ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 1

ശ്രീ ഭഗവാനുവാച:

അനാശ്രിത കര്‍മ്മഫലം
കാര്യം കര്‍മ്മ കരോതിയഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിര്‍ന ചാക്രിയഃ

കര്‍മ്മഫലത്തെ ആശ്രയിക്കാതെ വിഹിതകര്‍മ്മത്തെ ആരു ചെയ്യുന്നുവോ അവന്‍ കര്‍മ്മം തൃജിച്ച സന്യാസിയും സത്യം കണ്ട യോഗിയുമാണ്. അഗ്നിയെ ഉപേക്ഷിച്ചു (അതായത് അഗ്നിഹോത്രാദികള്‍ അനുഷ്ഠിക്കാതിരുന്നു) എന്നുവെച്ച് ഒരാള്‍ സന്യാസിയാകയില്ല. കര്‍മ്മത്തെ ഉപേക്ഷിച്ചു എന്നുവെച്ച് യോഗിയുമാകയില്ല.

ശ്രീ ഭഗവാന്‍ പറഞ്ഞു:

ഒരു കര്‍മ്മയോഗിയും സന്ന്യാസിയും. പുറമേ രണ്ടായിതോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഒന്നാണ്. സന്ന്യാസവും യോഗവും വ്യത്യസ്തമല്ലെന്നറിയുക. അതിനെപ്പറ്റി വിചിന്തനം ചെയ്യുമ്പോള്‍ അത് ഏകവും തുല്യവും ആണന്നു നിനക്കു മനസ്സിലാകും. നാമത്തില്‍ കാണുന്ന വ്യത്യാസം അവഗണിച്ചാല്‍ കര്‍മ്മയോഗം സന്യാസമാണെന്നും ബ്രഹ്മജ്ഞാനത്തിന്റെ കാഴ്ചപ്പാടില്‍കൂടി നോക്കുമ്പോള്‍ രണ്ടും ഒന്നാണെന്നും കാണാന്‍ കഴിയും. ഒരേ ആളിനെ രണ്ടുപേരുകള്‍ ചൊല്ലി വിളിച്ചെന്നു വരാം. രണ്ടു വ്യത്യസ്ത വീഥികള്‍ വഴിയായി ഒരേ സ്ഥലത്തെത്താം. ഒരേ തരത്തിലുള്ള ജലംകൊണ്ടു പല പാനകള്‍ നിറയ്ക്കാം. അതുപോലെ യോഗവും സന്ന്യാസവും തമ്മിലുള്ള വ്യത്യാസം നാമത്തില്‍ മാത്രമാണ്; യഥാര്‍ത്ഥത്തിലുള്ളതല്ല. കര്‍മ്മ ഫലത്തെ ആശ്രയിക്കാതെ കര്‍മ്മങ്ങള്‍ ചെയ്യുന്നുവന്‍ മാത്രമാണ് യോഗിയെന്ന് എല്ലാവരും സമ്മതിക്കും. ഭൂമി വൃക്ഷലതാദികളെ വളര്‍ത്തുന്നത് സ്വന്തമായി യാതൊരു താത്പര്യവും, ഫലത്തില്‍ എന്തെങ്കിലും ഇച്ഛയും ഇല്ലാതല്ലേ? അതുപോലെ, തന്റെ ജ്ഞാനബലംകൊണ്ടും വര്‍ണ്ണാശ്രമപ്രകാരവും അല്പംപോലും അഹന്തയില്ലാതെയും ഫലേച്ഛകൂടാതെയും, കര്‍ത്തവ്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരുവന്‍ സന്യാസിയാണ്. അതേ സമയം അദ്ദേഹം ഒരു മഹായോഗിയുമാണ്. കാലാകാലങ്ങളില്‍ ചെയ്യേണ്ടതായ സാധാരണവും യാദൃശ്ചികവുമായ കര്‍മ്മങ്ങള്‍ ബന്ധത്തിലേയ്ക്കു നയിക്കുമെന്നു കരുതി ഉപേക്ഷിച്ചിട്ട്, മറ്റു കര്‍മ്മങ്ങളില്‍ വ്യാപൃതനാകാമെന്നു വിചാരിക്കുന്നവന്‍, തന്റെ തന്റെ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കുന്ന ചെളി ചെളികൊണ്ടുതന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്ന മര്‍ക്കടമുഷ്ടിക്കാരനാണ്, എല്ലാവരും പ്രാപഞ്ചികമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യസ്തരാണ്. അതുവേണ്ടതുപോലെ നിര്‍വ്വഹിക്കാതെ പരിത്യാഗത്തിന്റെ പുതിയ ബാധ്യതകൂടി ഏറ്റെടുക്കുന്നത് എന്തിനാണ്? അതുകൊണ്ട് യജ്ഞകര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതെയും വിഹിതകര്‍മ്മങ്ങളെ മനഃപൂര്‍വ്വമായി ത്യജിക്കാതെയും സമചിത്തതയോടെ അനുഷ്ഠിക്കുന്ന കര്‍മ്മം ആനന്ദത്തിലേക്ക് വഴിതെളിക്കുന്നു.