ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 15

നാദത്തേ കസ്യചിത് പാപം
ന ചൈവ സുകൃതം വിഭുഃ
അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ

പരിപൂര്‍ണ്ണനായ ഈശ്വരന്‍ ആരുടേയും പാപം ഏറ്റെടുക്കുന്നില്ല. അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു. അക്കാരണത്താല്‍ ജീവികള്‍ മോഹിക്കുന്നു.

പാപപുണ്യങ്ങള്‍ സര്‍വ്വശക്തനായ ഈശ്വരനോടു ബന്ധപ്പെട്ടതാണെങ്കിലും ഈശ്വരന് അതെപ്പറ്റി യാതൊരു ശ്രദ്ധയുമില്ല. യഥാര്‍ത്ഥത്തില്‍ ദൈവം അതിന്റെ നിഷ്പക്ഷനായ ഒരു സാക്ഷിപോലുമല്ല; എങ്കില്‍പിന്നെ മറ്റു പ്രവര്‍ത്തനങ്ങളെപ്പറ്റി പറയേണ്ടതില്ലല്ലോ. ഈശ്വരന്‍ സ്വയം അവതരിക്കുകയും ശരീരംകൊണ്ടു ലീലയാടുകയും ചെയ്യുന്നു. എന്നാല്‍ അത് ഈശ്വരന്റെ നിരാകാരത്വത്തിനോ നിര്‍ഗുണത്വത്തിനോ ഒരു മാറ്റവും വരുത്തുന്നില്ല. അല്ലയോ അര്‍ജ്ജുന, പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും അവസാനം നശിപ്പിക്കുന്നതും ഈശ്വരനാണെന്നു പറയുന്നത് തികച്ചും അജ്ഞതകൊണ്ടുള്ള വീണ്‍വാക്കുകളാണ്.