്‍നിന്നും മുക്തനാണ്. സ്വന്തം നിലനില്‍പിനെ പറ്റിപോലും ബോധവാനല്ലാത്ത അവന്‍ എങ്ങനെയാണ് താനൊരു കര്‍ത്താവണെന്നു കരുതുന്നത്?