ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ (35)

“ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മ‍ാം വിദ്ധ്യകര്‍ത്താരമവ്യയം”

ഈ ശ്ലോകം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രാദി ജാതികളെക്കുറിച്ചാണ് ഈ ശ്ലോകമെന്ന് വ്യാഖ്യാനിച്ചാലും ആരാണ് ബ്രാഹ്മണന്‍ എന്ന ചോദ്യമുയരും. വസൂചികോപനിഷത്ത് ഈ ചോദ്യത്തെ ആധാരമാക്കിയുള്ളതാണ്. ജീവനോ, ദേഹമോ, ജാതിയോ, ജ്ഞാനമോ, കര്‍മ്മമോ, ധാര്‍മികതയോ ഒരുവനെ ബ്രാഹ്മണനാക്കുന്നില്ലെന്ന് ഉപനിഷത് വിശദീകരിക്കുന്നു. എല്ലാ ശരീരങ്ങളിലും ഒരേ ജീവനാണ്. അതിനാല്‍ ജീവനല്ല. എല്ലാ ശരീരവും ഒരുപോലെ പഞ്ചഭൂതനിര്‍മിതമാണ്. അപ്പോള്‍ ശരീരമല്ല.

ഭിന്നജാതി പ്രാണികളില്‍ നിന്നുപോലും മഹര്‍ഷിമാരുണ്ടായിരിക്കുന്നു. മാനില്‍ നിന്നാണ് ഋഷ്യശൃംഗന്‍ ജനിച്ചത്. പുല്ലില്‍ നിന്ന് കൗശികനും കുറുക്കനില്‍ നിന്ന് ജ‍ാംബൂകനും കലശത്തില്‍ നിന്ന് അഗസ്ത്യനും ജനിച്ചു. ഈ കഥകള്‍ ജന്മമോ ജാതിയോ ഒരുവന്റെ ബ്രാഹ്മണ്യത്തെ കുറിക്കുന്നില്ലെന്ന് സൂചിപ്പിക്കാനുള്ളതാണ്.

എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരും അറിവ് നേടുന്നുണ്ട്. അതിനാല്‍ അറിവല്ല ബ്രാഹ്മണ്യത്തിന് ആധാരം. എല്ലാ പ്രാണികളും കര്‍മ്മം ചെയ്യുന്നു. എല്ലാവരിലും ധാര്‍മികതയുണ്ട്. അതിനാല്‍ ഇതൊന്നും ബ്രാഹ്മണ്യത്തിന് ആധാരമല്ല. ജാതി ഗുണക്രിയാരഹിതമായ ദാഹം, വിശപ്പ്, ജര, മരണം, ശോകം, മോഹം, ജനനം, വളര്‍ച്ച, പരിണാമം, ക്ഷയം, നാശം ഇതൊക്കെ നീങ്ങിയ സത്യജ്ഞാനാനന്ദ സ്വരൂപത്തോടുകൂടിയ എല്ലാറ്റിനും ആധാരമായ ആകാശംപോലെ ഉള്ളിലും പുറത്തും കാണപ്പെടുന്ന അപ്രമേയമായ ആത്മാവിനെ കരതലാമലകം (ഉള്ളം കൈയിലെ നെല്ലിക്ക) പോലെ ആരാണോ സാക്ഷാത്കരിച്ച് കൃതാര്‍ഥനായത് അവനാണ് ബ്രാഹ്മണന്‍.

ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലും ഈ വിഭജനം ആവ‍ാം. ബുദ്ധിജീവികള്‍, സംരക്ഷകര്‍, വ്യവസായികള്‍, തൊഴിലാളികള്‍ എന്നിങ്ങനെ. അങ്ങനെ വരുമ്പോള്‍ എല്ലാ തൊഴിലും ശ്രേഷ്ഠമെന്നും കാണണം. ശരീരത്തിലും നാലു വിഭാഗങ്ങളുണ്ട്. ബുദ്ധി ഇരിക്കുന്ന ശിരസ്സ് ബ്രാഹ്മണനും ക്ഷതങ്ങളില്‍ നിന്നും രക്ഷിക്കുന്ന (ക്ഷതങ്ങളില്‍ നിന്നു ത്രാണനം ചെയ്യുന്നവന്‍ ക്ഷത്രിയന്‍) കൈകള്‍ ക്ഷത്രിയനും നമ്മെ താങ്ങി നിര്‍ത്തുന്ന തുടകകള്‍ വൈശ്യരും കൊണ്ടുനടക്കുന്ന കാലുകള്‍ ശൂദ്രരുമാണ്. ഒരുപാട് പ്രയത്നം ചെയ്ത കാലുകളെ കൈകള്‍ തടവുന്നതും ന‍ാം ഭഗവാന്റെ പാദാരവിന്ദങ്ങളിലാണ് പ്രണമിക്കുന്നതെന്നതും ഇവിടെ ഓര്‍ക്കണം.

സത്യത്തെ ഇന്ദ്രിയങ്ങളിലൂടെ നാലുവിധത്തില്‍ അറിയ‍ാം. ഗന്ധം, തേജസ്, വായു, ജലം എന്നിങ്ങനെ. മൂക്ക്, കണ്ണ്, ചെവി, ത്വക് എന്നിവയിലൂടെ. നിരവധി ദ്വാരങ്ങളുള്ള കുടത്തിനകത്ത് ചെരാത് തെളിച്ചുവെച്ചാല്‍ ആ ദ്വാരങ്ങളുടെ രൂപത്തിലാണ് പലരും വെളിച്ചം കാണുന്നത്. ആ രൂപത്തിന് ആധാരം ചെരാതിലെ വെളിച്ചമാണ്. എന്നാല്‍, അതിന് ആ രൂപമല്ല. ‘ഗുണത്തിന്റെയും കര്‍മ്മത്തിന്റെയും വൈവിധ്യത്താല്‍ ഞാന്‍ നാലുവിധത്തില്‍ കാണപ്പെടുന്നു. അതിന്റെ കര്‍ത്താവും അകര്‍ത്താവും ഞാന്‍ തന്നെ’ ഇതാണ് ശ്ലോകത്തിന്റെ യഥാര്‍ഥ താല്പര്യം. ഇന്ദ്രിയങ്ങളിലൂടെ അറിയുന്നത് ഞാന്‍ സൃഷ്ടിച്ചതാണ്. എന്നാല്‍, അവ ഞാനല്ല എന്ന് ഭഗവാന്‍(ബോധം) വിശദീകരിക്കുന്നു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close