കര്‍മ്മങ്ങളെല്ലാം ബ്രഹ്മപൂജാ ഭാവത്തില്‍ ചെയ്യണം (37)

എല്ലാ കര്‍മ്മങ്ങളും ബ്രഹ്മപൂജയാണ്, യജ്ഞമാണ് . യജ്ഞം എന്റേതല്ലാതാക്കലാണ്. ഞാന്‍ സമര്‍പ്പിക്കുന്നു എന്നത് തെറ്റാണ്. സമര്‍പ്പണത്തില്‍ ഞാന്‍ ഇല്ല. അര്‍പ്പണം ബ്രഹ്മമാണ്, ഹോമിക്കുന്ന ഹവിസ്സ് ബ്രഹ്മമാണ്, അഗ്നി ബ്രഹ്മമാണ്. ഹോമംചെയ്യുന്ന ഹോതാവ് ബ്രഹ്മമാണ്. ബ്രഹ്മമാകുന്ന സമാധിയില്‍ മനസ്സിനെ ഉറപ്പിച്ച് പ്രാപിക്കുന്നതും ബ്രഹ്മമാണ്. സാധകനും സാധ്യവും ലക്ഷ്യവും മാര്‍ഗവും എല്ല‍ാം ബ്രഹ്മം തന്നെ. നാമെന്തൊക്കെ ചെയ്യുന്നോ അതെല്ല‍ാം ബ്രഹ്മമാണ്.

ഭഗവാന്‍ ഉള്ളിലാണ്. ന‍ാം ഇപ്പോള്‍ വിലാസം മാറിയാണ് ഭഗവാനെ അന്വേഷിക്കുന്നത്. ബാഹ്യമായ ഹോമത്തിനപ്പുറം ഉള്ളിലെ ഈ ഹോമത്തെ അറിയണം. സംയമനാഗ്നി ജ്വലിപ്പിച്ച് വിഷയങ്ങളെ സമര്‍പ്പിക്കണം.

പലരും പലതരത്തില്‍ യജ്ഞമനുഷ്ഠിക്കുന്നു. ചിലര്‍ ദൈവം യജ്ഞമായി അതിനെ ഉപാസിക്കുന്നു. ഹൃദയത്തില്‍ ദൈവസമ്പത്തിനെ നിറയ്ക്കുന്നു. അസുരസമ്പത്തിനെ നീക്കുന്നു. ചിലര്‍ യജ്ഞത്തെ തന്നെ യജ്ഞമാക്കുന്നു. മറ്റു ചിലര്‍ ഇന്ദ്രിയങ്ങളെ സംയമനം ചെയ്യുന്നു. ചിലര്‍ മനസ്സിനെ സംയമനം ചെയ്യുന്നു. ചിലര്‍ ചിന്തയടക്കമുള്ള എല്ലാ ഇന്ദ്രിയ വ്യാപാരങ്ങളും ശരീരത്തിനകത്തെ കര്‍മ്മങ്ങളായ പ്രാണവ്യാപാരങ്ങളും ആത്മസംയമന യോഗാഗ്നിയില്‍ ഹോമിക്കുന്നു. ചിലര്‍ ദാനധര്‍മാദികളാകുന്ന ദ്രവ്യയജ്ഞം ചെയ്യുന്നു. ചിലര്‍ തപസ്സു ചെയ്യുന്നു, ചിലര്‍ അറിവ് പകരുന്നു. ചിലര്‍ യോഗത്തെ യജ്ഞമാക്കുന്നു. പ്രാണായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും ചിലര്‍ യജ്ഞം ചെയ്യുന്നു. ലോകോപകാരപ്രദമായി കര്‍മ്മം ചെയ്യുന്നവരെല്ല‍ാം യജ്ഞമാണ് ചെയ്യുന്നത്. അഥവാ ഇവര്‍ ചെയ്യുന്നതെല്ല‍ാം ലോകനന്മയ്ക്കുതകും.

യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവര്‍ (ന‍ാം അനുഭവിക്കുന്നതൊക്കെ യജ്ഞശിഷ്ടമാണ്) പരമപദത്തെ പ്രാപിക്കുന്നു. യജ്ഞം ചെയ്യാത്തവന് ഈ ലോകം തന്നെയില്ല. പിന്നയല്ലേ മോക്ഷം? ഇപ്രകാരമുള്ള അനേകം യജ്ഞങ്ങള്‍ വേദമുഖത്തില്‍ തന്നെ വിവരിച്ചിരിക്കുന്നതാണ്. എല്ല‍ാം കര്‍മ്മത്തില്‍ നിന്ന് ജനിച്ചതാണ്. ഇതറിയുന്നവര്‍ മോചിതരാകും. അതിനാല്‍ കര്‍മ്മങ്ങളെല്ല‍ാം ബ്രഹ്മപൂജാ ഭാവത്തില്‍ ചെയ്യണം. പക്ഷിയുടെ രണ്ടു ചിറകുകളാണ് കര്‍മ്മവും ജ്ഞാനവും. ഒന്നൊടിഞ്ഞാല്‍ ലക്ഷ്യത്തിലെത്താനാകില്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close